
കുന്നംകുളം: സംസ്‌ഥാന പാതയില്‍ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് അഞ്ചു വാഹനങ്ങളിലിടിച്ച് റോഡരികിലെ മതില്‍ തകര്‍ത്ത് വീട്ടിലേക്കു പാഞ്ഞുകയറി. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പോര്‍ക്കുളം സ്വദേശിനി റിയാ ഫാത്തിമ (18), കാണിപ്പയ്യൂര്‍ സ്വദേശിനി തങ്കമണി (63) എന്നിവരാണു മരിച്ചത്. 12 പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് 1.30 നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്കു പോകുകയായിരുന്ന സുഹറ എന്ന ബസാണ് നിയന്ത്രണംവിട്ട് എതിരേ വന്ന മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. പരുക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്.
ഓട്ടോറിക്ഷ, മോട്ടോര്‍സൈക്കിള്‍, മിനി വാന്‍, കാര്‍ എന്നിവയിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ച റിയാ ഫാത്തിമ വാനിലെ യാത്രക്കാരിയാണ്. വാനിലുണ്ടായിരുന്ന നസീമ (55), ഷജീറ (38), മണ്‍സൂറ (34), നസീറ (45), ഫാത്തിമത്ത് ഷബീബ (17), നഹിജ (44) എന്നിവരാണ് സ്വകാര്യ ആശുപത്രിയില്‍ ചികിയിലുള്ളത്. ഗുരുതരമായി പരുക്കേറ്റ നസീമയെ തുടര്‍ചികിത്സയ്‌ക്കായി എറണാകുളം അപ്പോളോ ആശുപത്രിയിലേക്കു മാറ്റി.കാറിലുണ്ടായിരുന്ന പോര്‍ക്കുളം ആണ്ടിയത്ത് വീട്ടില്‍ മോനുട്ടിയുടെ മകന്‍ ജിംഷാദ് (34), ഉമ്മ ഖദീജ (60) എന്നിവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മോട്ടോര്‍സൈക്കിള്‍ യാത്രികനായ കുന്നംകുളം കാണിപ്പയ്യൂര്‍ അരിയത്ത് തെക്കേതില്‍ വീട്ടില്‍ ജോബി ജോണ്‍ ഡാനിയലിനു ഗുരുതരമായി പരുക്കേറ്റു. ഇയാളെ വിദഗ്‌ധ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. മരിച്ച തങ്കമണി ജോബിക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. ഇവര്‍ ജോബിയുടെ ഭാര്യാമാതാവാണ്. മൃതദേഹം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസമുണ്ടായി.
പോലീസും നാട്ടുകാരും ചേര്‍ന്ന് സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സ്വകാര്യ ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.







Comments