
മലയാള സിനിമ സാങ്കേതികമായി മുന്നേറി, കോടികളുടെ ബജറ്റില്‍ വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുമ്പോള്‍, കാലങ്ങള്‍ക്കു മുമ്പ് അതിനു തുടക്കം കുറിച്ചൊരു നിര്‍മാതാവുണ്ട്. ജിയോ പിക്ചേഴ്സിന്റെ അമരക്കാരന് ജിയോ കുട്ടപ്പന് എന്ന എന്‍.ജി. ജോണ്‍. ആദ്യമായി മലയാള സിനിമാ ചിത്രീകരണം അമേരിക്കയിലും കശ്മീരിലും ഹോങ്കോങ്ങിലും ജപ്പാനിലും നടത്തിയ നിര്‍മാതാവ്.
തിരശീലയില്‍ കറുപ്പും വെളുപ്പും മാത്രം കണ്ടിരുന്ന കാലം. തിരക്കഥാകൃത്ത് തോപ്പില്‍ ഭാസി സംവിധായകന്റെ മേലങ്കികൂടിയണിയുന്ന 'ശരശയ്യ' എന്ന ചിത്രത്തിന്റെ അണിയറചര്‍ച്ചകള്‍ നടക്കുന്ന സമയം. ദുഃഖപര്യവസായിയായ സിനിമയായതുകൊണ്ട് നിര്‍മാതാവിന്, മുടക്കുന്ന പണം നഷ്ടപ്പെടുമോ എന്ന ആശങ്ക. ചിത്രത്തിന്റെ വിതരണമേറ്റിരുന്ന ജിയോ പിക്ചേഴ്സ് ആ ഘട്ടത്തിലാണു നിര്‍മാണച്ചെലവ് തങ്ങള്‍തന്നെ ഏറ്റുകൊള്ളാമെന്ന ഉറപ്പുനല്‍കുന്നത്. സത്യന് നായകനായ സിനിമ റിലീസ് ചെയ്തു രണ്ടു മാസം കൊണ്ടു മുടക്കുമുതല്‍ മുഴുവന്‍ തിരിച്ചുപിടിച്ചു. തിയറ്ററുകളില്‍നിന്നു പിരിഞ്ഞുകിട്ടുന്ന തുകയുടെ അമ്പതു ശതമാനമായിരുന്നു വിതരണക്കാരുടെ കമ്മീഷന്. ആ ഇനത്തില്‍ ഒന്നര ലക്ഷം രൂപയാണ് അന്നു ജിയോയ്ക്കു ലാഭം കിട്ടിയത്. ഇന്നത്തെ കണക്കില്‍ നോക്കിയാല്‍ നൂറു കോടിയുടെ തിളക്കം ആ വിജയത്തിനുണ്ട്.
മലയാള സിനിമയില്‍ ഉദയായുടെയും മെരിലാന്ഡിന്റെയും പടയോട്ടത്തിനു മുമ്പു വെന്നിക്കൊടി പാറിച്ച ജിയോ പിക്ചേഴ്സിന്റെ അമരക്കാരനാണ് ഇന്നലെ വിടവാങ്ങിയ ജിയോ കുട്ടപ്പന്. അദ്ദേഹത്തിന്റെ ജീവിതം എന്നതു മലയാള സിനിമയുടെ ചരിത്രംതന്നെയാണെന്നു പറയാം. മലയാള സിനിമയില്‍ നാഴികക്കല്ലായ കുറേ ചിത്രങ്ങള്‍ നിര്‍മിക്കുകയും ധാരാളം ചിത്രങ്ങള്‍ വിതരണത്തിനെടുക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പേര് സിനിമയുടെ ചരിത്രത്താളുകളിലുണ്ട്.
മലയാള സിനിമയുടെ ചിത്രീകരണ ഇടങ്ങളിലും നിര്‍മാണ രീതികളിലും വളരെയേറെ പുതുമ കൊണ്ടുവന്ന നിര്‍മാതാവാണ് എന്‍.ജി. ജോണ്‍. 'ഏഴാം കടലിനക്കരെ' അമേരിക്കയില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയാണ്. 'തുഷാരം' കശ്മീരിന്റെ പശ്ചാത്തലത്തിലുള്ള ആദ്യ ചിത്രവും 'ഇനിയെങ്കിലും' ഹേങ്കോങ്ങിലും ജപ്പാനിലും ചിത്രീകരിച്ച ആദ്യചിത്രം. വിദേശരാജ്യങ്ങളിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ചിത്രീകരണം നടത്തുക വഴി മലയാളസിനിമയുടെ വിപണന സാധ്യതകള്‍ വിപുലീകരിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കു നിര്‍ണായം.
