ഇടതുപക്ഷക്കാര്‍ക്ക് മനുഷ്യപക്ഷവും സ്വീകാര്യമാണെന്ന കാര്യത്തില്‍ ഒരു തീരുമാനമായി. പിണറായി വിജയന് തന്നെ അത് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സച്ചിദാനന്ദനൊഴിച്ച് ആര്‍ക്കെങ്കിലും തര്‍ക്കമുണ്ടാവാനിടയില്ല. ഇടതുപക്ഷത്തു നിന്നു കൊണ്ട്, ഇടതുപക്ഷത്തെ ആക്രമിച്ചാല്‍ വലതു പക്ഷത്തിന്റെ കയ്യടിയും സ്വീകാര്യതയും ഏറും. എന്നാല്‍ ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വന്തം യശസ് വിളക്കിയെടുക്കാന്‍ എം.കെ. സാനു ശ്രമിച്ചിട്ടില്ലെന്ന് പിണറായി. വ്യാജരീതികള്‍ ഉപയോഗിച്ച് തിളക്കിയെടുക്കേണ്ടതില്ലാത്ത ഭദ്രമായ സ്ഥാനം തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. എം. ലീലാവതിയുടെ ജീവിതവും എഴുത്തും മനുഷ്യപക്ഷത്താണെന്നും പിണറായി പറഞ്ഞു. ലീലാവതി ടീച്ചറെ വീട്ടില്‍ ചെന്ന് അദ്ദേഹം കാണുകയും ചെയ്തു. കമ്യൂണിസത്തിനും ഇടതുപക്ഷത്തിനും വന്നുഭവിച്ച ജീര്‍ണതകളെക്കുറിച്ച് അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം സച്ചിദാനന്ദന് നടത്തിയ വിമര്‍ശനങ്ങളെ പറയാതെ പറഞ്ഞു കൊണ്ടായിരുന്നു പിണറായിയുടെ പരാമര്‍ശങ്ങള്‍. ഇടതുപക്ഷ ഇടുക്കു തൊഴുത്തിലുള്ള വരെ മാത്രമല്ല മനുഷ്യപക്ഷത്തിന്റെ വിശാല ലോകത്തുള്ള ലീലാവതി ടീച്ചറെപ്പോലുള്ളവരേയും പരിഗണിക്കാനുള്ള നയവ്യതിയാനത്തിനും ദിശാസൂചനങ്ങളുണ്ട്. (മാതൃ. ആഗ. 3).
നാടോടി രാമായണങ്ങള്‍
നമ്മുടെ നാടോടി രാമായണങ്ങളില്‍ കൗതുകം ഉണര്‍ത്തുന്നതാണ് രാമായണം കുറത്തിപ്പാട്ട്. കിളിപ്പാട്ടിന്റെ വഴികളോട് പിണങ്ങിനില്ക്കുന്ന ഒന്നാണിത്. രാമന് സീതയില്‍ അനിഷ്ടം ഉളവാക്കുവാന്‍ കൊട്ടാരത്തിലെ അമ്മമാര്‍ ഒരു ചതിപ്രയോഗം നടത്തുന്നു. സീതയെക്കൊണ്ട് ഉണ്ണാനിരിക്കുന്ന പലകയുടെ മറുപുറത്ത് രാവണന്റെ ചിത്രം നിര്‍ബന്ധിച്ച് വരപ്പിക്കുന്നു. (സീത നല്ല ചിത്രകാരിയുമായിരുന്നു). സീത ആദ്യം ഇതിന് വഴിപ്പെടുന്നില്ല. പിന്നീട് അവരുടെ നിര്‍ബന്ധത്തിന് വഴങ്ങുന്നു. രാമന് ഉണ്ണാന്‍ വരുമ്പോള്‍ ഇരിക്കാന്‍ ഈ പലക തന്നെ നല്കുന്നു. രാമന് ചിത്രം കണ്ട് വിവരങ്ങള്‍ ആരായുന്നു. (അയോധ്യയിലെ രാജാവ് മരപ്പലകയില്‍ നിലത്തിരുന്നാണ് അമൃതേത്ത്!) സീതയുടെ ദുഃഖം ആശാന് എഴുതുന്നതിനും നൂറ്റാണ്ടുകള്‍ മുമ്പേ വംഗദേശത്തിരുന്ന് ചന്ദ്രബതിയെഴുതിയ ചന്ദ്രബതീ രാമായണത്തിന്റെയും പെണ് രാമായണങ്ങളുടേയും കഥകള്‍ സുഭാഷ് ചന്ദ്രന് പറയുമ്പോഴാണിത് നിനവില്‍ വന്നത്.
