
ആലപ്പുഴ: എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ കൊണ്ടുവരുന്നത് ന്യൂനപക്ഷങ്ങളെയും എന്‍.ജി.ഒകളെയും ലക്ഷ്യംവച്ചാണെന്നും ഇത്തരത്തില്‍ സംഭാവനകള്‍ സ്വീകരിക്കുന്ന ആര്‍.എസ്.എസിനെ നിയന്ത്രിക്കാന്‍ തന്റേടമുണ്ടോയെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമത്തില്‍ വിശദീകരണം നല്‍കാതെ ബില്‍ പാസാക്കാന്‍വേണ്ടി മാത്രം അമിത് ഷാ പാര്‍ലമെന്റിലെത്തിയാല്‍ ശക്‌തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കെതിരേ പെല്ലറ്റ് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ ഉത്തരവ് നല്‍കിയതാരാണെന്ന് അമിത് ഷാ വിശദീകരിക്കാതെ പ്രതിപക്ഷം സഭാനടപടികളുമായി സഹകരിക്കില്ല. ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വരാതെ ഭീരുവിനെപ്പോലെ മാറിനില്‍ക്കുകയാണ്. ഇരുസഭകളിലും വരാത്ത അദ്ദേഹം പാര്‍ലമെന്റിലെ മുറികളില്‍ ഒളിച്ചിരിക്കുന്നു. എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഡീലിമിറ്റേഷന്‍ ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് സര്‍വകക്ഷിയോഗം വിളിച്ച് സമവായമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. രാജ്യത്തെ ബാധിക്കുന്ന ഡീലിമിറ്റേഷന്‍, എഫ്.സി.ആര്‍.എ പോലെയുള്ള നിയമനിര്‍മാണങ്ങള്‍ ലാഘവത്തോടെ നടപ്പാക്കാമെന്നു മോദി ഭരണകൂടം കരുതരുത്. ഇവയില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താന്‍ അമിത് ഷാ പാര്‍ലമെന്റിലെത്തി ആദ്യം വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമത്തില്‍ വിശദീകരണം നല്‍കണം. ഡീലിമിറ്റേഷന്‍ ബില്ലിനെ അനുകൂലിക്കുമോ ഇല്ലയോയെന്നത് ഡി.എം.കെ തീരുമാനിക്കട്ടെയെന്നും ചോദ്യത്തിനു മറുപടിയായി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസിനു ജെന്‍സി തലമുറയുടെ പിന്തുണയില്ലെന്ന വാദത്തോടും കെ.സി പ്രതികരിച്ചു. പരീക്ഷാ തട്ടിപ്പിനെതിരേ കോട്ടയിലും ഡെറാഡൂണിലും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധയോഗങ്ങളില്‍ റിയല്‍ ജെന്‍സിയുടെ സാന്നിധ്യം തിരിച്ചറിയാത്തവരാണു കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. അലഹബാദിലെ ഛത്രോണ്‍ കി ഗൂഞ്ച് സമ്മേളനം തടസപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പരമാവധി ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. വന്ദേഭാരതം പൂര്‍ണമായി ആലപിക്കുന്നതു സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ ധൃതിപിടിച്ച് ഇറക്കിയതെന്തിനാണെന്നു മനസിലാകുന്നില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. സര്‍ക്കുലര്‍ ഇറക്കിയ ഉദ്യോഗസ്‌ഥനു പിഴവുണ്ടായെങ്കില്‍ അത് പരിശോധിക്കാന്‍ കഴിവുള്ള സര്‍ക്കാര്‍ ഇവിടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







Comments