ആലപ്പുഴ: മൂന്നാമത് ജോണ്‍സ് അംബ്രല്ല - കരിക്കമ്പള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ അഖില കേരള ഇന്റര്‍ സ്കൂള്‍ ഇന്‍വിറ്റേഷന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് പ്രോവിഡന്‍സ് എച്ച്.എസ്.എസും കുന്നംകുളം ഗവണ്മെന്റ് വി.എച്ച്.എസ്.എസും ചാമ്പ്യന്മാരായി.
പെണ്‍കുട്ടികളുടെ ഫൈനലില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസിനെ (47-44) എന്ന സ്കോറിനാണ് പ്രോവിഡന്‍സ് തോല്‍പ്പിച്ചത്. ഒരു ഘട്ടത്തില്‍ 13 പോയിന്റിന് പിന്നിലായിരുന്ന പ്രോവിഡന്‍സ് അവസാന പാദത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെയാണു മത്സരം അനുകൂലമാക്കിയത്.
ഒന്നാം പകുതിയില്‍ മൗണ്ട് കാര്‍മല്‍ 23-17 നും മൂന്നാം പാദത്തില്‍ 38-29 നും മുന്നിലായിരുന്നു. നാലാം പാദത്തില്‍ 18-6 എന്ന സ്കോറിന് ആധിപത്യം പുലര്‍ത്തി പ്രോവിഡന്‍സ് ജയം പിടിച്ചെടുത്തു. പ്രോവിഡന്സിനായി നായിക ശ്രീയ, തീര്‍ഥ എന്നിവര്‍ ഒന്‍പത് പോയിന്റ് വീതവും ശിവേന്ദു എട്ട് പോയിന്റും നേടി. മൗണ്ട് കാര്മലിനായി അദീന ജോണ്സണ് 22 പോയിന്റും 15 റീബൗണ്ടുകളും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ആണ്‍കുട്ടികളുടെ ഫൈനലില്‍
കോട്ടയം ഗിരിദീപം ബെഥനി എച്ച്.എസ്.എസിനെ (75-50) തോല്‍പ്പിച്ചാണ് കുന്നംകുളം ചാമ്പ്യന്മാരായി. ഒന്നാംപാദം മുതല്‍ തന്നെ കുന്നംകുളം മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി (20-10). ഇടവേളയ്ക്ക് അവര്‍ 39-30 ന് മുന്നിലായിരുന്നു. അവസാന പാദത്തില്‍ 18 പോയിന്റ് നേടി ജയം ഉറപ്പിച്ചു.







Comments