
കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റ കര്‍ഷകരില്‍ റബര്‍ കര്‍ഷകര്‍ക്ക് 'ലാഭ പ്രളയം'. കുരുമുളകിനു വീണ്ടും വില തകര്‍ച്ച. വെളിച്ചെണ്ണ വിലയില്‍ കയറ്റം. സ്വര്‍ണ വില കുറഞ്ഞു. തേയില വില കൂടി. ആഭ്യന്തര വിപണിയില്‍ റബര്‍ വിലപോയ വാരവും ഉയരങ്ങളിലായിരുന്നു. ടയര്‍ കമ്പനികളുടെ ആവശ്യവും ഉല്‍പ്പാദന കുറവും കണക്കിലെടുത്ത് വരുംദിവസങ്ങളില്‍ കിലോ 300 രൂപയിലെത്തുമെന്ന് കൊല്ലത്തും കൊച്ചിയിലുമുള്ള വ്യാപാരികള്‍ പറയുന്നു. റബര്‍ കിലോ 282 രൂപയില്‍ വിറ്റ് നിര്‍ത്തിയത് പോയവാരം 288 രൂപ വരെ ഉയര്‍ന്ന നിരക്കില്‍ ടയര്‍ കമ്പനികള്‍ വാങ്ങി. വിലയിലെ കയറ്റം അനുദിനം കൂടാന്‍ തുടങ്ങിയതോടെ വിലകൂടുമെന്ന് കണ്ട് റബര്‍ വില്‍ക്കാതെ പിടിച്ചുവച്ചവര്‍ വില്‍പ്പനക്കാരായതോടെ റബര്‍ ആര്‍. എന്ന് എസ്-4 കിലോ 285 രൂപയായി കുറഞ്ഞാണ് വ്യാപാരം നിര്‍ത്തിയത്. ഒരുമാസത്തിനിടയില്‍ കിലോ 14 രൂപയുടെ വര്‍ധനയുണ്ടായി. ആര്‍.എസ്.എസ്-5ന് കിലോ 284 രൂപ വരെ കയറി. ചെറുകിട ടയര്‍ കമ്പനികളില്‍ നിന്നും റബറിന് ആവശ്യക്കാര്‍ കൂടിവരുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
രാജ്യാന്തര വില ബാങ്കോക്കില്‍ ഇടിഞ്ഞത് വന്‍കിട കമ്പനികളുടെ അത്യാവശ്യത്തിനു മുന്നില്‍ ആഭ്യന്തര വില ആഗോള തലത്തില്‍ ഉയരങ്ങള്‍ കീഴടക്കിയത്. ആഭ്യന്തര വില ഉയര്‍ന്നിരിക്കെ ഇറക്കുമതി വരുമെന്ന ടയര്‍ കമ്പനികളുടെ പ്രചരണത്തില്‍ വ്യാപാരികളും കര്‍ഷകരും മുഖവിലക്കെടുത്തില്ല. ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ന്നിരിക്കെ ഇറക്കുമതി ചെയ്‌താല്‍ വലിയ നേട്ടമൊന്നും കമ്പനികള്‍ക്കുണ്ടാകില്ലന്നാണ് വ്യാപാരികള്‍ പറയുന്നത്. തീരുവയിലെ വര്‍ധനമൂലം വന്‍കിട ടയര്‍ നിര്‍മ്മാതാക്കള്‍ ഇറക്കുമതിയില്‍ നിന്ന് പിന്‍മാറി. ബാങ്കോക്കില്‍ ആര്‍.എസ്.എസ്-4ന് കിലോ 273 രൂപയായി കുറഞ്ഞിരിക്കയാണ്. രാജ്യാന്തര അവധി വ്യാപാരങ്ങളിലും വിലയിടിഞ്ഞു. ചൈന 238, ടോക്കിയോ 241 രൂപ. കഴിഞ്ഞ ദിവസത്തെ തോരാത്ത മഴയും ശക്‌തമായ കാറ്റും റബര്‍ മരങ്ങളെയുംബാധിച്ചെന്ന് കര്‍ഷകര്‍ പറയുന്നു. ടയര്‍ കമ്പനികളില്‍ നിന്ന് ഡിമാന്‍ഡ് തുടര്‍ന്നാല്‍ റബര്‍ വില 300 ലെത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
കുരുമുളക് വിലയില്‍ കാര്‍മേഘം
വിപണിയില്‍ കുരുമുളക് വില്‍പ്പനക്കെത്തിച്ച കര്‍ഷകര്‍ക്ക് വീണ്ടും നഷ്‌ടക്കച്ചവടം. കിലോ ഒരു രൂപ കുറഞ്ഞാണ് വിറ്റത്. കഴിഞ്ഞ രണ്ടുവാരത്തിനിടയില്‍ നഷ്‌ടം 5 രൂപ!. വില്‍പ്പനക്ക് വരവ് കുറവായിരുന്നു.
