
വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിക്ഷപകരായി തിരിച്ചെത്തി. മണ്‍സൂണ്‍ അനുകൂലമായതിനിടയില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതും ഫോറെക്‌സ് മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഡോളറിന് മുന്നില്‍ രൂപ നടുനിവര്‍ത്തിയതും നിക്ഷേപകരുടെ ആത്‌മവിശ്വാസം ഉയര്‍ത്തി. സെന്‍സെക്‌സ് 2035 പോയിന്റും നിഫ്‌റ്റി സൂചിക 617 പോയിന്റും വര്‍ധിച്ചു. വിദേശ ഫണ്ടുകള്‍ 7500 കോടി രൂപയുടെ നിക്ഷേപത്തിനു മുന്നോട്ട് വന്നത് പ്രദേശിക ഇടപാടുകാരെ ആകര്‍ഷിച്ചു.
തൊട്ട് മൂന്‍വാരത്തിലെ കനത്ത തകര്‍ച്ചയില്‍ നിന്നും ഇന്ത്യന്‍ മാര്‍ക്കറ്റ് പിന്നിട്ടവാരം ശക്‌തമായ തിരിച്ചു വരവ് നടത്തി. നാല് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ് സൂചികകള്‍. മധ്യപുര്‍വേഷ്യ വീണ്ടും സമാധാനത്തിലേയ്‌ക്ക് നീങ്ങുന്നതിനിടയില്‍ ക്രൂഡ് ഓയില്‍ വിലകുറഞ്ഞത് വിദേശ നിക്ഷേപകരെ ആകര്‍ഷിച്ചു. ജപ്പാന്‍, കൊറിയ, സിംഗപ്പുര്‍, ചൈനീസ് മാര്‍ക്കറ്റുകളും മികവ് കാണിച്ചു.
വിദേശ ഫണ്ടുകള്‍ നാല് ദിവസങ്ങളില്‍ ഹെവിവെയിറ്റ് ഓഹരികളില്‍ നിക്ഷേപം നടത്തി മൊത്തം 7638.19 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. ഒരുദിവസം അവര്‍ വില്‍പ്പനക്കാരായി നിലകൊണ്ട് 1688.23 കോടി രൂപയുടെ വില്‍പ്പന നടത്തി. ആഭ്യന്തര ഫണ്ടുകള്‍ 7251.69 കോടി രൂപ നിക്ഷേപിച്ചു, ഇതിനിടയില്‍ ഒരു ദിവസം അവര്‍ 1864.03 കോടിയുടെ വില്‍പ്പനയും നടത്തി.
ബോംബെ സൂചിക ഒറ്റ ആഴ്‌ച്ചയില്‍ 2% മുന്നേറി. സൂചിക 76,059 പോയിന്റില്‍ നിന്നും 78,261 വരെ സഞ്ചരിച്ചു. വിപണിയിലെ ഉണര്‍വിനിടയില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് ഇറങ്ങിയതോടെ വാരാന്ത്യം സൂചിക അല്‍പ്പം തളര്‍ന്ന 78,094 പോയിന്റിലാണ്. വിപണിയുടെ പ്രതിദിന ചലനങ്ങള്‍ കണക്കിലെടുത്താല്‍ 78,729 ല്‍ ആദ്യ പ്രതിരോധം പ്രതീക്ഷിക്കാം, ഇത് മറികടന്നാല്‍ 79,364 വരെ ഉയരാം. ഇതിനിടയില്‍ പ്രതികൂല വാര്‍ത്തകള്‍ പുറത്തുവന്നാല്‍ സൂചികയ്‌ക്ക് 76,990-75,886 പോയിന്റിലേയ്‌ക്ക് സാങ്കേതിക പരീങ്ങള്‍ നടത്താന്‍ ഇടയുണ്ട്.
