
കോട്ടയം: അവയവദാനങ്ങള്‍ വലിയ ആഘോഷങ്ങളാകുന്ന കാലമാണിത്. ശരിയാണ്, പ്രാണന് പോലും കൈവിടുമെന്ന അവസ്ഥയില്‍ നിന്ന് പുതുജീവനിലേക്ക് മടങ്ങിയെത്തുക വലിയ കാര്യം തന്നെയാണ്. വൈദ്യശാസ്ത്രത്തിന്റെ ഈ മഹാത്ഭുതത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിയാവില്ല. എന്നാല്‍ മനുഷ്യജീവനെ കച്ചവടമാകുന്ന തട്ടിപ്പാണ് ഇതെന്ന മറുവാദവും ഉയരുന്നുണ്ട്. മരുന്ന് മാഫിയയാണ് ലോകം നിയന്ത്രിക്കുന്നതെന്നും അവയവദാനം മഹാതട്ടിപ്പാണെന്നും അഭിപ്രായപ്പെട്ട നടന് ശ്രീനിവാസന് ഒടുവില്‍ മാപ്പ് പറയേണ്ടിവന്നത് നാം കണ്ടതാണ്.
അവയവദാനങ്ങള്ക്കൊപ്പം മസ്തിഷ്കമരണങ്ങളുടെ എണ്ണവും വലിയ തോതില്‍ വര്‍ധിക്കുന്നുണ്ട്. ഈ മരണങ്ങള് എല്ലാം സ്വാഭാവികം തന്നെയാണോ എന്ന വലിയ ചോദ്യമാണ് ഡോ. എസ്. ഗണപതി ഉന്നയിക്കുന്നത്. കൊല്ലം മരത്തടി സ്വദേശിയായ ഇദ്ദേഹം അവയവ വ്യാപാരത്തിനെതിരെ നിയമപോരാട്ടത്തിലാണ്.
ഡോ. ഗണപതി തന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് വിവരിക്കുകയാണ്, മംഗളം ഓണ്‍ലൈന്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍
നിരവധി അവയവദാനങ്ങളും മസ്തിഷ്കമരണങ്ങളുമാണ് രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തും പുറത്തുമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഡോ. ഗണപതി ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം സ്വാഭാവിക മരണങ്ങള് തന്നെയാണോ...? ഒരാളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചോ എന്ന് മനസ്സിലാക്കുന്ന പരിശോധനയില്‍ തുടങ്ങുന്നു സംശയങ്ങള്‍.
ജീവനെടുക്കുന്ന പരിശോധനകള്‍
പരിശോധനയുടെ ദൃശ്യങ്ങള്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഗണപതി റിട്ട് പെറ്റീഷന് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ അവയവ വ്യാപാരത്തെ സഹായിക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.
നന്നേ ചിലവ് കുറഞ്ഞ ആഞ്ചിയോഗ്രാം, ഇ.ഇ.ജി എന്നീ പരിശോധനകളുടെ സാധ്യതകള്‍ നിലനില്ക്കുമ്പോള് തന്നെ മിക്ക ആശുപത്രികളിലും നടത്തുന്നത് അപകടസാധ്യതയേറിയ അപ്നിയ ടെസ്റ്റാണ്.
ഫെബ്രുവരി രണ്ടിന് പുറത്തിറക്കിയ ഉത്തരവിലാണ് അപ്നിയ ടെസ്റ്റുകളെ പറ്റി പരാമര്‍ശിക്കുന്നത്. വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ശ്വാസം നഷ്ടമായോ എന്നറിയാനുള്ള പരിശോധനയാണിത്. എന്നാല്‍ ഇത് വേണ്ടവിധമല്ല ചെയ്യുന്നതെങ്കില്‍ രോഗിക്ക് ഹൃദയസ്തംഭനം അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ആപ്നിയ ടെസ്റ്റുകള്‍ നടത്തുന്നതിന് നിരവധി പരിമിതികളുണ്ട്. അപകടസാധ്യത ഏറെയുള്ള ഈ പരിശോധന നടത്തുന്നതിന് യാതൊരു വിധ മുന്‍കരുതലുകളും സംസ്ഥാനത്തെ ആശുപത്രി അധികൃതര്‍ സ്വീകരിക്കാറില്ലെന്നും പരാതിക്കാരന് പറഞ്ഞു.
