
ഹരിപ്പാട് കരുവാറ്റയില്‍ 67 വയസ്സുകാരനെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വശം കൊലയുടെ ക്രൂരത മാത്രമല്ല;അതിന്റെ ആസൂത്രണത്തില്‍ 13 വയസ്സുകാരി നിര്‍ണായക പങ്കുവഹിച്ചു എന്നത് കൂടിയാണ്. കൊലപാതകം നടത്തിയവരിലും പ്രായപൂര്‍ത്തിയാകാത്തവരുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മക്കള്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍, കുടുംബബന്ധങ്ങളിലും കുട്ടികളുടെ മാനസികലോകത്തും സംഭവിക്കുന്ന അപകടകരമായ മാറ്റങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്.
പോലീസ് പറയുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍, കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ ജീവിതത്തില്‍ കുടുംബപ്രശ്നങ്ങള്‍, അമ്മയുടെ അസാന്നിധ്യം, ബന്ധുഗൃഹങ്ങളിലെ താമസം, വീട്ടിലെ അക്രമത്തെക്കുറിച്ചുള്ള പരാതികള്‍, പലതവണ വീട്ടില്‍നിന്ന് ഇറങ്ങിപ്പോകല്‍, മോശം കൂട്ടുകെട്ടുകള്‍ തുടങ്ങിയവ ഉണ്ടായിരുന്നു. ഇവയൊന്നും കൊലപാതകത്തിന് ന്യായീകരണമല്ല. എന്നാല്‍, സഹായത്തിനായുള്ള കുട്ടിയുടെ വിളികള്‍ നേരത്തേ കേള്ക്കപ്പെട്ടിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. ഒരു കുട്ടി വീട്ടിലെ അക്രമത്തെക്കുറിച്ച് പറയുകയോ പലതവണ ഒളിച്ചോടുകയോ ചെയ്യുമ്പോള്‍, അത് 'വഴിതെറ്റിയ കുട്ടി' എന്ന് മുദ്ര കുത്തുന്നതില്‍ ഒതുക്കാതെ അപകടസൂചനയായി കാണണം.
ഇന്ന് മൊബൈല്‍ ഫോണ്‍ ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമല്ല;തെറ്റായ കൂട്ടുകെട്ടുകളും കുറ്റകൃത്യങ്ങളുടെ ആസൂത്രണവും സാധ്യമാക്കുന്ന ഉപകരണമുമാണ്. അതിനാല്‍ ഡിജിറ്റല്‍ നിയന്ത്രണത്തോടൊപ്പം ഉത്തരവാദിത്വവും കുട്ടികളെ പഠിപ്പിക്കണം.
ഇവിടെ മറ്റൊരു പ്രധാന ചോദ്യമുണ്ട്. കുട്ടിക്ക് ഉറ്റബന്ധുവില്നിന്ന് ദുരുദ്ദേശ്യപരമായ പെരുമാറ്റം നേരിട്ടിരുന്നെങ്കില്‍, അത് തുറന്നു പറയാനും ഉടന്‍ സംരക്ഷണം ലഭിക്കാനും സംവിധാനമുണ്ടായിരുന്നോ? കുട്ടികളുടെ പരാതികളെ കുട്ടികളുടെ പ്രശ്നം എന്നു ലഘൂകരിക്കുന്ന കുടുംബവും സമൂഹവും വലിയ ഉത്തരവാദിത്വം ഏറ്റെടുക്കണം. പരാതി പറയുന്ന കുട്ടിയെ കുറ്റപ്പെടുത്തുകയോ നിശബ്ദയാക്കുകയോ ചെയ്യുന്നതിനു പകരം സുരക്ഷിതമായ ഇടം നല്‍കണം.
അതുപോലെ, കുടുംബം തകര്‍ന്നാല്‍ കുട്ടിയുടെ സംരക്ഷണഭാരം ബന്ധുക്കളിലേക്കോ അയല്ക്കാരിലേക്കോ മാത്രം മാറ്റിവയ്ക്കാനാവില്ല. ശിശുസംരക്ഷണ സംവിധാനങ്ങള്‍ക്ക് തുടര്‍പരിചരണവും മാനസിക പിന്തുണയും ഉറപ്പാക്കേണ്ട ബാധ്യതയുണ്ട്. ഒരു കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല; അവന് എന്തിനാണ് അവിടെനിന്ന് പോയതെന്ന് അന്വേഷിക്കുകയാണ് പ്രധാനം.
പരിഹാരം ശിക്ഷയില്‍ മാത്രം ഒതുങ്ങരുത്. സ്കൂളുകളില്‍ ഫലപ്രദമായ കൗണ്‍സലിങ്, അധ്യാപകര്‍ക്ക് പെരുമാറ്റമാറ്റങ്ങള്‍ തിരിച്ചറിയാനുള്ള പരിശീലനം, കുടുംബം-സ്കൂള്‍-പോലീസ്-ശിശുസംരക്ഷണ സംവിധാനങ്ങളുടെ ഏകോപനം അനിവാര്യമാണ്. വീട്ടില്‍നിന്ന് പലതവണ ഇറങ്ങിപ്പോകുന്ന കുട്ടിയെ കണ്ടെത്തി തിരിച്ചെത്തിക്കുന്നതോടെ ഉത്തരവാദിത്വം അവസാനിക്കരുത്;കാരണം കണ്ടെത്തി സുരക്ഷ ഉറപ്പാക്കണം.
കുറ്റം ചെയ്ത കുട്ടികള്‍ക്ക് നിയമപരമായ ഉത്തരവാദിത്വം ഉണ്ടെങ്കിലും, ജുവനൈല്‍ നീതിന്യായത്തിന്റെ ലക്ഷ്യം ശിക്ഷയ്ക്കൊപ്പം പുനരധിവാസവുമാകണം. കുട്ടികളെ കുറ്റവാളികളാക്കുന്ന സാഹചര്യങ്ങള്‍ തടയാന്‍ കുടുംബങ്ങള്‍ കുട്ടികളെ കേള്‍ക്കുകയും വിശ്വസിക്കുകയും അതിരുകള്‍ പഠിപ്പിക്കുകയും വേണം. കുട്ടികള്‍ക്ക് അവകാശങ്ങള്‍ പഠിപ്പിക്കുന്നതുപോലെ ഉത്തരവാദിത്വവും പഠിപ്പിക്കണം. പകയ്ക്ക് നിയമത്തിന്റെ സ്ഥാനം ഏറ്റെടുക്കാനാവില്ല;ദുരനുഭവങ്ങള്‍ക്ക് പരിഹാരം പ്രതികാരമല്ല, നിയമപരമായ സഹായമാണ്. കുടുംബം പരാജയപ്പെടുന്നിടത്ത് സ്കൂളും സമൂഹവും സംസ്ഥാനവും ഇടപെടണം. ഇതാണ് കുട്ടിക്കാലത്തെ സംരക്ഷിക്കുന്ന യഥാര്‍ഥ സാമൂഹിക ഉത്തരവാദിത്വം.
ഒരു കുട്ടി കുറ്റവാളിയാകുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഒരാള്‍ മാത്രമായിരിക്കാം;പക്ഷേ അവന് അവിടെ എത്തുന്നതിനു മുമ്പ് സമൂഹത്തിലെ പല വാതിലുകളും അടഞ്ഞിട്ടുണ്ടാകാം. ആ വാതിലുകള്‍ നേരത്തേ തുറക്കുക തന്നെയാണ് യഥാര്‍ഥ പ്രതിരോധം.



Comments