
തായ്ലന്ഡിലേക്കുള്ള നീണ്ട രാത്രിപറക്കലിന്റെയും എമിഗ്രേഷന്‍ കാത്തുനില്പ്പിന്റെയും ക്ഷീണമെല്ലാം പുഞ്ചിരിയുടെ നാട്ടിലേക്ക് സ്വാഗതമോതുന്ന പ്രേമ സുധയെന്ന തായ് ഗൈഡിന്റെ പാല്‍പ്പുഞ്ചിരിയില്‍ തകര്‍ന്നു വീണു. ബാങ്കോക്ക് വിമാനത്താവളത്തില്‍നിന്നും പട്ടായ ഐയാറാ ഹോട്ടലിലേക്കുള്ള രണ്ട് മണിക്കൂര്‍ യാത്രയില്‍ ഉറക്കം എല്ലാവരേയും കെട്ടിവരിഞ്ഞിരുന്നെങ്കിലും ഇടയ്ക്കിടെ കാണുന്ന പുറംകാഴ്ചകള്‍ തായ്ലന്‍ഡിനെ കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റി മറിക്കുന്നു. വലിയ ഫൈ്ലഓവറുകളും മിനുങ്ങുന്ന കെട്ടിടങ്ങളും നിലവാരമുള്ള പാതകളും തായ്ലന്‍ഡിനെ ഒരു വികസിത രാജ്യത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ വ്യത്യസ്തമായ ഒട്ടേറെ കാഴ്ചകള്‍ ലഭിക്കുന്ന ഒരു വിദേശ രാജ്യമാണ് തായ്ലന്ഡ്. തായ്ലന്ഡിലെ പ്രുകൃതി രമണീയമായ ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ് നഗരങ്ങള്‍ ടുറിസ്റ്റുകളുടെ പറുദീസയാണ്.
രാജഭരണവും ജനാധിപത്യ ഭരണവും ഒരു പോലെയുള്ള രാജ്യമാണ് തായ്ലന്ഡ്. പണ്ട് 'സയാം' എന്ന പേരിലായിരുന്നു ഈ രാജ്യം അറിയപ്പെട്ടിരുന്നത്. വളരെ കാലം രാജാവും പട്ടാളവുമായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അടുത്ത കാലത്തായി ഭരണത്തില്‍ ജനപ്രാതിനിധ്യം കൂടിയുണ്ട്. എങ്കിലും തായ്?ലന്‍ഡിന്റെ സമ്പത്തിന്റേയും നയങ്ങളുടേയും അവസാനവാക്ക് ഇപ്പോഴും കോടീശ്വരനായ രാജാവ് തന്നെ. ചക്രി രാജവംശത്തില്‍ പെട്ട മഹാ വജിര ലോങ്കോണ്‍ അഥവാ രാമ പത്താമനാണ് നിലവിലെ രാജാവ്. നിരത്തില്‍ എല്ലാ പ്രധാന കെട്ടിടങ്ങളിലും രാജാവിന്റെ വലിയ ചിത്രങ്ങള്‍ കാണാം. രാമ ഒന്‍പതാമന്റെ കാലത്താണ് തായ്ലന്ഡ് അഭിവൃദ്ധിയിലേക്ക് ഉയരാന്‍ തുടങ്ങിയത്. എഴ് കോടിയോളം ജനങ്ങള്‍ താമസിക്കുന്ന തായ്ലന്ഡില് തായ് രാഷ്ട്ര ഭാഷയും ബാത്ത് കറന്‍സിയുമാണ്. 95 ശതമാനം ജനങ്ങളും ബുദ്ധമതസ്ഥരാണ്.