തല്ലു മാലകളുടെ കേരളം
കുടുംബാന്തരീക്ഷത്തില്‍ അശാന്തിയും അക്രമവുമുണ്ടെങ്കില് അത് കുട്ടികള്‍ക്ക് വിലക്കുകളില്ലാതെ അക്രമവാസന പ്രകടിപ്പിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് ഡോ. സി.ജെ. ജോണ്‍. വീട്ടിലെ മുതിര്‍ന്നവരുടെ അക്രമത്തിന് ഇരയായിട്ടുള്ള പല കുട്ടികളും അക്രമ മാര്‍ഗത്തിലേക്ക് പോകുമെന്ന് പഠനങ്ങള്‍ പറയുന്നു. കൗമാരപ്രായക്കാരും യുവാക്കളും നിസാര തര്‍ക്കങ്ങളുടെ പേരില്‍ കൊല്ലിലും ക്രൂരമായ തല്ലിലും ഏര്‍പ്പെടുന്ന സംഭവങ്ങള്‍ കൂടുതലാകുന്നു. യൂത്ത് വയലന്‍സും തല്ലുമാലകളും കേരളത്തില്‍ വര്‍ദ്ധിക്കുന്നു. ഇതു നിയന്ത്രിച്ചില്ലെങ്കില്‍ തെരുവോരങ്ങളില്‍ തുറന്ന തല്ലിലേര്പ്പെടുന്ന ചെറുപ്പക്കാര്‍ പതിവുകാഴ്ചയാവാമെന്നും ഡോ. ജോണ്‍. (കേരള കൗമുദി ജൂലൈ 31).
തിബത്തന്‍ പൊട്ടക്കവി
തനിച്ചു നില്ക്കാന് ശേഷിയില്ലാത്ത തണല്‍ പാര്‍ക്കും കവി കക്ഷിരാഷ്ട്രീയത്തിന്റെ കഴുതപ്പുറത്ത് തിബത്തില്‍ അലിഞ്ഞെന്നു വരും. രാഷ്ട്രീയ ഇടുക്കു തൊഴുത്തില്‍ പൊയ്ക്കാലുകളില്‍ ഉയര്‍ന്നു നില്‍ക്കാനേ ഇവര്‍ക്ക് യോഗമുള്ളൂ. സംഘം ശരണം എന്നാണ് കവിയുടെ മുദ്രാവാക്യംതന്നെ. സ്വന്തമായി ഒരു കവി ഗ്രൂപ്പ് നട്ടുവളര്ത്തുന്നുമുണ്ടത്രെ! അവര്‍ക്കിടയില്‍ അവര്‍ ഗോത്രത്തലവനാണ്. കവിയുടെ ബാഡ്ജു കുത്തി ഏതഭ്യാസത്തിനും മടിക്കില്ല. പ്രഭാവര്‍മ്മയുടെ 'കൃഷ്ണസാധക'വും വിജയ ലക്ഷ്മിയുടെ 'മീന'വുംപോലുള്ള മികച്ച കാവ്യാനുഭവങ്ങള്ക്കിടയില്, കണ്ണുകിട്ടാതിരിക്കാനൊരു തിബത്തന്‍ നോക്കുകുത്തിയാവാനേ കഴിയൂ. എന്നും കവിതയുടെ പിന് ബഞ്ചില്‍ മാത്രം ഇരിക്കാന്‍ വിധിക്കപ്പെട്ട ഒരു സീനിയര്‍ കവി കൂടിയാകുമ്പോള്‍ പിന്നെ പറയാനില്ല. (ഭാഷ, ആഗസ്റ്റ്).
വൈലോപ്പിള്ളിയുടെ 'മണ്ണാങ്കട്ട'
നെന്മണിക്കു പകരം ഒരായിരം ഇലകള്‍ തിരികെ തരുന്ന മണ്ണാങ്കട്ടയെക്കുറിച്ച് വൈലോപ്പിള്ളിയുടെ ഒരു ലേഖനമുണ്ട്. കണ്ണന് വെണ്ണയായിത്തീര്ന്ന, കരിയിലക്കൊപ്പം കാശിക്കു പോയ, ആ മണ്ണാങ്കട്ട, ശരിക്കും പൊന്നിന് കട്ട തന്നെ എന്ന് കവി സമര്‍ത്ഥിക്കുന്നു. വിശിഷ്ട വസ്തുക്കളെ മാത്രം കാണുന്ന കവികളാരെങ്കിലും മണ്ണാങ്കട്ടയെ കവിതയുടെ ശീര്‍ഷകമാക്കി അനശ്വരമാക്കണമെന്ന അപേക്ഷയും ഒപ്പമുണ്ട്്. കഥയിലോ കവിതയിലോ കടന്നിരിക്കാനുള്ള യോഗ്യത ഭൂമിയിലെ ഏതു വസ്തുവിനുമുണ്ടെന്ന് വാക്ക് വിത്ത് കുട്ടേട്ടനില്‍. 'വെയില്‍പ്പൂവ്' എന്ന മമത റോസിന്റെ കവിതയിലെ പുതുമയുള്ള നിരീക്ഷണങ്ങളില്‍ നിന്നാണിത് നാമ്പെടുത്തത്. മിക്കപ്പോഴും മാതൃ. ആഴ്ചപ്പതിപ്പിന്റെ പിന്നാമ്പുറങ്ങളാണ് മികച്ച വായനാനുഭവം നല്‍കാറുണ്ട.് 'കൊണ്ടാട്ടം'. കൊണ്ടാട്ടത്തിന് രുചിക്കുറവ് വരുത്താനിടയുള്ള ഒന്ന്! (മാതൃ. ആഴ്ച. ഓഗസ്റ്റ് 9).
