
പത്തനംതിട്ട: മഴ കുറയുകയും നദികളിലെ ജലവിതാനം താഴുകയും ചെയ്തതോടെ പത്തനംതിട്ട ജില്ലയിലെ പ്രളയഭീതി പമ്പ കടന്നെന്നു പറയാം. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ ഏതാണ്ട് ആശ്വാസജനകമായി.ഭീതി പൂര്‍ണമായി ഒഴിയുന്നില്ലെങ്കിലും ഇനി ഓണമാഘോഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പ്രളയ മേഖലകളിലുള്ളവര്‍. കഴിഞ്ഞദിവസം വരെ വലിയ ബോട്ടുകളും വള്ളങ്ങളും ഓടിയ ആറന്മുളയിലെയും തിരുവല്ലയിലെയും റോഡുകളില്‍ ഇന്നലെ വാഹന ഗതാഗതം സുഗമമായി നടന്നു. ജില്ലയില്‍ ആദ്യം പ്രളയം ബാധിച്ച റാന്നി നഗരം ശുചീകരണ ജോലികള്‍ കഴിഞ്ഞ് ഏതാണ്ട് പൂര്‍ണമായും പൂര്‍വസ്ഥിതിയിലെത്തി. ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേടനയിലും പടിഞ്ഞാറേ നടയിലും സത്രക്കടവിലുമെല്ലാം ഇന്നലെ രാവിലെയോടെതന്നെ വെള്ളക്കെട്ട് ഒഴിഞ്ഞിരുന്നു. കൊഴിപ്പാലം ഭാഗത്ത് റോഡില്‍ ചെറിയ വെള്ളക്കെട്ടുണ്ടായിരുന്നെങ്കിലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതു നീങ്ങി. തിരുവല്ല നഗരത്തിലും ഇന്നലെയോടെ വെള്ളക്കെട്ട് ഒഴിവായി. ചൊവ്വാഴ്ച രാത്രിയും ഇന്നലെ പകലും ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ചെറിയ മഴ മാത്രമേ ഉണ്ടായുള്ളൂ. കിഴക്കന്‍ വനമേഖലയിലും മഴയ്ക്ക് ശമനമുണ്ട്. ജില്ലയില്‍ അപ്പര്‍കുട്ടനാട് ഭാഗത്തു മാത്രമാണ് നിലവില്‍ വലിയ വെള്ളക്കെട്ടുള്ളത്. കൊല്ലത്തുനിന്നും മറ്റും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ച മത്സ്യബന്ധന ബോട്ടുകളും മത്സ്യത്തൊഴിലാളികളും ആറന്മുളയില് നിന്നുള്‍പ്പെടെ മടങ്ങിപ്പോകാന്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ ഇനിയും ഞങ്ങളെത്തുമെന്ന് ഉറപ്പുനല്‍കിയാണ് ഇവരുടെ മടക്കം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഏറിയ പങ്കും വീട്ടുകളിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. റോഡുകള്‍ ഗതാഗതയോഗ്യമായെങ്കിലും ആറന്മുളയിലെയും തിരുവല്ലയിലെയും ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഒഴിഞ്ഞിട്ടില്ല.
രക്ഷാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സന്നദ്ധസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും വെള്ളമിറങ്ങിയ ഇടങ്ങളില്‍ ശുചീകരണ ജോലികള്‍ ഏറ്റെടുത്തിട്ടുണ്ട്. റോഡും പരിസരവും വീടുകളുമെല്ലാം ഇവരുടെ നേതൃത്വത്തില്‍ വൃത്തിയാക്കിവരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വീടുകള്‍ വൃത്തിയാക്കുന്നതും ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതുമടക്കം നിരവധി വെല്ലുവിളികള്‍ ബാക്കിയുണ്ട്.
ജില്ലയിലെ ഡാമുകളില്‍ സുരക്ഷിതമായ ജലനിരപ്പാണ് ഇപ്പോഴുള്ളത്. ഒരു ഡാമിലും അലര്‍ട്ടുകള്‍ നിലവിലില്ല. പ്രധാന ഡാമുകളുടെയെല്ലാം ഷട്ടറുകള്‍ അടച്ച നിലയിലാണ്. ആറു ദിവസത്തോളം ജില്ലയെ ഗ്രസിച്ച പ്രളയഭീതി ഇന്നലെയോടെ വലിയൊരളവില്‍ ഒഴിവായെന്നു കരുതാവുന്ന അവസ്ഥയാണിപ്പോള്‍. വിവിധ ജില്ലകളില്‍നിന്നായി എത്തിയ അഗ്നിരക്ഷാസേനയുടെ പ്രവര്‍ത്തകരും പത്തനംതിട്ടയില്‍നിന്ന് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയിട്ടുണ്ട്.
ടി.കെ. സുധീഷ് കുമാര്‍







Comments