172 ടണ്‍ കുരുമുളകാണ് വില്‍പ്പനക്കെത്തിയത്. തലേവാരത്തെ അപേക്ഷിച്ച് 106 ടണ്‍ കുറവാണ്. നാട്ടിന്‍ പുറങ്ങളില്‍നിന്നു വരവ് കുറഞ്ഞു. വില്‍പ്പനയ്‌ക്കെത്തിയതെല്ലാം ഇറക്കുമതി മുളക് കുട്ടി കലര്‍ത്തിയതായിരുന്നു. മസാല കമ്പനികള്‍ക്ക് വേണ്ടി അന്തര്‍സംസ്‌ഥാന കച്ചവടക്കാരില്‍ നിന്നു പ്രതീക്ഷിച്ച വാങ്ങലുണ്ടായില്ല.
ഓണ്‍ലൈനില്‍ തുടങ്ങിയ അവധി വ്യാപാരത്തില്‍ ഓഗസ്‌റ്റ് അവധി കിലോ 4 രൂപ കുറച്ചു. ഈ സാഹചര്യത്തില്‍ പോയവാരം ടെര്‍മിനല്‍ വിപണിയില്‍ വ്യാപാരം പൊതുവെ മാന്ദ്യത്തിലായിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതി മുളക് വയനാട്ടിലെ മാനന്തവാടി മുതല്‍ നാഗര്‍കോവില്‍വരെ എത്തി. ഇതെല്ലാം ആഭ്യന്തര വിപണിയില്‍ വിറ്റ് തീര്‍ക്കാനാണ് ശ്രമം തുടരുന്നത്. ശ്രീലങ്കയില്‍ നിന്ന് ടണ്ണിന് 6300 ഡോളറില്‍ ഇവിടത്തെ ഇറക്കുമതിക്കാര്‍ കുരുമുളക് വാങ്ങിയിട്ടുണ്ട്. ഏറെ താമസിയാതെ ഇറക്കുമതി മുളക് വിപണിയില്‍ എത്തിയേക്കും. വയനാട്, ഇടുക്കി, തമിഴ്‌നാട് കര്‍ണാടക മേഖലകളില്‍ നിന്ന് വരുംദിവനങ്ങളില്‍ കുരുമുളക് വരവ് തീരെ കുറവായാലും ശ്രീലങ്കയില്‍ നിന്ന് വലിയ തോതില്‍ ഇറക്കുമതി മുളക് വില്‍പ്പനക്കെത്തുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ഈ മാസം 15 ഓടെ ഇന്തോനീഷ്യയില്‍ വിളവെടുപ്പാണ്. ഈ മുളക് ശ്രീലങ്കന്‍ മുളകെന്ന പേരില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്തോനീഷ്യ മുളകെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി കൊളംബോ തുറമുഖം വഴി ഇന്ത്യയിലെത്തിക്കും. ഇന്തോനീഷ്യയില്‍ നിന്നു നേരിട്ട് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് 70% ഇറക്കുമതി തീരുകൊടുക്കണം ശ്രീലങ്കയില്‍ നിന്നുള്ള ഇറക്കുമതി തീരുവ 8% മതിയെന്ന നിലയ്‌ക്കാണ് ഇന്തോനീഷ്യ ശ്രീലങ്കവഴി ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യന്‍ സുഗന്ധവ്യജ്‌ഞനങ്ങള്‍ക്ക് എന്നും ഭീഷണിയാണ് ശ്രീലങ്ക. ഇന്തോനീഷ്യയില്‍ നിന്ന് കൊട്ടടയ്‌ക്ക വലിയതോതില്‍ ശ്രീലങ്കവഴി ഏറെ നാളുകളായി ഇന്ത്യയില്‍ എത്തി കൊണ്ടിരിക്കയാണ്. നാഗ്‌പുര്‍ കേന്ദ്രീകരിച്ചാണ് കൊട്ടടയ്‌ക്ക വരുന്നത്. ഇത് കൂടുതലായും വാങ്ങുന്നത് ലഹരിക്കുള്ളപാന്‍ പരാഗ് നിര്‍മ്മാതാക്കളാണ്. വ്യാപകമായി കുരുമുളകിന്റെ ഇറക്കുമതി ഏറെയും ബാധിക്കുന്നത് നമ്മുടെ കര്‍ഷകരെയാണ്.
വില ഇടിഞ്ഞുകൊണ്ടിരിക്കുന്ന കുരുമുളകിന് ഏക പ്രതീക്ഷ വരുന്ന ഉത്സവകാലങ്ങളാണ്. ഈ മാസം അവസാനത്തോടെ മസാല കമ്പനികള്‍ക്ക് വേണ്ടി മുന്‍ കൂര്‍കച്ചവടം നടത്തിയ അന്തര്‍ സംസ്‌ഥാന കച്ചവടക്കാരുടെ വാങ്ങലുണ്ടാകുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. വാരാന്ത്യ വില കുരുമുളക് അണ്‍ഗാര്‍ബിള്‍ഡ് കിലോ 695 രൂപ, ഗാര്‍ബിള്‍ഡ് മുളക് 715 രൂപ. പുതിയ മുളക് 685 രൂപ. കയറ്റുമതി നിരക്ക് ഇന്ത്യ ടണ്ണിന് 7600 ഡോളര്‍, ശ്രീലങ്ക 6300, വിയറ്റ്‌നാം 6000, ബ്രസീല്‍ 5800, ഇന്തോനീഷ്യ 6500 ഡോളര്‍.
