
തൊടുപുഴ: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുളത്തില്‍ കല്ലുകെട്ടി താഴ്‌ത്തിയ കേസില്‍ പ്രതി കുറ്റക്കാരന്‍. കട്ടപ്പന കടമാകുഴി ഭാഗത്തെ കണ്ണമുണ്ട ഏലത്തോട്ടം മുന്‍ സൂപ്പര്‍ വൈസറായ മാത്യു ദേവസ്യ (തങ്കച്ചന്‍-63) ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 201 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നു തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ 17ന് വിധിക്കും.
2012 ജനുവരി മൂന്നിനാണ് കേസിനാസ്‌പദമായ കൊലപാതകം നടന്നത്. പാമ്പാടുംപാറയിലെ കാപ്പിത്തോട്ടത്തില്‍ തൊഴിലാളിയായിരുന്ന അമ്പിളിയാണു കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും ഇക്കാര്യം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.
ജോലിക്കെന്ന പേരില്‍ വീട്ടില്‍നിന്ന് ഇറങ്ങിയ അമ്പിളിയെ പ്രതി ആനക്കുത്തി ഭാഗത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൊലപാതകത്തിനായി മുന്‍കൂട്ടി പ്ലാസ്‌റ്റിക് കയറും പടുതയും വാങ്ങിയ പ്രതി, അമ്പിളി സ്‌ഥലത്തെത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. പാമ്പാടുംപാറ എസ്‌റ്റേറ്റിലെ വിജനമായ കാപ്പിത്തോട്ടത്തില്‍ എത്തിച്ച അമ്പിളിയെ പ്ലാസ്‌റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുടുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം നീല പടുതയില്‍ പൊതിഞ്ഞ് കല്ലുകെട്ടി കാപ്പിത്തോട്ടത്തിലെ കുളത്തില്‍ താഴ്‌ത്തി. ജോലിക്ക് പോയ അമ്പിളി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കട്ടപ്പന പോലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ പ്രതി മാത്യു ദേവസ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തു. ജനുവരി 14ന് പാമ്പാടുംപാറ കാപ്പിത്തോട്ടത്തിലെ തൊഴിലാളികള്‍ കുളത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന നീല പടുതയില്‍ പൊതിഞ്ഞ കെട്ട് കണ്ടെത്തി പോലീസില്‍ വിവരമറിയിച്ചു. പരിശോധനയില്‍ അമ്പിളിയുടെയും പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മാതാപിതാക്കള്‍ മൃതദേഹം അമ്പിളിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ശാസ്‌ത്രീയ പരിശോധനകളിലൂടെയാണ് കൊലചെയ്യപ്പെട്ടത് അമ്പിളിയാണെന്നു തെളിഞ്ഞത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്‌ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന് നിര്‍ണായകമായത്. അന്നത്തെ കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ റെജി എം. കുന്നിപ്പറമ്പനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
വിചാരണയ്‌ക്കിടെ പ്രോസിക്യൂഷന്‍ 32 സാക്ഷികളെ വിസ്‌തരിക്കുകയും 52 രേഖകള്‍ തെളിവായി ഹാജരാക്കുകയും 23 തൊണ്ടിമുതലുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്‌തു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പ്രോസിക്യൂട്ടര്‍ സനീഷ് ടി.ടി. ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍ രമേഷ്, പ്രോസിക്യൂഷന്‍ സഹായികളായ പോലീസുകാര്‍ ഇര്‍ഷാദ്, സൂരജ് എന്നിവര്‍ നടപടികള്‍ ഏകോപിപ്പിച്ചു.







Comments