
തിരുവനന്തപുരം : ബജറ്റുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വച്ചിട്ടുള്ള ഒരു രേഖപോലും ചോര്‍ന്നിട്ടില്ലെന്നും ബജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടിട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ മീഡിയാ റൂമിലായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. ബജറ്റിന് ശേഷം മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്യുന്ന മീഡിയ ഹൈലൈറ്റ്സ് ആണ് പുറത്തു പോയിട്ടുള്ളതെന്നും മന്ത്രി സമ്മതിച്ചു. ഇക്കാര്യത്തില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ധനമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കിട്ടിയ അവസരം മുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും താന്‍ രാജിവെക്കില്ലെന്നും തോമസ് ഐസക്ക് തള്ളി.
ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് ചോര്‍ന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും തുടര്‍ന്ന് ബജറ്റ് ബഹിഷ്കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷാംഗങ്ങളുടെ അഭാവത്തിലും ബജറ്റ് അവതരണം തുടര്‍ന്നപ്പോള്‍ മീഡിയാ റൂമിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബജറ്റിലെ വായിക്കാത്ത ഭാഗങ്ങള്‍ അവതരിപ്പിച്ചു.






