
തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക് തിരികെ നല്‍കുകവഴി കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള പോലീസ് സ്‌റ്റേഷനുകള്‍ക്ക് ഇനി പുതിയ മുഖം. പുതിയ സര്‍ക്കിളുകള്‍ നിലവില്‍ വരും. സ്വാതന്ത്ര്യ ദിനമായ15 മുതല്‍ മാറ്റം നടപ്പാക്കും.
ക്രമസമാധാന ചുമതലയുള്ള 484 പോലീസ് സ്‌റ്റേഷനുകളില്‍ 419 എണ്ണത്തിലാണ് സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്.എച്ച്.ഒ.)മാരാകുന്നത്. ബാക്കിയുള്ള 65 പോലീസ് സ്‌റ്റേഷനുകളില്‍ 64 എണ്ണത്തില്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍തന്നെയായിരിക്കും എസ്.എച്ച്.ഒ. ഒരു പോലീസ് സ്‌റ്റേഷനില്‍ ഡിവൈ.എസ്‌പിയായിരിക്കും എസ്.എച്ച്.ഒ. മുല്ലപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനിലാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായി ഡിവൈ.എസ്.പി. തുടരുക. മുല്ലപ്പെരിയാറിന്റെ നിര്‍ണായകവും തന്ത്രപ്രധാനവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്‌ഥനെ എസ്.എച്ച്.ഒ. ആക്കിയിട്ടുള്ളത്. എസ്.ഐമാര്‍ എസ്.എച്ച്.ഒമാരാകുന്ന 419 പോലീസ് സ്‌റ്റേഷനുകളില്‍ 63 എണ്ണത്തില്‍ വനിതകള്‍ ആയിരിക്കും ചുമതല. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം. എസ്.ഐമാര്‍ എസ്.എച്ച്.ഒമാരാകുമ്പോള്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനായി 200 പോലീസ് സര്‍ക്കിളുകള്‍ സൃഷ്‌ടിക്കും. ഒരു ഇന്‍സ്‌പെക്‌ടര്‍ക്ക് കീഴില്‍ രണ്ടോ മൂന്നോ പോലീസ് സ്‌റ്റേഷനുകള്‍ ഉണ്ടാകും. പോലീസ് സംവിധാനത്തിന്റെയും പോലീസ് സ്‌റ്റേഷനുകളുടെ മുഖച്‌ഛായ മാറ്റുക എന്ന ലക്ഷ്യത്തോടെ 'മൈ പോലീസ് സ്‌റ്റേഷന്‍' എന്ന പദ്ധതിയും മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ പോലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
ജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കുന്ന ജനാധിപത്യ പോലീസിങ് എന്ന സങ്കല്‍പ്പത്തിലെ നിര്‍ണായക ചുവടുവയ്‌പ്പാണ് മൈ പോലീസ് സ്‌റ്റേഷന്‍ പദ്ധതിയെന്ന് മന്ത്രി പറയുന്നു. കസ്‌റ്റഡി മരണങ്ങള്‍, കസ്‌റ്റഡി മര്‍ദനങ്ങള്‍ എന്നിങ്ങനെയുള്ള കസ്‌റ്റോഡിയല്‍ കുറ്റകൃത്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് മൈ പോലീസ് സ്‌റ്റേഷന്‍ പദ്ധതിയുടെ അടുത്ത സുപ്രധാന ലക്ഷ്യം. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ തിരുവനന്തപുരം സിറ്റിയില്‍ ഏഴു ഇന്‍സ്‌പെക്‌ടര്‍ എസ്.എച്ച്.ഒ. സ്‌റ്റേഷനുകളും ഏഴു സര്‍ക്കിളുകളും ഉണ്ടാകും. കന്റോണ്‍മെന്റ്, മ്യൂസിയം, ഫോര്‍ട്ട്, തമ്പാനൂര്‍, വിഴിഞ്ഞം, കഴക്കൂട്ടം, മെഡിക്കല്‍ കോളജ് എന്നിവയാണ് ഇന്‍സ്‌പെക്‌ടര്‍മാര്‍ എസ്.എച്ച്.ഒമാരാകുന്ന പോലീസ് സ്‌റ്റേഷനുകള്‍. പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, ശ്രീകാര്യം, പേട്ട, പൂന്തുറ എന്നിവയാണ് പുതിയ സര്‍ക്കിളുകള്‍. ആകെ 23 പോലീസ് സ്‌റ്റേഷനുകളാണ് തിരുവനന്തപുരം സിറ്റിയിലുള്ളത്.
ആകെ 42 പോലീസ് സ്‌റ്റേഷനുകളുള്ള തിരുവനന്തപുരം റൂറല്‍ പോലീസ് ജില്ലയില്‍ ആറ്റിങ്ങല്‍, മംഗലപുരം, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിന്‍കര, പാറശാല എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ ഇന്‍സ്‌പെക്‌ടര്‍മാര്‍ ആയിരിക്കും എസ്.എച്ച്.ഒമാര്‍. ഇതിനു പുറമേ ജില്ലയിലെ പോലീസ് കണ്‍േ്രടാള്‍ റൂമിലും ഇന്‍സ്‌പെക്‌ടര്‍ മേധാവിയാകും.
ചിറയിന്‍കീഴ്, വര്‍ക്കല, കിളിമാനൂര്‍, വെഞ്ഞാറമൂട്, കല്ലമ്പലം, കടയ്‌ക്കാവൂര്‍, അരുവിക്കര, പോത്തന്‍കോട്, പാലോട്, മാറനല്ലൂര്‍, ആര്യനാട്, മലയിന്‍കീഴ്, ബാലരാമപുരം, വെള്ളറട,പൂവാര്‍ എന്നിവയാണ് റൂറല്‍ ജില്ലയിലെ പുതിയ സര്‍ക്കിളുകള്‍.







Comments