വെളിച്ചെണ്ണ വില കത്തുന്നു
പ്രാദേശിക ഡിമാന്റോ, വ്യവസായിക ആവശ്യങ്ങള്‍ക്കൊ കാര്യമായ ഡിമാന്റില്ലാതിരിക്കെ ഓണം മുന്നില്‍ കണ്ട് സംസ്‌ഥാനത്ത് വെളിച്ചെണ്ണവില കുതിച്ച് കയറുകയാണ്. പോയവാരം കൊച്ചി, തൃശൂര്‍ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ ലിറ്ററിന് യഥാക്രമം 8 രൂപ വീതവും കോഴികോട് 6 രൂപയും കാങ്കയത്ത് 7 രൂപയും വില കൂടി. തൃശൂരില്‍ കൊപ്ര കിലോ 10 രൂപയും കോഴി കോട് 7 രൂപയും കൊച്ചിയില്‍ 6 രൂപയും കാങ്കയത്ത് 2 രൂപയും വില കൂടി. കഴിഞ്ഞ 3 വാരത്തിനിടയില്‍ കൊച്ചിയില്‍ വെളിച്ചെണ്ണ ലിറ്ററിന് 28 രൂപയാണ് കൂടിയത്.
വില വീണ്ടും കൂടുമെന്നാണ് വ്യാപാര വൃത്തങ്ങള്‍ നല്‍ക്കുന്ന സൂചന. വില ഉയര്‍ത്താന്‍ തമിഴ്‌നാട് ലോബികള്‍ കൊപ്ര പൂഴ്‌ത്തിവയ്‌പ്പ് തുടര്‍ന്നുകൊണ്ടിരിക്കെ തമിഴ്‌നാട്ടിലും വെളിച്ചെണ്ണ കൊപ്ര വില കൂടി.കൊച്ചി വെളിച്ചെണ്ണ മില്ലിങ് ലിറ്ററിന് 258 രൂപ, തയാര്‍ 253, കൊപ്ര തെളിവ് കിലോ 166 രൂപ ഓടെ 164, തൃശൂര്‍ വെളിച്ചെണ്ണ 259, കൊപ്ര 168, കോഴികോട് 268 കൊപ്ര 171, കാങ്കയം വെളിച്ചെണ്ണ 245 കൊപ്ര 164 രൂപ. കൊച്ചിയില്‍ കഴിഞ്ഞ വാരം 34000 ലിറ്റര്‍ വെളിച്ചെണ്ണ മൊത്ത വി
പണിയില്‍ വില്‍പ്പനക്കെത്തി. സ്വര്‍ണ വില പോയവാരം കയറി ഇറങ്ങി
സ്വര്‍ണ വില പോയവാരം കയറി ഇറങ്ങി കുറഞ്ഞു. പവന് 106960 രൂപയില്‍ വിറ്റ് നിറുത്തിയത് 105240 രൂപ വരെ കുറഞ്ഞ ശേഷം വാരാവസാനം 105760 രൂപയായി കുറഞ്ഞു. പോയവാരം പവന് 1200 രൂപ കുറഞ്ഞു. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന് 11ഡോളര്‍ കുറഞ്ഞു. ഔണ്‍സിന് 4041 ഡോളര്‍ വിനിമയ നിരക്കില്‍ രൂപയ്‌ക്ക് ഒരു രൂപ 20 പൈസ നേട്ടം 96.55-ല്‍ നിന്ന് രൂപ 95.38 ആയി ശക്‌തി പ്രാപിച്ചു.
ചൂടോടെ തേയില
ആഭ്യന്തര പാക്കറ്റ് വ്യാപാരികള്‍ സി.ടി.സി. പൊടി തേയില കിലോ 3 രൂപ വില ഉയര്‍ത്തിയാണ് ലേലത്തില്‍ പങ്കെടുത്തത്. പൊടിത്തേയില 921700 കിലോ ലേലത്തില്‍ വില്‍പ്പനക്കെത്തി. കയറ്റുമതി ഡിമാന്റ് കുറഞ്ഞ തേടെ ഇലത്തേയില വിലയില്‍ മാറ്റമില്ലാതെയാണ് കയറ്റുമതിക്കാര്‍ വാങ്ങിയത്. ഇല തേയില 320000 കിലോ ലേലത്തില്‍ വില്‍പ്പനക്കെത്തി. തലേവാരത്തെ അപേക്ഷിച്ച് ഇല തേയില 4800 കിലോ കുറവാണ് ലേലത്തില്‍ വില്‍പ്പനയ്‌ക്കെത്തിയത്.







Comments