
ബോളിവുഡിലെ പ്രിയപ്പെട്ട ഓൺ-സ്ക്രീൻ ജോഡികളാണ് ഇഷാൻ ഖട്ടറും ജാൻവി കപൂറും. ഇപ്പോഴിതാ ജാൻവിക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇഷാൻ. "ചില ഒത്തുചേരലുകൾ സമയം ഒട്ടും കടന്നുപോകാത്തതുപോലെ തോന്നിപ്പിക്കുന്നു" എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഐവറി ഷെർവാണിയും മാച്ചിങ് തലപ്പാവും ധരിച്ചാണ് ഇഷാൻ ചിത്രത്തിലുള്ളത്. കനത്ത എംബ്രോയ്ഡറി ചെയ്ത മെറൂൺ ലെഹങ്കയും ആഭരണങ്ങളും ധരിച്ച് അതീവസുന്ദരിയായാണ് ജാൻവി പ്രത്യക്ഷപ്പെടുന്നത്. ഒരു പടിയിലിരുന്ന് പരസ്പരം കൈകളിൽ പിടിച്ച് പോസ് ചെയ്യുന്ന ഇവരുടെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ഇതൊരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.
ഷാഷങ്ക് ഖൈത്തന്‍ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമായ 'ധടക്' ആണ് ഇഷാനും ജാൻവിയും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രം. നായികയായുള്ള ജാൻവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. മറാത്തിയിലെ സൂപ്പർഹിറ്റ് ചിത്രം 'സൈറാത്തി'ന്റെ റീമേക്കാണ് ധടക്.
ചിത്രത്തിന് ശേഷം വ്യക്തിജീവിതത്തിലും അടുത്ത സുഹൃത്തുക്കളായി തുടരുന്ന ഇരുവരും, നീരജ് ഘൈവാൻ സംവിധാനം ചെയ്ത 'ഹോംബൗണ്ട്' എന്ന ചിത്രത്തിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ ഈ ഒത്തുചേരല്‍ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രശസ്ത ഇറാനിയൻ ചലച്ചിത്ര നിർമ്മാതാവ് മജീദ് മജീദിയുടെ സംവിധാനത്തിൽ 2017-ൽ പുറത്തിറങ്ങിയ 'ബിയോണ്ട് ദി ക്ലൗഡ്സ്' എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2005-ൽ പുറത്തിറങ്ങിയ 'വാഹ്! ലൈഫ് ഹോ തോ ഐസി' എന്ന ചിത്രത്തിൽ ബാലതാരമായി താരം അഭിനയിച്ചിട്ടുണ്ട്.







Comments