
മുംബൈ/ബംഗളുരു: ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പേ ഇന്ത്യന്‍ ടീമിന് തിരിച്ചടി. കാല്‍മുട്ടിലെ പരുക്ക് ഭേദമാകാത്തതിനാല്‍ പേസര്‍ ജസ്പ്രീത് ബുംറ പരമ്പരയില്‍നിന്നു പുറത്തായി.
ബംഗളൂരുവിലെ ബി.സി.സി.ഐ. സെന്റര്‍ ഓഫ് എക്സലന്‍സില്‍ ചികിത്സയിലുള്ള ബുംറയ്ക്ക് കായിക ക്ഷമത വീണ്ടെടുക്കാനായില്ല. താരം കായിക ക്ഷമതാ പരിശോധന കടന്നെന്നു ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇടത് കാല്‍മുട്ടില്‍ അനുഭവപ്പെട്ട അസ്വസ്ഥതയെ തുടര്‍ന്ന് ബി.സി.സി.ഐ. മെഡിക്കല്‍ ടീം ബുംറയെ കളിപ്പിക്കേണ്ടെന്ന് നിര്‍ദേശിച്ചു.
ഈ അവസ്ഥയില്‍ കളിപ്പിച്ചാല്‍ പരുക്ക് കൂടുതല്‍ വഷളാകുമെന്നു ചൂണ്ടിക്കാട്ടിയാണു തീരുമാനം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണു ബുംറയ്ക്കു പരുക്കേറ്റത്. ലോഡ്സില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ബുംറയ്ക്ക് കളിക്കാനായില്ല. ശേഷമാണ് സെന്റര്‍ ഫോര്‍ എക്സലന്‍സിലെത്തിയത്. കൊളംബോയിലെ രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ സാധിച്ചേക്കുമെന്നുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. പരുക്കു മൂലം ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ്ദീപ് എന്നിവര്‍ നേരത്തെ തന്നെ പുറത്തായിരുന്നു. വാഷിങ്ടണ്‍ സുന്ദറിന് ഒന്നാം ടെസ്റ്റ് നഷ്ടമാകും. 15-ന് ഗാലെയിലാണ് പരമ്പരയിലെ ഒന്നാം ടെസ്റ്റ് തുടങ്ങുക. 23 ന് കൊളംബോയില്‍ രണ്ടാം ടെസ്റ്റും തുടങ്ങും. ബുംറയ്ക്കു പകരം അക്വിബ് നബിയെ ഉള്‍പ്പെടുത്തുമെന്നാണു സൂചന. ഇന്ത്യന്‍ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ശ്രീലങ്ക തൊട്ടു പിന്നിലാണ്.
ഇന്ത്യന്‍ ടീം: ശുഭ്മന്‍ ഗില്‍ (നായകന്), ലോകേഷ് രാഹുല്‍, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, ബി. സായ് സുദര്ശന്, ധ്രുവ് ജൂറല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവദത്ത് പടിക്കല്‍, സാരാംശ് ജെയ്ന്‍.







Comments