മരതകരത്നങ്ങള് ഉണ്ടാകുന്നത്
തായ്ലന്ഡില് സജീവമായ അഗ്നിപര്‍വതങ്ങള്‍ ഇപ്പോള്‍ ഒന്നും തന്നെയില്ല. ഒരുകാലത്ത് ഇവിടെ തിളച്ചു മറിയുന്ന ലാവാ പ്രവാഹങ്ങള്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. 6000 കിലോമീറ്റര്‍ ഭൂമിക്കടിയില്‍ ഉയര്‍ന്ന താപനിലയില്‍ രൂപപ്പെടുന്ന മരതകരത്?നങ്ങള്‍ ലാവയായി പുറത്ത് വന്ന് കൊല്ലങ്ങളോളം തണുത്തുറഞ്ഞ് കിടന്ന ശേഷം അവ ശേഖരിച്ച് ശുദ്ധീകരിച്ചെടുത്താണ് രത്നക്കല്ലുകള്‍ രൂപപ്പെടുത്തുന്നത്. അത്തരം വിലപിടിപ്പുള്ള രത്നക്കല്ലുകള്‍ തായ്ലന്ഡില് സുലഭമാണ്. വൈരക്കലുകളുടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള ഓരോ ഘട്ടങ്ങളും വിവരിക്കുന്ന ഒരു പ്രദര്‍ശന ശാലയിലേക്കായിരുന്നു ആദ്യ യാത്ര. ഒരു ചങ്ങല തീവണ്ടിയില്‍ കയറ്റി രത്?നക്കല്ലുകളുടെ വിവിധ ഘട്ടങ്ങളിലെ രൂപീകരണം വിശദമായി കാണിച്ചു തരുന്നു ജെംസ് വേള്‍ഡില്‍. രത്നക്കല്ലുകളുടെ വലിയ ഷോറൂമുകളുണ്ട് ഇവിടെ. വില്പനയ്ക്ക് വച്ച പല തരം രത്നാഭരണങ്ങള്‍. തലവേദനക്ക് പുരട്ടുന്ന പലതരം തൈലങ്ങളും കൂട്ടത്തില്‍ വില്പനയ്ക്കുണ്ട്. തൈലങ്ങളോടായിരുന്നു ഞങ്ങളുടെ കൂടെയുള്ളവര്‍ക്ക് ഏറെ പ്രിയം. എല്ലാവരും കുപ്പി കണക്കിന് പല തരം തൈലങ്ങളും ബാമുകളും വാങ്ങിച്ചു കൂട്ടി. ജെംസ് വേള്ഡില്നിന്നും നേരെ എത്തിയത് പട്ടായ 42 എ സൂപ്പര്‍ മാര്‍ക്കറ്റിലേക്കാണ്. സമീപം അതിവിശാലമായ പഴം പച്ചക്കറി മത്സ്യ മാര്‍ക്കറ്റും. ചീങ്കണ്ണിയെ നിറുത്തി പൊരിക്കുന്നതും അച്ചാറില്‍ മുക്കി പച്ചമീന്‍ പച്ചയായി തിന്നുന്നതും ചുറ്റിനടന്ന് കണ്ടു.
അല്‍കസര്‍ ഷോ
തായ്ലന്ഡിലെ പട്ടായയില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്ന മനോഹരമായൊരു നൃത്തവിരുന്നുണ്ട്. അല്‍കസര്‍ ഷോ. ശരിയായ പേര് അല്‍കസര്‍ കാബറെ ഷോ എന്നാണെങ്കിലും കുടുംബസമേതം കണ്ടാസ്വദിക്കാന്‍ പറ്റുന്നതാണ് ഈ നൃത്തവിരുന്ന്. ഷോയ്ക്ക് മുന്‍പും ശേഷവും കലാകാരികള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പുറത്ത് നിരത്തില്‍ വന്നു നില്ക്കും. അവര്‍ക്കൊപ്പം ഫോട്ടോകള്‍ എടുക്കാം. ടിപ്സ് കൊടുക്കാം. അത്യുജ്ജലമായ പതിനേഴോളം നൃത്തങ്ങള്‍ കോര്‍ത്തിണക്കിയതാണ് അല്‍കസര്‍ ഷോ. നര്‍ത്തകരാകട്ടെ എല്ലാവരും ട്രാന്‍സ്ജെന്‍ഡേഴ്സും. തായ്ലന്ഡിലെ ലേഡിബോയ്സ് ആണിവര്‍. ഏഷ്യയിലെ ഏറ്റവും നല്ല ഡാന്‍സ്ഷോ എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നാനൂറു കലാകാരന്മാര് അരങ്ങില്‍ നൃത്തങ്ങള്‍ അവതരിപ്പിക്കുന്നു. തായ് സംസ്കാരവും പാരമ്പര്യവുമൊക്കെ മനോഹരമായ പാട്ടുകളിലൂടെയും മികച്ച സാങ്കേതിക വിദ്യകളിലൂടെയും നൃത്ത രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു.