ഏഴു പതിറ്റാണ്ടാണ് അദ്ദേഹം മലയാള സിനിമയില്‍ നിറഞ്ഞുനിന്നത്. വമ്പന്‍ വിജയങ്ങളും ചില പരാജയങ്ങളും ഇടകലര്‍ന്നതാണ് അദ്ദേഹത്തിന്റെ കാലം. കുഞ്ചാക്കോയും പി. സുബ്രഹ്മണ്യവും ശക്തിപ്രാപിക്കുന്നതിനുമുമ്പു കോടമ്പാക്കം കേന്ദ്രീകരിച്ചെത്തിയ മലയാള സിനിമാ കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് എന്‍.എക്സ്. ജോര്‍ജ് മലയാളത്തിലെ ആദ്യകാല സിനിമാ വിതരണക്കാരില്‍ ഒരാളാണ്.
എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കവുമാണ് കുട്ടപ്പന്റെ സജീവമായ കാലഘട്ടം. ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഈ കാലയളവില്‍ അദ്ദേഹം നിര്‍മിച്ചതിലേറെയും. മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ 'ഈനാട്' ഏറ്റവം ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്.
രാഷ്ട്രീയം പറയുന്ന സിനിമകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിത്തുടങ്ങിയ തൊണ്ണൂറുകള്‍ മുതല്‍ ഇന്നു വരെ കണക്കിലെടുത്താല്‍ ഇത്തരം ചിത്രങ്ങളുടെ തുടക്കം 'ഈനാട്' ആണ് എന്നു പറയാം.
60 വയസ് പിന്നിട്ടപ്പോള്‍ കമല്ഹാസന് തന്റെ ചലച്ചിത്ര ജീവിതത്തെ സ്വാധീനിച്ച 60 സിനിമകള്‍ അടയാളപ്പെടുത്തിയിരുന്നു. ആ പട്ടികയില്‍ 1982-ല്‍ റിലീസായ 'ഈനാട്' ഉണ്ടായിരുന്നു. 125 ദിവസം തുടര്‍ച്ചയായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം 1982 ലെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം കരസ്ഥമാക്കിയിരുന്നു. 1980-ല്‍ പി.വി. ഗംഗാധരന് നിര്‍മിച്ച 'അഹിംസ' യിലൂടെ ഐ.വി. ശശിയും ടി. ദാമോദരനും തുടക്കമിട്ട നോണ്‍ ലീനിയര്‍ രാഷ്ട്രീയ ചലച്ചിത്ര പരമ്പരയുടെ തുടര്‍ച്ചയായിരുന്നു ഈ ചിത്രം. മമ്മൂട്ടി, ബാലന് കെ. നായര്‍, രതീഷ്, ലാലു അലക്സ്, കൃഷ്ണചന്ദ്രന്, കുതിരവട്ടം പപ്പു, ടി.ജി. രവി, രവീന്ദ്രന്, ശ്രീനിവാസന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച മള്‍ട്ടിസ്റ്റാര്‍ സിനിമ അന്നത്തെ കാലത്ത് ആവേശമായിരുന്നു.
എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയില്‍ ജിയോ കുട്ടപ്പന് അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ കോമ്പൗണ്ട് ഭിത്തിയില്‍ കണ്ട 'ട്രേഡ്യൂണിയന്‍ മുതലാളിമാരെ ഒറ്റപ്പെടുത്തുക' എന്ന മുദ്രാവാക്യത്തില്നിന്നായിരുന്നു ഈ സിനിമയുടെ തുടക്കം. ഈ ചിത്രത്തിന്റെ അവകാശത്തിനുവേണ്ടി മറ്റു ഭാഷകളില്നിന്നുവരെ ധാരാളം ഓഫറുകളാണ് വന്നത്. സിനിമയുടെ തിരക്കഥാ അവകാശത്തിനായി തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.ജി.ആറും പ്രതിപക്ഷ നേതാവ് കരുണാനിധിയും തമ്മില്‍ മത്സരിച്ചു. മദ്രാസില്‍ 'ഈനാട്' മലയാളത്തില്‍ത്തന്നെ റിലീസ് ചെയ്തു നിറഞ്ഞ സദസില്‍ പ്രദര്‍ശനം നടത്തിക്കൊണ്ടിരുന്ന സമയത്തായിരുന്നു ഈ നീക്കം.