നിഫ്‌റ്റി 23,767 പോയിന്റില്‍ നിന്നു മുന്‍വാരം ഇതേ കോളത്തില്‍ സൂചിപ്പിച്ച 24,145 പോയിന്റിലെ പ്രതിരോധം തകര്‍ത്ത് 24,524-നെ ഉറ്റുനോക്കി. ഇതിനിടയില്‍ ഒരു വിഭാഗം ഫണ്ടുകള്‍ ബ്ലൂചിപ്പ് ഓഹരികളില്‍ ലാഭമെടുപ്പിന് നീക്കം നടത്തിയത് മൂലം വിപണിക്ക് 24,427 പോയിന്റ് വരെ ഉയരാനായുള്ളു, മാര്‍ക്കറ്റ് കേ്ലാസിങില്‍ നിഫ്‌റ്റി 24,383 പോയിന്റിലാണ്. ഈ വാരം 24,041- 23,699 പോയിന്റില്‍ താങ്ങും, 24,576 24,769 പോയിന്റില്‍ പ്രതിരോധവുമുണ്ട്.
നിഫ്‌റ്റി ആഗസ്‌റ്റ് ഫ്യൂച്ചേഴ്‌സ് 23,875-ല്‍ നിന്നും വാരാവസാനം 24,453 ലേയ്‌ക്ക് മുന്നേറി. ആഗസ്‌റ്റ് ഫ്യൂച്ചറിലെ ഓപ്പണ്‍ ഇന്‍ട്രസ്‌റ്റ് 81.9 ലക്ഷം കരാറുകളില്‍ നിന്നും 131 ലക്ഷം കരാറായി ഉയര്‍ന്നു. ബുള്‍ ഓപ്പറേറ്റര്‍മാരുടെ തിരിചുവരവായി ഇതിനെ വീക്ഷിക്കാം. ആര്‍.ബി.ഐ. ധനനയ അവലോനത്തിന് ഇന്ന് ഒത്ത് ചേരും. റിപ്പോ നിരക്കുകളില്‍ ഭേദഗതികള്‍ക്ക് സാധ്യത കുറവ്. കാലവര്‍ഷം അനുകൂലമായതിനാല്‍ കാര്‍ഷിക ഉല്‍പാദനം ഉയരുമെന്നത് നാണയപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ ഉപകരിക്കും. ആഗോള ക്രൂഡ് ഓലില്‍ വില ഇടിവും രൂപയ്‌ക്ക് നേട്ടമാവും. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 102 ഡോളര്‍ വരെ മുന്നേറിയ ശേഷം 84 ഡോളറിലേയ്‌ക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം വില 87.90 ഡോളറിലാണ്.
വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപ അഞ്ച് ആഴ്‌ച്ചകളിലെ തളര്‍ച്ചയ്‌ക്കുശേഷം തിരിച്ച് വരവ് ആഘോഷിച്ചു. ഒറ്റ ആഴ്‌ച്ചകൊണ്ട് ഒരുരൂപ 17 പൈസയാണ് തിരിച്ചു പിടിച്ചത്. രൂപയുടെ മൂല്യം 96.55-ല്‍ നിന്നും 95.26 വരെ കരുത്ത് കാണിച്ച ശേഷം വാരാന്ത്യം 95.38 ലാണ്. അന്താരാഷ്‌ട്ര സ്വര്‍ണ വില കയറി ഇറങ്ങി.
അമേരിക്ക പലിശ നിരക്കില്‍ ഭേദഗതികള്‍ക്ക് മുതിരുമോയെന്ന ആശങ്ക പല അവസരത്തിലും ഇടപാടുകാരെ സമ്മര്‍ദ്ദത്തിലാക്കി. ന്യൂയോര്‍ക്കില്‍ ഔണ്‍സിന് 4052 ഡോളറില്‍ നിന്നും സ്വര്‍ണം 3999-ലേയ്‌ക്ക് താഴ്‌ന്നെങ്കിലും പിന്നീട് നിരക്ക് 4119 ഡോളര്‍ വരെ കയറി. മാര്‍ക്കറ്റ് കേ്ലാസിങില്‍ 4041 ഡോളറിലാണ് മഞ്ഞലോഹം.







Comments