
തിരുവനന്തപുരം: മഴക്കെടുതി നേരിടാനും ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനും നിര്‍ണായക തീരുമാനങ്ങളുമായി സംസ്ഥാനസര്‍ക്കാര്‍. പ്രളയഭീഷണി ചെറുക്കാന്‍ അണക്കെട്ടുകളിലെയും നദികളിലെയും മണലും ചെളിയും അടിയന്തരമായി നീക്കം ചെയ്യും. നദികളിലെ മാലിന്യങ്ങളടക്കം നീക്കാനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ റവന്യൂ, ജലസേചനവകുപ്പുകളെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മഴ മാറുന്നതോടെ തീരുമാനം നടപ്പാക്കും.
തോട്ടപ്പള്ളി സ്പില്‍വേയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കും. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്ന് അപ്പര്‍ കുട്ടനാട് മേഖലയ്ക്കു പ്രത്യേകശ്രദ്ധ നല്കാന് നിര്‍ദേശിച്ചതായും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് പറഞ്ഞു. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കും. വീടും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കു പ്രത്യേക സഹായപദ്ധതികളും എ.ഐ. അധിഷ്ഠിത ഡാം മാനേജ്മെന്റ്, ഫ്ളഡ് മാപ്പിങ് സംവിധാനങ്ങളും നടപ്പാക്കും.
കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന് നഷ്ടമായ തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശിയും ദുരന്ത രക്ഷാപ്രവര്‍ത്തന പരിശീലകനുമായ ആര്. രാജേഷിന് സംസ്ഥാനബഹുമതി നല്‍കും. അദ്ദേഹത്തിന്റെ പൂര്‍ത്തിയാകാത്ത വീട് സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കും. പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു സംസ്ഥാന ദുരന്തനിവാരണനിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധി എന്നിവയില്‍നിന്ന് എട്ടുലക്ഷം രൂപ വീതം നല്‍കും. സംസ്കാരച്ചെലവുകള്ക്കു 10,000 രൂപയും അനുവദിക്കും. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം 10 ലക്ഷത്തില്‍നിന്ന് 12 ലക്ഷം രൂപയായി ഉയര്‍ത്തി. പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്കുള്ള ധനസഹായം നാലുലക്ഷത്തില്‍നിന്ന് ആറുലക്ഷമാക്കി. ദുരിതാശ്വാസ ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും വീടുകളില്‍ വെള്ളം കയറിയ എല്ലാവര്ക്കും വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 10,000 രൂപ അടിയന്തരസഹായം നല്‍കും. വീടുകളില്‍ വെള്ളം കയറി മാറിത്താമസിക്കേണ്ടിവരുന്നവര്‍ക്ക് വീട്ടുവാടകയും ബാധിക്കപ്പെട്ട കുടുംബങ്ങളിലെ ഒരു റേഷന്‍ കാര്‍ഡിലെ രണ്ട് അംഗങ്ങള്‍ക്ക് പ്രതിദിനം 300 രൂപ വീതവും നല്‍കും.
സംസ്ഥാനത്ത് നിലവില്‍ 462 ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേരാണുള്ളത്. ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പത്തനംതിട്ട (157), കോട്ടയം (154), ആലപ്പുഴ (81) ജില്ലകളിലാണ്. മഴക്കെടുതിയില്‍ ഇതുവരെ 26 പേര് മരിച്ചു. 11 പേര് അപകടത്തില്‍പ്പെട്ടു. നാലുപേരെ കാണാതായി. 1,882 ഹെക്ടറില്‍ കൃഷി നശിച്ച് 67.44 കോടി രൂപയുടെ പ്രാഥമികനഷ്ടം കണക്കാക്കുന്നു. 23,537 കര്‍ഷകരെ ബാധിച്ചു. കൃഷിനാശത്തിനുള്ള ധനസഹായം 25% വര്‍ധിപ്പിക്കും. വെള്ളം കയറിയ കടയുടമകള്‍ക്ക് ആദ്യഘട്ടമായി 10,000 രൂപയുടെ പ്രത്യേകസഹായം നല്‍കും.
ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങള്‍, കര്‍ഷകര്‍, ടൂറിസ്റ്റ് വാഹന ഉടമകള്‍ എന്നിവര്‍ക്ക് 12 ലക്ഷം രൂപ വരെ ഉജ്ജീവന വായ്പ അനുവദിക്കും. ഇതില്‍ പരമാവധി മൂന്നുലക്ഷം രൂപയോ വായ്പാത്തുകയുടെ 25 ശതമാനമോ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ മാര്‍ജിന്‍ മണിയായി നല്‍കുകയോ, അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തേക്ക് 9% പലിശയിളവ് നല്‍കുകയോ ചെയ്യും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പുനര്‍ഗേഹം പദ്ധതിയിലെ പരാതികള്‍ പരിഹരിച്ച് പുതിയ പദ്ധതി നടപ്പാക്കും. സഹായത്തുക വര്‍ധിപ്പിക്കും. 2024-ല്‍ തൃശൂര്‍ ജില്ലയിലുണ്ടായ കാലവര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ടവരില്‍ ധനസഹായം ലഭിക്കാന്‍ ബാക്കിയുള്ള 248 ഗുണഭോക്താക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായം നല്‍കും.
എ.ഐ. അധിഷ്ഠിത ഡാം
മാനേജ്മെന്റ് സംവിധാനം സംസ്ഥാനത്തു നടപ്പാക്കും. അകത്തേക്കും പുറത്തേക്കുമുള്ള ഒഴുക്ക്, മഴയുടെ അളവ് എന്നിവ ശാസ്ത്രീയമായി വിലയിരുത്തിയശേഷമാകും ഇനി അണക്കെട്ടുകള്‍ തുറക്കുക. ഒഡീഷ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ മാതൃകയില്‍ കാലാവസ്ഥാപ്രവചനവും ഫ്ളഡ് മാപ്പിങ്ങും ശക്തിപ്പെടുത്തി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കും. കാണാതായ രണ്ട്
മത്സ്യത്തൊഴിലാളികള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരങ്ങള്‍ ഉടന്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.







Comments