ഒരു ദിവസം ഉച്ചകഴിഞ്ഞ് എം.ജി.ആറിന്റെ പഴ്സണല്‍ അസിസ്റ്റന്റ് വേലപ്പന്റെ ഫോണ്‍ സന്ദേശം കുട്ടപ്പനെത്തേടിയെത്തി. എം.ജി.ആറിന് അടിയന്തരമായി ഒന്നു കാണണം. വൈകുന്നേരം ടീ നഗറിലെ വീട്ടില്‍ പോയി എം.ജി.ആറിനെ കണ്ടു. 'ഈനാട്' സിനിമ തമിഴിലെടുക്കാനുള്ള അവകാശം അദ്ദേഹത്തിന്റെ ഉടസ്ഥതയിലുള്ള എം.ജി.ആര്. പിക്ച്ചേഴ്സിനു വേണം. എന്നാല്‍, കരുണാനിധി സിനിമയുടെ അവകാശം കരസ്ഥമാക്കുന്നത് തടയാനാണ് എം.ജി.ആര്. ശ്രമിക്കുന്നതെന്നു മനസിലാക്കിയ കുട്ടപ്പന് തന്ത്രപരമായ നിലപാടെടുത്തു. അവസാനം കഥയുടെ അവകാശം സ്വന്തമാക്കി കരുണാനിധിയുടെ പുംപുഹാര്‍ പിക്ച്ചേഴ്സ് തന്നെ 'ഇതു എങ്ക നാട്' എന്ന പേരില്‍ തമിഴില്‍ സിനിമ ഇറക്കി. തെലുങ്കില്‍ 'ഈ നാട്' എന്ന പേരിലും ഹിന്ദിയില്‍ ടി. രാമറാവുവിന്റെ സംവിധാനത്തില്‍ ജിതേന്ദ്രയും കമല്‍ഹാസനും നായകന്മാരായി 'യേ ദേശ്' എന്ന പേരിലും റീമേക്ക് ചെയ്തു.
മീന്‍ (1980), തുഷാരം (1981), ഈനാട് (1982), ഇന്നല്ലെങ്കില്‍ നാളെ (1982), ഇനിയെങ്കിലും (1983), ഉണരൂ (1984), മിനിമോള്‍, ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, രജനീഗന്ധി, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, ഇത്രയും കാലം തുടങ്ങിയ ചിത്രങ്ങളും ജിയോ കുട്ടപ്പന് നിര്‍മിച്ചവയാണ്. മണിരത്നം സംവിധാനം ഏക മലയാള സിനിമയാണ് 'ഉണരൂ'. മണിരത്നത്തിന്റെ രണ്ടാമതു ചിത്രവും ഇതുതന്നെ.
1939 ല്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ചേബര്‍ ഓഫ് കോമേഴ്സ് രൂപം കൊണ്ട കാലം മുതല്‍ ജിയോ പിക്ച്ചേഴ്സ് സംഘടനയില്‍ അംഗമായിരുന്നു. 1966-ല്‍ അദ്ദേഹം കേരള ഫിലിം ചേബര്‍ പ്രസിഡന്റും സൗത്ത് ഇന്ത്യന്‍ ഫിലിം ചേബറിന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു. ആറു വര്‍ഷം ഫിലിം ചേംബര്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
മലയാള സിനിമയുടെ ഏഴു പതിറ്റാണ്ടിന്റെ ചരിത്രം പറയുന്ന 'സിനിമയും ഞാനും-70 വര്‍ഷങ്ങള്‍' എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. 1939-ല്‍ 'ശൈശവ വിവാഹം' എന്ന നിശബ്ദ സിനിമ കാണാന്‍ കായംകുളത്തു ടാക്കീസില്‍ പോയ അനുഭവം ഈ പുസ്തകത്തിലുണ്ട്.
മദിരാശി ലയോള കോളജില്‍നിന്ന് 1954-ല്‍ ബിരുദം പൂര്‍ത്തിയാക്കിയിറങ്ങുമ്പോള്‍ 150-ലേറെ സിനിമകള്‍ കണ്ട് അനുഭവിച്ചതാണ് അക്കാലത്തെ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറയാറുണ്ട്. അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ മെഡിസിനു ചേരാനുള്ള പ്രവേശനക്കത്തു കിട്ടിയശേഷമാണ് അതുപേക്ഷിച്ച് അച്ഛന്റെ സഹായിയായി മുഴുവന്‍ സമയ ചലച്ചിത്രപ്രവര്ത്തകനാകാന് തീരുമാനമെടുത്തത്.
1977 ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത പ്രേംനസീര്‍ നായകനായ മിനിമോള്‍ ആയിരുന്നു ജിയോ മൂവി പ്ര?ഡക്ഷന്‍സിന്റെ ആദ്യ മലയാള സിനിമ. 1954 ല്‍ കുട്ടപ്പന് ജിയോ മൂവീസിന്റെ ചുമതലയില്‍ വന്നശേഷം 1984 വരെ 90 മലയാള സിനിമകള്‍ കേരളത്തില്‍ വിതരണം ചെയ്തു. അതില്‍ 20 എണ്ണം വിജയം. 70 എണ്ണം പരാജയവും. 84-നുശേഷവും ജിയോ വിതരണരംഗത്തു തുടര്‍ന്നെങ്കിലും മത്സരരംഗം മുറുകിയതോടെ കളമൊഴിഞ്ഞു.
ബിനോയ് വിദ്യാസാഗര്‍



Comments