
കൊച്ചി: ചെറായി മേഖലയിൽ വിദ്യാർഥി സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ സംഭവത്തിൽ പൊലീസ് കേസെടുത്തു. കൊച്ചിയിൽ സർവീസ് നടത്തുന്ന സുൽത്താൻ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് മുനമ്പം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബസ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
പറവൂർ ബോയ്‌സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സാവന്താണ് ബസിൽ നിന്ന് വീണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബസ് പൂർണമായി നിർത്തുന്നതിന് മുമ്പ് തന്നെ പിൻവാതിൽ തുറന്നുവെന്നും, കുട്ടി വീണതിന് ശേഷം ബസ് ജീവനക്കാർ സഹായിക്കാൻ തയ്യാറായില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






