
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ സ്വാഗതം ചെയ്തു."ഇന്ന് വിദ്യാർത്ഥികൾക്ക് നീതി ലഭിച്ചിരിക്കുന്നു," ദിപ്കെ പറഞ്ഞു. “ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചിരിക്കുന്നു. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സർക്കാരിനു മുന്നിൽ തലകുനിക്കുന്നില്ലെങ്കിൽ, ആരുടെയും രാജി വാങ്ങാൻ കഴിയുമെന്നതിന്റെ തെളിവാണിത്. ജനാധിപത്യത്തിൽ ഭയപ്പെടരുത്." എന്നും ദിപ്കെ പറഞ്ഞു
ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെ, "വിദ്യാർത്ഥി ശക്തി ജയിക്കട്ടെ"എന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എക്സിൽ കുറിച്ചു. മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും ഉത്തരവാദിത്തം ആവശ്യപ്പെട്ട് ജൂൺ മുതൽ ഡൽഹി ജന്തർമന്ദറിൽ സി.ജെ.പി അംഗങ്ങൾ സത്യാഗ്രഹ സമരം നടത്തിവരികയായിരുന്നു.
സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാം വട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പാണ് മുതിർന്ന ബിജെപി നേതാവ് കൂടിയായ ധർമ്മേന്ദ്ര പ്രധാൻ തന്റെ രാജി പ്രഖ്യാപിച്ചത്. മെയ് 3-ന് നടത്താൻ നിശ്ചയിക്കുകയും പിന്നീട് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജൂൺ 21-ലേക്ക് മാറ്റിവെക്കുകയും ചെയ്ത നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് സംസാരിക്കവെ, "ആദ്യ ദിവസം മുതൽ ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഏതെങ്കിലും മിടുക്കരായ വിദ്യാർത്ഥികളുടെ കഴിവ് 'പരീക്ഷ മാഫിയ' തകർക്കാനോ അവരോട് നീതികേട് കാട്ടാനോ ഞാൻ അനുവദിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്തിരുന്നു," എന്ന് അദ്ദേഹം പറഞ്ഞു.







Comments