തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്കി. ധനമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നികുതി നിര്‍ദ്ദേശങ്ങള്‍ അടക്കം മാധ്യമങ്ങളില്‍ വന്നു. ഈ സാഹചര്യത്തില്‍ ധനമന്ത്രി രാജിവച്ച് പുതിയ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് കക്ഷി നേതാക്കള്‍ ഗവര്‍ണറെ കണ്ട് പരാതി നല്കി.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പുറത്ത് വന്ന പ്രതിപക്ഷ നേതാവ് മീഡിയ റൂമില്‍ വച്ച് തോമസ് ഐസക്ക് അവതരിപ്പിക്കാത്ത ബജറ്റിലെ ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്കായി വായിച്ചു കേള്‍പ്പിച്ചിരുന്നു. ബജറ്റിന്റെ പ്രസ്കതി നഷ്ടപ്പെട്ടുവെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി ആവശ്യപ്പെട്ടു. കെ.എം മാണിയും പ്രത്യേകം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ ബജറ്റ് ചോര്‍ച്ച ധനമന്ത്രിയുടെ ഓഫീസ് പരോക്ഷമായി സമ്മതിച്ചു. സംഭവത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി. മനോജ് കുമാര്‍ കെയെയാണ് മാറ്റിയത്. വിഷയം പരിശോധിക്കുമെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആദ്യ നടപടി സ്വീകരിച്ചത്.