1981 ല്‍ ഫെട്രാക്കുള് ഫാമിലിയാണ് 350 സീറ്റുകളുള്ള ഓഡിറ്റോറിയത്തില്‍ ട്രാന്‍സ്ജെന്‍ഡറുകളുടെ ഇത്തരമൊരു പ്രദര്‍ശനത്തിന് രൂപം കൊടുത്തത്. ഇപ്പോഴത് 1200 സീറ്റുകളുള്ള തീയറ്ററില്‍ നാനൂറ് ലേഡി ബോയ്സ് പങ്കെടുക്കുന്ന പ്രദര്‍ശനമായി മാറി. ഒരു മണിക്കൂര്‍ നേരത്തിനിടയില്‍ പതിനേഴ് പെര്‍ഫോമന്‍സുകള്‍ അവതരിക്കപ്പെട്ടു. നര്‍ത്തകരുടെ മനോഹരമായ വേഷ വിധാനങ്ങളും ചടുലമായ ലൈറ്റിങ്ങും ഇന്ത്യ ഉള്‍പ്പെടെ വിവിധ ഏഷ്യന്‍ ഭാഷകളിലുള്ള പാട്ടുകളും നൃത്തങ്ങള്‍ക്ക് മാറ്റു കൂട്ടുന്നു. ആണായും പെണ്ണായും ഒരേസമയം ഡാന്‍സ് ചെയ്ത ഒരു നര്ത്തകന് കാണികളെ അമ്പരപ്പിച്ചു. പട്ടായ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു ദൃശ്യ വിസ്മയമാണ് അല്കസര്ഷോ. ഉച്ചയ്ക്കും രാത്രിയിലും ശ്രീകുമാര്‍ ഒരുക്കിയ മലയാള ഭക്ഷണം അത്യുഗ്രമായി. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രേമ സുധയുടെ നിഷ്കളങ്കമായ തായ് പൊട്ടിച്ചിരികള്‍ കാലാവസ്ഥ മാറ്റി മറിക്കുന്നു.
പട്ടായ കോറല്‍ ബീച്ച്
പച്ച കുന്നുകള്‍ക്കിടയില്‍ മനോഹരങ്ങളായ കടലും കടല്‍ത്തീരങ്ങളും മാറ്റ് കൂട്ടുന്നതാണ് പട്ടായയിലെ ഭൂപ്രകൃതി. പല തരം ജലകേളികള്‍ അരങ്ങേറുന്ന പട്ടായ കോറല്‍ ബീച്ചിലേക്കായിരുന്നു പ്രഭാതത്തില്‍ യാത്ര. കടവില്‍ തയാറായി നിന്ന ഒരു ഹൈസ്പീഡ് ബോട്ടില്‍ കയറി നടുക്കടലിലെ ഒരു ഫേ്ലാട്ടിങ് സ്റ്റേഷനിലേക്ക് മിന്നി പാഞ്ഞു. സ്പീഡ് ബോട്ടുകളും പാരഷൂട്ടും ഉപയോഗിച്ചുള്ള പാരാസെയ്?ലിങ് ഇവിടെ നിന്നുമാണ്. ഒരു പക്ഷിയായി ആകാശത്തിലൂടെ പറന്നു നടക്കുക എന്ന മനുഷ്യന്റെ എക്കാലെത്തെയും മോഹം, പത്ത് മിനിറ്റ് നേരത്തേക്കെങ്കിലും ഇവിടെ സഫലീകരിക്കുന്നു. കൂട്ടത്തിലുള്ള സ്ത്രീകളടക്കം ഒട്ടുമിക്കപേരും പാരാസെയ്ലിങ് ചെയ്തു. ഓക്സിജന്‍ സിലിണ്ടറുമായി കടലിന്നാഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് പവിഴപ്പുറ്റുകളുടെ അത്ഭുത ലോകം ദര്‍ശിക്കാനും വാട്ടര്‍ സ്കൂട്ടറുകളില്‍ കടലിലൂടെ പറക്കുവാനും ബനാന ബോട്ടിങ് ചെയ്യാനും സമീപമുള്ള പട്ടായ കോറല്‍ ബീച്ചില്‍ സൗകര്യമുണ്ട്. അടിത്തട്ട് തെളിഞ്ഞ ഇളംനീല കടല്‍ജലത്തില്‍ ഏറെ നേരം നീന്തി തുടിക്കാം.