മസാറയിലെ
പെണ് ജീവിതങ്ങള്‍
ഗള്‍ഫ് ജീവിതം മലയാളത്തില്‍ ഇനിയും ആവിഷ്ക്കരിക്കപ്പെടാന്‍ ബാക്കിയുണ്ടെന്നു ബെന്യാമിന്. ആടുജീവിതത്തോടെയാണ് ഗള്‍ഫ് മലയാളിയുടെ ദുരിതങ്ങള്‍ മലയാളി അറിയാന്‍ തുടങ്ങുന്നത്. അതുവരെ അയാള്‍ പണം കായ്ക്കുന്ന മരം മാത്രമായിരുന്നു. മസാറയിലെ പെണ് ജീവിതങ്ങള്‍ എന്ന പോയ്യാലി സക്കീര്‍ ഹുസൈന്റെ ഗള്‍ഫ് അനുഭവക്കുറിപ്പുകള്‍ രാഹുല്‍ ഈശ്വറിന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു ബെന്യാമിന്. ജീവിച്ചു മാത്രം പഠിക്കാന്‍ കഴിയുന്ന പ്രവാസ ജീവിതത്തിന്റെ പൊള്ളുന്ന നേര്‍ക്കാഴ്ചകളാണ് മസാറയിലെ പെണ്ണുങ്ങളെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഞാനഭിപ്രായപ്പെട്ടു. മരുഭൂമിയുടെ ജനനേന്ദ്രിയം പോലുള്ള നക്ഷത്രക്കിണര്, വാറ്റുകാരന്‍ വിനോദ്, പ്രണയ തടാകം, അറബി നാട്ടിലെ ജയില്‍ ജീവിതം തുടങ്ങിയ സക്കീര്‍ ഹുസൈന്റെ നേരനുഭവങ്ങളുടെ ചൂടും ചൂരും പകരുന്നതാണീ കൃതിയിലെ ഓരോ കഥയും. വൈശാഖന്റെ അവതാരിക.
തൂഫാന് വാര്യരും ചെന്നിത്തലയും
പല വാര്യര്മാരേയും കുറിച്ച് കേട്ടിട്ടുണ്ട്. ഉണ്ണായിവാര്യര്‍, രാമപുരത്തുവാര്യര്‍, മഞ്ജൂവാര്യര്‍, ജയരാജ് വാര്യര്‍ തുടങ്ങിയവരൊക്കെ പ്രശസ്തരായ വാര്യന്മാര്. വാര്യര്‍ സമാജത്തില്‍ അംഗത്വമില്ലാത്ത തൂഫാന് വാര്യരാണിപ്പോള് കേരളത്തില്‍ താരം. കേരളത്തില്‍ വീശിയടിക്കുന്ന ലഹരിക്കെതിരെയുള്ള തൂഫാനിലൂടെ രമേശ് ചെന്നിത്തല ഈ സര്‍ക്കാരിന്റെ ആദ്യ ഗോളടിച്ചു. എല്ലായിടത്തും ഓടിയെത്തി സ്വതസിദ്ധമായ ഊര്‍ജസ്വലതയോടെ ചെന്നിത്തല കയ്യടി നേടുന്നു. ഹരിപ്പാട്ട് സിംഹത്തിന്റെ മടയില്‍ ചെന്ന് ഓപ്പറേഷന് തൂഫാന് പട്ടം ഏറ്റുവാങ്ങിയ ഡോ. ഷിംന അസീസ് ചെന്നിത്തലയെ അസാധ്യ മനുഷ്യനാണെന്ന്് സാക്ഷ്യപ്പെടുത്തുന്നു. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനുള്ള ആര്‍ജവത്തെ സ്വാനുഭവത്തിന്റെ വെളിച്ചത്തിലവര്‍ അഭിനന്ദിക്കുന്നു. ബീഹാറില്‍ ജോലി ചെയ്യുന്ന ഈ ഡോക്ടറുടെ ഗൃഹാതുരത്വം നിറഞ്ഞ കേരള യാത്ര കഴിഞ്ഞ് ഒരു ക്വിന്റല്‍ സന്തോഷവുമായി മടങ്ങിയതിന്റെ എഫ്.ബി കുറിപ്പും വൈറലാകുന്നു.
