
മുംബൈ: അപൂർവ്വമായ ഒരു രോഗാവസ്ഥ കാരണം ദീർഘകാലമായി ഒരു കുളത്തിൽ ജീവിക്കുകയായിരുന്ന 16 കാരന് ഇനി വിദഗ്ധ ചികിത്സ ലഭിക്കും. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെൽദംഗയിൽ നിന്നുള്ള ഇഖ്ബാൽ എന്ന കൗമാരക്കാരന്റെ ചികിത്സയ്ക് സഹായഹസ്തവുമായി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി രംഗത്തുവന്നു.
അനന്ത് അംബാനിയുടെ നിർദേശപ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നു. ഇക്ബാലിന്റെ അസാധാരണമായ അവസ്ഥ ശ്രദ്ധയിൽപ്പെടുകയും കുടുംബം സാമ്പത്തിക സഹായം തേടുകയും ചെയ്തതിനെത്തുടർന്നാണിത്. ഇഖ്ബാലിനെ സർ എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവിടെയുള്ള വിദഗ്ദ്ധരായ ഡോക്ടർമാർ അദ്ദേഹത്തിന്റെ അവസ്ഥ പരിശോധിച്ച് ചികിത്സ ആരംഭിക്കും. ശരീരത്തിൽ എപ്പോഴും എരിച്ചിൽ അനുഭവപ്പെടുന്ന ഇയാൾ രാപ്പകലില്ലാതെ ഏറെനാളായി കുളത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
രാപ്പകലില്ലാതെ കുളത്തിൽ കഴിയുന്ന ഇക്ബാലിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും, അദ്ദേഹത്തിന്റെ അസാധാരണമായ അവസ്ഥയിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. വെള്ളത്തിന് പുറത്തിറങ്ങുമ്പോൾ ശരീരമാകെ കരിച്ചിൽ അനുഭവപ്പെടുന്നുവെന്നും അതിനാൽ ദീർഘനേരം വെള്ളത്തിനടിയിൽ തന്നെ തുടരാൻ നിർബന്ധിതനാകുന്നുവെന്നും പറഞ്ഞുകൊണ്ട് ഈ കൗമാരക്കാരൻ നിരവധി ദിവസങ്ങളായി വെള്ളത്തിൽ തന്നെ കഴിയുകയായിരുന്നു. ഇത് 'ജിന്ന്' അല്ലെങ്കിൽ എന്തോ അദൃശ്യശക്തി ബാധിച്ചത് കൊണ്ടാണെന്നാണ് പ്രദേശവാസികളും ബന്ധുക്കളും കരുതിയിരുന്നത്.
കുളത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന മറ്റൊരു വീഡിയോ കൗമാരക്കാരന്റെ അവസ്ഥ കൂടുതൽ വ്യക്തമാക്കുന്നതായിരുന്നു. അപൂർവ്വമായ ആരോഗ്യ പ്രശ്നം കാരണം ബെൽദംഗയിലെ ഇഖ്ബാൽ ദീർഘകാലമായി കുളത്തിൽ തന്നെയായിരുന്നു താമസം. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു, അതിനാൽ കൃത്യമായ ചികിത്സ നൽകാൻ അവർക്ക് കഴിഞ്ഞിരുന്നുമില്ല.
ഇത്രയധികം കാലം വെള്ളത്തിൽ തന്നെ തുടരുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ച് ഡോക്ടർമാരും മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഇഖ്ബാൽ മുംബൈയിലെ ആശുപത്രിയിൽ വിദഗ്ദ്ധ പരിചരണത്തിലാണ്. അവിടെ ഡോക്ടർമാർ ഇയാളുടെ അവസ്ഥ വിലയിരുത്തുകയും കൂടുതൽ ചികിത്സ ആരംഭിക്കുകയും ചെയ്യും.







Comments