പട്ടായ നഗരം
ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും എത്തിയ പലവിധ ജനങ്ങള്‍ സര്‍വം മറന്ന് ആഘോഷിക്കുന്നിടമാണ് പട്ടായ. ദൈവത്തിന്റെ ഏറ്റവും സൗന്ദര്യമുള്ള സൃഷ്ടികളാണ് മനുഷ്യരെങ്കില്‍, ആ സൗന്ദര്യത്തിന്റെ അമൂര്‍ത്തഭാവങ്ങള്‍ നിങ്ങള്‍ക്കിവിടെ നേരില്‍ കാണാം. വൈവിധ്യപൂര്‍ണമായ മനുഷ്യ രൂപങ്ങളുടെ സമ്മേളനം. ടൂറിസ്റ്റുകള്‍ക്ക് മാത്രമുള്ള നഗരമാണ് പട്ടായ. ജീവിതത്തിന്റെ ദൈന്യംദിന വ്യഥകളൊന്നും ഈ തെരുവുകളില്‍ കാണുന്നില്ല. വിദ്യാലയങ്ങളോ ഓഫീസുകളോ ആരാധനാലയങ്ങളോ വളരെ അപൂര്‍വം. പൊതുവെ തിരക്ക് കുറഞ്ഞ നിരത്തുകള്‍. ഗുണഭോക്താക്കളെ കാത്തിരിക്കുന്ന, തായ് സുന്ദരികള്‍ നിരന്നിരിക്കുന്ന മസാജ് പാര്‍ലറുകള്‍ നിരവധിയുണ്ട്.എവിടെ നോക്കിയാലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍, വിനോദകേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍. കൂട്ടുകാരുമായി അലസം കറങ്ങി നടക്കുന്ന പല രാജ്യക്കാരായ ടൂറിസ്റ്റുകള്‍. നമ്മള് മലയാളികളുടെ നിറസാന്നിധ്യം എങ്ങുമുണ്ട്. ലഹരിയുടെ എല്ലാ വിഭവങ്ങളും ഇവിടെ തടസ്സങ്ങളില്ലാതെ ലഭ്യമാകുന്നു. എളിമയോടെ പെരുമാറുന്ന തായ് ദേശക്കാര്‍.
അഡ്മിറല്‍ ക്രോം ലുവാങ് ജംബോണ്‍ ഖേത് ഉഡോം സക്ഡി സ്മാരകം
ഉച്ചയ്ക്ക് ശേഷം ഇസുസു ജീപ്പ് രൂപമാറ്റം വരുത്തിയ ടുക്ക് ടുക്ക് വണ്ടികളില്‍ കയറി ഒരു കുന്നിന് മുകളിലെ വ്യൂ പോയിന്റിലെത്തി. തായ്ലാന്ഡിന്റെ യുദ്ധവീരന് അഡ്മിറല്‍ ക്രോം ലുവാങ് ജംബോണ്‍ ഖേത് ഉഡോം സക്ഡിന്റെ സ്മാരകമാണ് പട്ടായ വ്യൂ പോയിന്റിലുള്ളത്. രാമ അഞ്ചാമന് രാജാവിന്റെ ഇരുപത്തിയെട്ടാം മകനായി അഡ്മിറല്‍ ക്രോം ലുവാങ് ജംബോണ്‍ ഖേത് ഉഡോം സക്ഡി 1880ല്‍ ജനിച്ചു. തായ് നാവികസേന കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം നിസ്ഥുലമായ സേവനം ചെയ്തു. പട്ടായ ബീച്ചിന്റെ വിഹഗ വീക്ഷണവും ഇവിടെ നിന്നും ലഭിക്കും. ഭീകരമായ ഒരു വ്യാളിയുമായി തായ് നൃത്തം ചെയ്യുന്ന ഒരു സംഘം യുവാക്കളെയും പരിസരത്ത് കണ്ടു. വ്യൂ പോയിന്റില്‍നിന്നും പട്ടായയിലെ പ്രാട്ടനാക് മലയുടെ മുകളിലുള്ള ബിഗ്ബുദ്ധ എന്നറിയപ്പെടുന്ന ബുദ്ധക്ഷേത്രത്തിലെത്തി. 18 മീറ്റര്‍ ഉയരത്തിലുള്ള സ്വര്‍ണ വര്‍ണമണിഞ്ഞ ബുദ്ധ വിഗ്രഹം സഞ്ചാരികള്‍ക്കും വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. തായ്ലന്ഡിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധ പ്രതിമകളിലൊന്നാണ്.
സാബു മഞ്ഞളി




Comments