
കോതമംഗലം'കാട്ടിലെ പ്രതികൂല സാഹചര്യങ്ങളില്‍ പൊറുതിമുട്ടി ഉന്നതി വിട്ടു വന്ന ഇരുനൂറുറോളം ആദിവാസികള്‍ സര്‍ക്കാരിന്റെ കാരുണ്യത്തിനായി കേഴുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിലാണ് 67 കുടുംബങ്ങള്‍ പ്ലാസ്റ്റിക് പടുത മേഞ്ഞ താല്‍ക്കാലിക ഷെഡുകളില്‍ തലചായ്ക്കുന്നത്. 2023 ഏപ്രിലില്‍ വാരിയം, ഉറിയംപെട്ടി ഉന്നതികളില്‍നിന്ന് പന്തപ്രയില്‍ എത്തിയവരാണിവര്‍.
കുട്ടമ്പുഴയില്‍നിന്ന് 30 കിലോമീറ്റര്‍ കാടിനുള്ളിലൂടെ സഞ്ചരിച്ച് എത്തേണ്ടുന്ന ഉന്നതിയാണ് വാരിയം. ഒരത്യാവശ്യമുണ്ടായാല്‍ അയ്യായിരം- ആറായിരം രൂപ ജീപ്പുകൂലി നല്കി വേണം കുട്ടമ്പുഴയോ താലൂക്ക് ആസ്ഥാനമായ കോതമംഗലത്തോ എത്താന്‍. ആനശല്യം വര്‍ധിച്ചതോടെ കാടിന്റെ മക്കള്‍ക്ക് തന്നെ കാടിനുള്ളിലൂടെ സഞ്ചരിക്കാനാകാത്ത സാഹചര്യമാണെന്ന് ഊരുമൂപ്പന് കുട്ടന് ഗോപാലന് പറയുന്നു.
മൂന്നു വര്‍ഷം മുമ്പ് നൂറോളം കുടുംബങ്ങളാണ് ഇവിടെനിന്ന് പന്തപ്രയിലേക്ക് പലായനം ചെയ്തത്. വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഉള്‍ക്കാട്ടിലെ ജീവിതം ദുസഃഹമാക്കിയപ്പോഴാണ് മന്നാന്‍, മുതുവാന്‍ വിഭാഗങ്ങളില്‍പ്പെടുന്ന ഇവര്‍ നാടിനോട് ചേര്‍ന്ന പന്തപ്രയില്‍ എത്താന്‍ തീരുമാനിച്ചത്.
ഈ തീരുമാനം 2009-ല്‍ ആയിരുന്നു. അന്ന് ഉന്നതി ഉപേക്ഷിച്ചവര്‍ കണ്ടന്‍പാറ പുഴയോരത്ത് ചുള്ളിപ്പൂവനില് തമ്പടിച്ചു. 218 കുടുംബങ്ങളാണ് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് പുഴയോരത്ത് കഴിഞ്ഞത്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ കൈയൊഴിയുന്ന അവസ്ഥയില്‍ 218 കുടുംബങ്ങള്‍ക്ക് 523 ഏക്കര്‍ പതിച്ചുനല്കാന് 2014ല്‍ ഹൈക്കോടതി ഉത്തരവായി. പക്ഷേ, വനം വകുപ്പ് ഉടക്കിട്ടു. ആദിവാസികള്‍ പറയുന്ന സ്ഥലം നിബിഡ വനമാണെന്നും ഇവിടെ ജനവാസമുണ്ടായാല് അപൂര്‍വ ജീവജാലങ്ങളുടെ നാശമുണ്ടാകുമെന്നുമുള്ള തുറുപ്പ് ചീട്ട് അവര്‍ എടുത്തുവീശി. പന്തപ്രയിലെ തേക്ക് പ്ലാന്റേഷനില്‍ പകരം സ്ഥലം നല്‍കാമെന്ന വ്യവസ്ഥ സമ്മതിച്ച് കാടിന്റെ മക്കള്‍ 2018ല്‍ ഇവിടെയെത്തി. പക്ഷേ, അപ്പോഴേക്കും പഴയ ഉന്നതി വിട്ടവര്‍ പലരും തിരികെ മടങ്ങി. ഒടുവില്‍ 67 കുടുംബങ്ങള്‍ പന്തപ്രയുടെ ഭാഗമായി. നിരന്തര പ്രക്ഷോഭങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി ഇവര്‍ക്കു രണ്ടേക്കര്‍ വീതം കൃഷിഭൂമിയും വീടും നല്കി. അന്ന് ഇവരുടെ പൊതു ആവശ്യങ്ങളായ കമ്യൂണിറ്റി ഹാള്‍, അംഗന്‍വാടി, പ്രാഥമികാരോഗ്യകേന്ദ്രം, കളിസ്ഥലം തുടങ്ങിയവയ്ക്കെല്ലാമായി 26.8 ഏക്കര്‍ സ്ഥലം കൂടി തേക്ക് പ്ലാന്റേഷനില്‍ തന്നെ നല്കി. ഇവിടെയാണ് 2023-ല്‍ എത്തിയവര്‍ ഇപ്പോഴുള്ളത്. മീങ്കുളം, മാപ്പിളപ്പാറ എന്നി ഉന്നതികളില്‍ നിന്നുള്ള 19 കുടുംബങ്ങള്‍ക്ക് അവിടെ ഇപ്പോഴുള്ള വനാവകാശ രേഖകള്‍ അംഗീകരിച്ചിട്ടുണ്ട്. എട്ട് കുടുംബങ്ങളുടെ സര്‍വേയും പൂര്‍ത്തിയായി. എങ്കിലും ഇപ്പോള്‍ മിച്ചം കിടക്കുന്ന ഭൂമി ഇവര്‍ക്കാര്‍ക്കും വീതം വച്ച് നല്‍കിയിട്ടില്ല. സ്വന്തം ഭൂമി വനം വകുപ്പിന് വിട്ടുനല്‍കാന്‍ തയാറായിട്ടും പകരം ഭൂമി അനുവദിക്കാത്തതില്‍ ഇവര്‍ അസ്വസ്ഥരാണ്.
ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും നിരന്തര ശല്യമുള്ള ഇടമാണ് പന്തപ്ര. വനവിഭവങ്ങള്‍ ശേഖരിച്ചു വില്‍ക്കലും പഞ്ചായത്ത് നല്കുന്ന തൊഴിലുറപ്പുമാണ് ഇവരുടെ ഷെഡുകളില്‍ തീ പുകയ്ക്കുന്നത്. ആദ്യമെത്തിയവരുടെ വീടുകളില്‍ വൈദ്യുതിയുണ്ട്. പൊതുശൗചാലയങ്ങള്‍ ചില സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ ഏജന്‍സികളും നിര്‍മിച്ചു നല്‍കിയിട്ടുള്ളത് ചെറിയൊരാശ്വാസമാണ്. തൃശൂര്‍ ജില്ലയിലെ അരെക്കാപ്പ് ഉന്നതിയില്‍ നിന്നുള്ള ഏതാനും കുടുംബങ്ങള്‍ കപ്പായം വഴി ഇടമലയാറിലെത്തി പന്തപ്രയില്‍ തങ്ങള്‍ക്കും ഭൂമി നല്‍കണമെന്ന ആവശ്യമുന്നയിച്ച് സമരം ചെയ്തിരുന്നു. ചാലക്കുടിക്കടുത്ത് ഭൂമി നല്കി ഇവരുടെ പ്രശ്നം പരിഹരിച്ചു.







Comments