
തിരുവനന്തപുരം: ഖജനാവിലെ നഷ്ടം നികത്താനും പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും പരിഷ്ക്കാരങ്ങള് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്. പൊതുമരാമത്ത് വകുപ്പിന് കീഴില് അഞ്ച് സുപ്രധാന പരിഷ്കാരങ്ങളാണ് സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ചത്. പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തില് സര്ക്കാര് ഇക്കാര്യം നടപ്പിലാക്കുമെന്ന് വി.ഡി. സതീശന് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
സര്ക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവന് വസ്തുവകകളെക്കുറിച്ചുള്ള വിവരങ്ങള് സര്ക്കാര് പോര്ട്ടലില് ലഭ്യമാക്കുന്ന സ്പെഷ്യല് അസറ്റ് മാനേജ്മെന്റ് പ്ലാറ്റ്ഫോമാണ് ആദ്യത്തേത്. ഇതില് ഭൂമി, കെട്ടിടങ്ങള്, പൈതൃക നിര്മ്മിതികള്, റോഡുകള്, അണക്കെട്ടുകള്, പാലങ്ങള്, വാഹനങ്ങള്, യന്ത്രസാമഗ്രികള് എന്നിവയുള്പ്പെടെയുള്ളവയുടെ വിവരങ്ങള് ഉള്പ്പെടുത്തും.
പ്രൊജക്ട് രജിസ്റ്ററായ പ്ലാന് സ്പേസ് 2.0 യാണ് രണ്ടാമത്തേത്. വിവിധ വകുപ്പുകള് അനുമതി നല്കുന്ന എല്ലാ മൂലധന പദ്ധതികള്ക്കും ജിയോ മാപ്പിംഗ് ഏര്പ്പെടുത്തും. ഇതിനായി ജി.ഐ.എസ്. അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റര് മൊഡ്യൂള് ഉള്പ്പെടുത്തി നിലവിലുള്ള 'പ്ലാന് സ്പേസ് 2' വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്ന സ്ഥലം, ഏജന്സികള്, അനുമതി നല്കുന്ന അധികാരികള്, ഫണ്ടിന്റെ സ്രോതസ്സ്, നിര്മ്മാണ ഘട്ടങ്ങള് എന്നിവയെല്ലാം പ്രൊജക്ട് രജിസ്റ്ററില് ഉണ്ടാകും.
ഗവണ്മെന്റ് സ്ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്ട്രിയാണ് മറ്റൊന്ന്. ഇതില് സര്ക്കാരിന് കീഴില് 591 സ്ഥാപനങ്ങളുണ്ട്. പല കാലങ്ങളിലായി രൂപീകരിച്ച സ്ഥാപനങ്ങളില് പലതും ലക്ഷ്യം കൈവരിച്ചശേഷവും പ്രവര്ത്തനം തുടരുകയാണ്. 19,000 കോടിയോളം രൂപയാണ് ഇവിടെ ശമ്പളയിനത്തില് ചെലവാകുന്നത്. ഇവയുടെ പ്രവര്ത്തനം സമഗ്രമായി വിലയിരുത്തുകയും ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ സംയോജിപ്പിക്കുകയും ചെയ്യും.
കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ചെയ്യും. കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധവുമായ നിയമങ്ങള് സമഗ്രമായി അവലോകനംചെയ്ത് ഭേദഗതി വരുത്തും. സംരംഭകര്ക്ക് കേരള സര്ക്കാരുമായുള്ള ഇടപാടുകള് ലളിതമാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും ആധുനികവല്കരിക്കുന്ന സംസ്ഥാനതല പ്രോസസ്സ് റീ-എന്ജിനീയറിങ് പരിപാടിയായ ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനമാണ് അടുത്തത്. ഡിജിറ്റല് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവന നടപടികള് കൂടുതല് ലളിതമാക്കും.
ഇതിന് പുറമേ കേന്ദ്ര ലേബര് കോഡ് സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ട്രേഡ് യൂണിയനുകളുമായും സംസാരിക്കുമെന്നും അതിനുശേഷം മാത്രമേ തുടര്തീരുമാനങ്ങളിലേക്ക് കടക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു.
ബ്രഹ്മോസ് എയറോസ്പേസ് പ്രോജക്ടിന് നല്കാന് ബാക്കിയുള്ള 90 ഏക്കര് ഭൂമി നല്കും. പൊതുമേഖലാ സ്ഥാപനമായ കെല്ട്രോണിന്റെ അംഗീകൃത ഓഹരി മൂലധനം നിലവിലുള്ള 35 കോടി രൂപയില്നിന്ന് 60 കോടി രൂപയായി ഉയര്ത്തും.
വിജിലന്സ് അഡീഷണല് ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷനായി ജി. ശശീന്ദ്രനെയും കേരള സ്റ്റേറ്റ് കൗണ്സില് ഫോര് സയന്സ്, ടെക്നോളജി ആന്ഡ് എന്വയോണ്മെന്റിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഡോ. കെ.കെ. രാമചന്ദ്രനെയും നിയമിച്ചതായും അറിയിച്ചു.







Comments