
കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിന് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാന്‍ വിജിലന്‍സ് സൂപ്രണ്ട് എം.ജെ. സോജന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ(എസ്.ഐ.ടി) ഹൈക്കോടതി ചുമതലപ്പെടുത്തി.
വിജിലന്‍സ് ഡിവൈ.എസ്.പി: സി.എസ്. ഹരി, ഇന്‍സ്പെക്ടര്‍മാരായ എ.എസ്. സജി ശങ്കര്‍, എസ്. ശ്രീജിത്ത്, ടി.ആര്. കിരണ്‍, ആര്.എസ്. രതീന്ദ്ര കുമാര്‍ എന്നിവരാണ് സംഘാംഗങ്ങള്‍. വിജിലന്‍സ് ഡയറക്ടറായ ഡി.ജി.പി: മനോജ് ഏബ്രഹാം നല്കിയ പട്ടികയില്‍ നിന്നാണ് എം.ജെ. സോജനെ തെരഞ്ഞെടുത്തത്. ആടിയ ശിഷ്ടം നെയ്യ് വില്പനയിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്നത് എം.ജെ. സോജന്റെ നേതൃത്വത്തിലായതിനാല്‍ ഈ കേസിലും അദ്ദേഹം തന്നെ ചുമതല വഹിക്കുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് വി. രാജാ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പറഞ്ഞു. കേസ് വീണ്ടും 17ന് പരിഗണിക്കും.
20,000 യൂണിറ്റ് അരവണയുണ്ടാക്കാന്‍ മില്‍മയില്‍ നിന്ന് 1.65 ലക്ഷം ലിറ്റര്‍ നെയ്യ് വാങ്ങാനായിരുന്നു കരാര്‍. ലിറ്ററിന് 369 രൂപ ക്വാട്ട് ചെയ്ത തമിഴ്നാട്ടിലെ സ്ഥാപനത്തെയടക്കം തഴഞ്ഞ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബുവിന്റെ രണ്ടു കത്തുകളുടെ അടിസ്ഥാനത്തില്‍ 510 രൂപ നിരക്കില്‍ മില്‍മയെ കരാര്‍ ഏല്‍പ്പിച്ചെന്നാണ് ആരോപണം.
കരാര്‍ പ്രകാരമുള്ള മുഴുവന്‍ നെയ്യും ശബരിമലയില്‍ എത്തിയില്ലെന്നും ആരോപണമുയര്‍ന്നതോടെ ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മില്‍മയില്‍ നിന്ന് കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയ വകയില്‍ ബോര്‍ഡിന് 2.28 കോടി രൂപ നഷ്ടമുണ്ടായെന്നാണു കണ്ടെത്തല്‍.







Comments