
തിരുവനന്തപുരം: കണ്ണൂരില്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നു തുരുത്തില് ഒറ്റപ്പെട്ടുപോയ കര്‍ഷകനെ രക്ഷിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു മരിച്ച രക്ഷാപ്രവര്ത്തകന് രാജേഷിന് യാത്രാമൊഴിയേകി ജന്മനാട്. രാജേഷിനു അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജനസാഗരം ഒഴുകിയെത്തി. അലമുറയിട്ട് കരഞ്ഞ രാജേഷിന്റെ പിഞ്ചുകുഞ്ഞുങ്ങളെയും ബന്ധുക്കളെയും എന്തുപറഞ്ഞു അശ്വസിപ്പിക്കുമെന്നറിയാതെ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും ബുദ്ധിമുട്ടി.
കണ്ണൂര്‍ ചെറുപുഴയില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച കല്ലിയൂര്‍ കിഴക്കേ തെറ്റിവിള രാജേഷ് ഭവനില്‍ രാജശേഖരന്റെയും ഗീതയുടെയും മകന് ആര്. രാജേഷിന്റെ ഭൗതികദേഹം ജന്മനാടായ തിരുവനന്തപുരത്തെത്തിച്ചപ്പോള്‍ വീട്ടിലെ രംഗങ്ങള്‍ കണ്ടുനിന്നവരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു.
മൃതദേഹം എത്തിച്ചപ്പോള്‍ സര്വനിയത്രണവും നഷ്ടപ്പെട്ട് മക്കളായ ആര്ഷന്, അഭിഷേക്, ഭാര്യ ഷാഫിയ, രാജേഷിന്റെ സഹോദരി ആശ എന്നിവര്‍ അലമുറയിട്ട് കരഞ്ഞപ്പോള്‍ സമാധാനിപ്പിക്കാനാകാതെ നാടും കൂടെ കരഞ്ഞു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയപ്പോള്‍ 'എനിക്കെന്റെ അച്ഛനെ കാണണം സാറെ... മുഖം തുണി കൊണ്ട് മറച്ചേക്കുവാ...' എന്ന്അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ മുഖ്യമന്ത്രിയും വിതുമ്പി. രാജേഷിന് പൂര്‍ണ സംസ്ഥാന ബഹുമതികളോടെയാണ് സംസ്കരം നടത്തിയത്. അദ്ദേഹത്തിന്റെ പണിപൂര്‍ത്തിയാകാത്ത വീടിന്റെ നിര്‍മാണം സര്‍ക്കാര്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുമെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കാര്യങ്കോട് പുഴയില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് തുരുത്തില് ഒറ്റപ്പെട്ടുപോയ ബെന്നി എന്ന കര്‍ഷകനെ രക്ഷിക്കാനാണ് രാജേഷും കൂട്ടുകാരുമെത്തിയത്. നീന്തല്‍ പരിശീലകനായ രാജേഷും സുഹൃത്തുക്കളായ ഷിബിനും റാഫ്റ്റര്‍ ജിതിനും ചേര്‍ന്നു ജീവന് പണയംവച്ച് കരകവിഞ്ഞ് ഒഴുകുന്ന പുഴ നീന്തിക്കടന്നാണ് ബെന്നിയെ രക്ഷിക്കാന്‍ തുരുത്തിലെത്തിയത്.
എന്നാല്‍ തിരിച്ചുവരുന്നതിനിടെ രാജേഷ് തന്റെ കൈവശമുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് ബെന്നിക്ക് നല്കി. പുഴ കുറുകെ കടക്കവെ കനത്ത ഒഴുക്കില്‍പ്പെട്ട് വടത്തില്‍ നിന്നുള്ള പിടിവിട്ട് രാജേഷിനെ കാണാതാവുകയായിരുന്നു. കടുത്ത തണുപ്പില്‍ ശരീരം കോച്ചിപ്പിടിച്ചതാവാം അപകടത്തിനു കാരണമെന്നാണ് നിഗമനം. സ്വന്തം സുരക്ഷ നോക്കാതെ ലൈഫ് ജാക്കറ്റ് ഊരിനല്‍കിയ ത്യാഗമാണ് ബെന്നിയുടെ ജീവന് രക്ഷിച്ചതും രാജേഷിന്റെ ജീവനെടുത്തതും.
കര്‍ണാടക വനത്തിലെ മുന്താരിയില്‍ നിന്ന് കാനംവയലിലൂടെ ഒഴുകി പുളിങ്ങോത്ത് എത്തുന്ന കാര്യങ്കോട് പുഴയില്‍ ഇടവരമ്പ് കാനാ പീടികയ്ക്ക് സമീപം കോച്ചേരി തുരുത്തില്‍നിന്നാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വ ഉച്ചയ്ക്ക്12.45ഓടെ ഈ ഭാഗത്ത് തെരച്ചില്‍ നടത്തുന്ന റാഫ്റ്റേഴ്സ് സംഘമാണ് പുഴയ്ക്ക് നടുവിലെ തുരുത്തില് ഓടക്കാടുകള്‍ക്കിടയില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
സാഹസികത ഹരമായിരുന്ന രാജേഷ് മുന്‍പും നിരവധി ദുരന്തമുഖങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. വയനാട്ടിലടക്കം പ്രളയരക്ഷാപ്രവര്‍ത്തനത്തിനു മുന്നില്‍നിന്നു. അഡ്വഞ്ചര്‍ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജെ്മന്റ് ക്ലബായ 'ആഡംസ്' ക്ലബിന്റെ പ്രസിഡന്റുകൂടിയാണ് രാജേഷ്. മൂന്നു മാസമായി റെപ്പല്ലിങ് ഇന്‍സ്ട്രക്ടറായി ഇടവരമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം. കായികരംഗത്തും സജീവമായിരുന്ന രാജേഷ് ത്രോബോളില്‍ ദേശീയ ടീം അംഗം കൂടിയായിരുന്നു. ചെറുപ്പക്കാരുടെ ആവേശമായിരുന്ന രാജേഷിന്റെ അപ്രതീക്ഷിത വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്.
രണ്ടുവര്‍ഷം മുമ്പ് രാജേഷിന്റെ ഇളയ സഹോദരന് രഞ്ജിത്ത് ട്രയിനില്‍ നിന്ന് വീണു മരിച്ചിരുന്നു. ആ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നു കുടുംബം കരകയറി വരുന്നതിനിടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തി അടുത്ത ദുരന്തവുമെത്തുന്നത്.
ജി. അരുണ്‍







Comments