
പറവൂര്‍: ബന്ധത്തില്‍നിന്ന് പിന്മാറിയ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എന്‍.എ.ഡി. കവല പുറത്തുപാറ വീട്ടില്‍ ശശികുമാര്‍-സാബിത ദമ്പതികളുടെ മകള്‍ പി.എസ്. സുരമ്യ(24)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കേക്കര മുറവന്തുരുത്ത് കോലഞ്ചേരി ഷിബി(34)നെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാവിലെ പതിനൊന്നരയോടെ മുറവന്തുരുത്തില്‍ ഷിബിന്റെ വീട്ടിലായിരുന്നു കൊലപാതകം. അഞ്ചുവര്‍ഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു. നാലുമാസം മുമ്പ് സുരമ്യ ബന്ധത്തില്‍നിന്നു പിന്മാറി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാമെന്നു പറഞ്ഞ് ഷിബിന്‍ വിളിച്ചതിനേത്തുടര്‍ന്നാണ് സുരമ്യ ഇന്നലെ രാവിലെ ബസില്‍ പറവൂരിലെത്തിയത്. സി.എ. പഠനത്തിന്റെ ഭാഗമായി ആലുവ ബാങ്ക് കവലയിലെ സ്‌ഥാപനത്തില്‍ ട്രെയിനിയായിരുന്ന സുരമ്യ അവിടേക്കു പോകുകയാണെന്നു പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. പറവൂരിലെത്തിയ സുരമ്യയെ ഷിബിന്‍ ബൈക്കില്‍ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ വാക്കുതര്‍ക്കമുണ്ടാവുകയും ഷിബിന്‍ സുരമ്യയെ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഈസമയം ഷിബിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിനുശേഷം ഷിബിന്‍ ബൈക്കില്‍ വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. കഴുത്തിലും നെഞ്ചിലും കുത്തേറ്റ സുരമ്യയെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിടിവലിയില്‍ ഷിബിന്റെ കൈകള്‍ക്കും മുറിവേറ്റു. സുരമ്യയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്ന് സംസ്‌കരിക്കും. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ എടത്തല പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ട്വന്റിട്വന്റി സ്‌ഥാനാര്‍ഥിയായി സുരമ്യ മത്സരിച്ചിരുന്നു. സഹോദരന്‍: സൂരജ്.







Comments