
തിരുവനന്തപുരം/കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റെയ്‌ഡിനെത്തിയ എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ് വഴിത്തിരിവില്‍. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ് എം.പി. എന്നിവരുള്‍പ്പെടെ സ്‌ഥലത്തുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കടക്കം ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്‌ഷനിലെ വീട്ടിലെത്തിയ ഇ.ഡി. ഉദ്യോഗസ്‌ഥരെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചന സംശയിച്ചാണ് പോലീസ് മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ സി.പി.എം. കൂടിയാലോചന ആരംഭിച്ചു. സംഭവദിവസം സ്‌ഥലത്തുണ്ടായിരുന്ന മുഴുവന്‍ സി.പി.എം. നേതാക്കള്‍ക്കും പോലീസ് ചോദ്യംചെയ്യല്‍ നോട്ടീസ് നല്‍കിക്കൊണ്ടിരിക്കുകയാണ്.
സി.പി.എം. മുന്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കും പോലീസ് നോട്ടീസ് നല്‍കി. ഇ.ഡി. ഉദ്യോഗസ്‌ഥര്‍ ആക്രമിക്കപ്പെട്ട സമയത്ത് ബിനീഷ് സി.പി.എം. അംഗമല്ലായിരുന്നു. പിന്നീട് പാര്‍ട്ടി അംഗത്വം പുനഃസ്‌ഥാപിച്ചു. ഇ.ഡി. പരിശോധനയ്‌ക്കെതിരേ പിണറായിയുടെ വീടിനു മുന്നിലെത്തി ബിനീഷ് പ്രതിഷേധിച്ചിരുന്നു. അറസ്‌റ്റിലായ 25 പ്രതികളില്‍ മിക്കവരും ബിനീഷിന്റെ ഉറ്റസുഹൃത്തുക്കളുമാണ്.
കഴിഞ്ഞ മേയ് 27-നാണ് പിണറായിയുടെ മകള്‍ ടി. വീണ ഉള്‍പ്പെട്ട കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. ഉദ്യോഗസ്‌ഥര്‍ തിരുവനന്തപുരം ബേക്കറി ജങ്‌ഷനിലുള്ള വാടകവീട്ടിലെത്തിയത്. എട്ടുമണിക്കൂറോളം നീണ്ട പരിശോധനയ്‌ക്കുശേഷം മടങ്ങിയ ഇ.ഡി. സംഘത്തെ ആള്‍ക്കൂട്ടം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പോലീസ് കേസ്. കന്റോണ്‍മെന്റ് അസിസ്‌റ്റന്റ് കമ്മിഷണറുടെയും മ്യൂസിയം ഇന്‍സ്‌പെക്‌ടറുടെയും നേതൃത്വത്തിലുള്ള അന്വേഷണസംഘം മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതായാണ് സൂചന. കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഐ.പി. ബിനു ഉള്‍പ്പെടെ 21 പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്‌ഡ് നടത്തിയ ഇ.ഡി. ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ സി.പി.എം. പ്രവര്‍ത്തകരായ ആറു പ്രതികള്‍ക്കുകൂടി ഹൈക്കോടതിയുടെ ജാമ്യം. ഐ.പി. ബിനു, എസ്. ഉണ്ണി, ആര്‍. ഉണ്ണിക്കൃഷ്‌ണന്‍, ദിനകര്‍, ദിനീഷ് ബി. നായര്‍, രേവന്ത് എന്നിവര്‍ക്കാണ് ജസ്‌റ്റിസ് കൗസര്‍ എടപ്പഗത്ത് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മേയ് 27-നു രാവിലെ ബേക്കറി ജങ്‌ഷനു സമീപമുള്ള പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ഇ.ഡി. കൊച്ചി യൂണിറ്റ് അസിസ്‌റ്റന്റ് ഡയറക്‌ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി മടങ്ങുകയായിരുന്ന ഉദ്യോഗസ്‌ഥരെ മുന്നൂറിലധികം പേര്‍ ചേര്‍ന്നു തടയുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് കേസ്. പ്രതികള്‍ ഓരോരുത്തരും ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്‌ക്കുള്ള രണ്ട് ആള്‍ ജാമ്യവും ഹാജരാക്കണമെന്നടക്കം ഉപാധികളോടെയാണു ജാമ്യം. പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 10,000 രൂപ വീതം കോടതിയില്‍ കെട്ടിവയ്‌ക്കാനും നിര്‍ദേശവുമുണ്ട്.







Comments