
ബംഗലൂരു: ബാര്‍ബര്‍ രമേശ് ബാബു നിസാരക്കാരനല്ല. ആഡംബര വാഹനങ്ങള്‍ സ്വന്താക്കി വാടകയ്ക്ക് നല്കുന്ന രമേശ് ബാബുവിന്റെ കലക്ഷനിലേക്ക് ഒരു കാര്‍ കൂടി എത്തി. മെഴ്സിഡസ്-മേബാക്ക്. കഴിഞ്ഞ മാസമാണ് 3.2 കോടി രൂപ വിലമതിക്കുന്ന മേബാക്ക് ബാബു സ്വന്തമാക്കിയത്. ബംഗലൂരു നഗരത്തില്‍ മേബാക്ക് ഇറക്കുമതി ചെയ്തിരിക്കുന്ന മൂന്നാമത്തെയാളാണ് രമേശ് ബാബു. നിലവില്‍ മദ്യരാജാവ് വിജയ് മല്യയ്ക്കും ഒരു ബില്‍ഡര്‍ക്കും മാത്രമാണ് മേബാക്ക് സ്വന്തമായുള്ളൂ.
വെറും 75 രൂപയ്ക്ക് തലമുടി വെട്ടുന്ന 45 കാരന് രമേശ് ബാബുവിന്റെ കൈവശം ഇപ്പോഴുള്ള ആഡംബര വാഹനങ്ങളുടെ പട്ടികയില്‍ ഒരു റോള്‍സ് റോയ്സ്, 11 മെഴ്സിഡസ്, 10 ബിഎംഡബ്ല്യൂ, മൂന്ന് ഓഡി, രണ്ട് ജാഗ്വറുകള്‍ എന്നിവയുമുണ്ട്. 150 ആഡംബര വാഹനങ്ങളാണ് രമേശിന്റെ കൈവശമുള്ളത്.
ദിവസവും അഞ്ചു മണിക്കൂര്‍ മാത്രമാണ് രമേശ് ബാബു തന്റെ സലൂണില്‍ ചെലവഴിക്കുക, സ്ഥിരം ഉപഭോക്താക്കള്‍ക്ക് താന്‍ തന്നെ മുടിവെട്ടി നല്‍കണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്. എന്നാല്‍ സലൂണില്‍ നിന്നുള്ള വരുമാനം കൊണ്ട് ആഡംബര വാഹനങ്ങള്‍ വാങ്ങാന്‍ കഴിയുമോ എന്ന് സംശയം തോന്നാം. രമേശ് ടൂര്‍സ് ആന്റ് ട്രാവല്‍സ് എന്ന പേരില്‍ ഒരു സ്ഥാപനവും അദ്ദേഹം നടത്തുന്നുണ്ട്. ആഡംബര വാഹനങ്ങള്‍ വന്‍കിടക്കാര്‍ക്ക് വലിയ നിരക്ക് ഈടാക്കി വാടകയ്ക്ക് നല്‍കിയാണ് ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നത്. വന്‍തുക ബാങ്ക് വായ്പ എടുത്താണ് പുതിയ മേബാക്ക് വാങ്ങിയതെന്നും രമേശ് ബാബു പറയുന്നു.
തൂവെള്ള മേബാക്ക് ആണ് രമേശ് ബാബു സ്വന്തമാക്കിയത്. മല്യയ്ക്ക് സ്വര്‍ണ നിറത്തിലുള്ള മേബാക്ക് ആയിരുന്നു. അദ്ദേഹം ലണ്ടനിലേക്ക് കടന്നതോടെ കാറുകള്‍ പിന്നീട് പുറത്തുകണ്ടിട്ടില്ല. അവ വിറ്റുപോയെന്നും അതല്ല യു.ബി സിറ്റിയില്‍ രഹസ്യമായി പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നുമാണ് പറഞ്ഞുകേള്‍ക്കുന്നതെന്നും രമേശ് ബാബു പറഞ്ഞു.
കഠിനാധ്വാനം നടത്തിയാണ് താന്‍ ഇവിടെയെത്തിയത്. ദൈവം എന്റെ കൂടെയായിരുന്നു. പുതുതായി ഇറങ്ങുന്ന ആഡംബര വാഹനങ്ങള്‍ വാങ്ങണമെന്നാണ് ആഗ്രഹം. റോള്‍സ് റോയ്സിനു ശേഷമാണ് മേബാക്ക് സ്വന്തമാക്കുന്നത്. ഇതിലെ ഡ്രൈവിംഗ് ശരിക്കും ത്രില്ലിംഗ് ആണെന്നും രമേശ് ബാബു പറഞ്ഞു. പിന്നിട്ടുവന്ന കഷ്ടപ്പാടുകള്‍ ഞാന്‍ മറന്നിട്ടില്ല. പിതാവിന്റെ മരണത്തിനു ശേഷം വളരെ ദാരിദ്ര്യമനുഭവിച്ചാണ് താനും അമ്മയും കഴിഞ്ഞത്. പുതിയ കാറുകള്‍ വാങ്ങുന്നത് തുടരുമെന്നും രമേശ് ബാബു പറഞ്ഞു.
1979ല്ലാണ് രമേശിന്റെ പിതാവ് മരിച്ചത്്. ഒന്‍പത് വയസ്സായിരുന്നു അന്ന് രമേശിന്. പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ചശേഷം കുടുംബ തൊഴിലായ സലൂണിലെ ജോലി ഏറ്റെടുത്തു. 1994ല്‍ ഒരു മാരുതി ഓമ്നി കാര്‍ വാങ്ങി വാടകയ്ക്ക് ഓടിച്ചുതുടങ്ങിയതോടെയാണ് രമേശിന്റെ ശുക്രന് തെളിഞ്ഞത്. 2011ല്‍ റോള്‍സ് റോയ്സ് വാങ്ങിയതോടെ രാജ്യാന്തര തലത്തിലും രമേശ് വാര്‍ത്താ താരമായിരുന്നു.