എം.ടി. കാലം സാക്ഷി
ബഹുമുഖ സമ്പന്നമായ എം.ടി.ക്കാഴ്ചയാണ് എം.ടി. കാലം സാക്ഷി എന്ന കൃതിയെ വ്യത്യസ്തമാക്കുന്നത്. പഠനം, അനുഭവം, ഓര്‍മ്മ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും എം.ടിയെ പല കോണുകളില്‍ നിന്നും നോക്കിക്കാണുന്നു. 'പുഴ വരളുന്നു; ഒരു സംസ്കാരവും' എന്ന എം.ടി. ഓര്‍മ്മ, എന്റെ കഥ എന്നിവ ഗൃഹാതുരത്വവും പരിസ്ഥിതി സൗഹൃദവും നിറഞ്ഞ എം.ടിയുടെ കാഴ്ചപ്പാടുകളെ പ്രകാശിപ്പിക്കുന്നതാണ്. അക്കിത്തം, കാക്കനാടന്, മുകുന്ദന്, ടി. പത്മനാഭന്, സി. രാധാകൃഷ്ണന് തുടങ്ങിയവരുടെ ഓര്‍മ്മകളും, ഗുപ്തന് നായര്‍, ഒ.എന്‍.വി, അയ്യപ്പപ്പണിക്കര്‍, വൈശാഖന്, ആഷാമേനോന് എന്നിവരുടെ വാങ്മയ ചിത്രങ്ങളും ഈ കൃതിയെ സമ്പന്നമാക്കുന്നു. ഇത്രയും വൈവിധ്യവും വൈപുല്യവുമുള്ള ഒരു സ്മൃതിമണ്ഡപം എം.ടി.ക്ക് വേറെയുണ്ടാവില്ല. സംയോജകനായ സുരേന്ദ്രന് കുത്തന്നൂരിന്റെ പരിശ്രമം ഫലവത്തായിരിക്കുന്നു. (കരിമ്പന 600 രൂപ).
മഞ്ഞുപോലെ, മഴവില്ലുപോലെ
മുഖ്യധാരയില്‍ ഇടം കിട്ടാതെ പോകുന്ന എഴുത്തുകാരന്മാരേയും കലാകാരന്മാരേയും അരങ്ങിലേക്ക് കൊണ്ടു വരുന്ന ഡോ. ബിറ്റാജ് ജോസഫ് നേതൃത്വം കൊടുക്കുന്ന സാഹിത്യ സാംസ്കാരിക കൂട്ടായ്മ മഞ്ഞുപോലെ മഴവില്ലുപോലെ ഹൃദ്യമാണ്. ഇവരുടെ സംഗമമായിരുന്നു ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്നത്. തൊഴിലാളികളും പ്ര?ഫഷണലുകളും വികലാംഗരുമൊക്കെ തോരാമഴയെപ്പോലും അവഗണിച്ച് ഒത്തുകൂടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അവര്‍ കവിത ചൊല്ലി, പാട്ടുപാടി. അസൗകര്യങ്ങളെ സൗകര്യമാക്കിയ എഴുത്തുവഴികളിലെ സമരത്തെക്കുറിച്ചായിരുന്നു എന്റെ ഉദ്ഘാടന ഭാഷണം. ചങ്ങമ്പുഴക്കു പോലും വിലക്കേര്‍പ്പെടുത്തിയ രാഷ്ട്രീയ ഇടുക്കുതൊഴുത്തുകള്‍ ഇന്നും നിലനില്ക്കുന്നതും ഞാന്‍ അനുസ്മരിച്ചു.
പത്രപ്രവര്‍ത്തകനായ എം.എസ്. സജീവന്, ഗ്രന്ഥകാരനായ ഡോ. കെ.കെ. സത്യനാഥന്, കായികതാരം ലിജി ഏബ്രഹാം, സംഗീത സംവിധായകന് ജോജി ജോണ്‍സ്, അനഘ അഖില്‍, ഗംഗ സാംസണ്, ശ്രീലേഖ, രാഹുല്‍രാജ്, റോബിന് പള്ളുരുത്തി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.




Comments