90 ശതമാനം അവയവമാറ്റ ശസ്ത്രക്രിയകളും സ്വകാര്യ ആശുപത്രികളിലാണ് നടക്കുന്നതും. അടുത്തിടയുണ്ടാകുന്ന മസ്തിഷ്കമരണങ്ങളുടെ എണ്ണം പെരുകുന്നതില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാണിച്ച പരാതിക്കാരന് നേരത്തേയും കോടതിയെ സമീപിച്ചിരുന്നു. മൂന്നര വര്‍ഷം കൊണ്ട് കേരളത്തില്‍ ഉണ്ടായിരിക്കുന്നത് 220 മസ്തിഷ്കമരണങ്ങളാണ്. എന്നാല്‍ ഡോ. ഗണപതിയുടെ പരാതിക്ക് പിന്നാലെ ഇതിന്റെ എണ്ണം കുറഞ്ഞതായും അദ്ദേഹം എടുത്തുക്കാണിക്കുന്നു.
മരണവും വിറ്റ് കാശാക്കുന്നവര്‍
മസ്തിഷ്കമരണം എന്നത് തലച്ചോറിന്റെ ഒരു ഭാഗത്തെ പ്രവര്‍ത്തനം നിലയ്ക്കുന്നത് മാത്രമാണെന്ന് ഡോ. ഗണപതി വിവരിക്കുന്നു. എന്നാല്‍ അത് മൂലം ഹൃദയമിടുപ്പ് നിലയ്ക്കുകയോ മറ്റ് ആന്തരീക അവയവങ്ങള്‍ക്ക് കുഴപ്പങ്ങള്‍ സംഭവിക്കുകയോ ചെയ്യാതിരിക്കാം. ജര്‍മ്മനിയില്‍ ഇത്തരത്തില്‍ മസ്തിഷ്കമരണം സംഭവിച്ച 12 ഗര്‍ഭിണികള്‍ നാല് മുതല്‍ എട്ട് ആഴ്ച്ചകള്‍ വരെ അതേ ഗര്ഭാവസ്തയില് തുടരുകയും ആരോഗ്യവാന്മാരായ കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അവയവ വ്യാപാരത്തിന് വഴിയൊരുക്കുന്ന തരത്തില്‍ കേരളത്തില്‍ മസ്തിഷ്ക മരണങ്ങള് പെരുകുന്നതില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഡോ. ഗണപതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. സ്വകാര്യ ആശുപത്രികള്‍ അവയവ വ്യാപാരം നടത്താന്‍ വേണ്ടി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നുവെന്നായിരുന്നു എന്നാണ് പ്രധാന ആരോപണം. ഈ ഹര്‍ജി നിലനില്‍ക്കെ ആരോഗ്യവകുപ്പ് സെക്രട്ടറി ജനുവരി 26-ന് യോഗം വിളിച്ചു. മസ്തിഷ്ക മരണം സ്ഥിരീകരിക്കാന്‍ കുറ്റമറ്റ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്ന് ഹര്ജിക്കാരന് ഉറപ്പും നല്കി. ഇതിനു ശേഷം സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഉത്തരവിറക്കാതെ ആരോഗ്യ സെക്രട്ടറി വീണ്ടും യോഗം വിളിച്ചെന്നും ഹര്‍ജിക്കാരനെ ക്ഷണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന നാലംഗ പാനലില്‍ ഒരു സര്‍ക്കാര്‍ ഡോക്ടറും സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരും വേണമെന്നാണ് വ്യവസ്ഥ. ഇതിന് പുറമെ നടപടികളും ചികിത്സാ തീയതിയും സമയവും സഹിതം വീഡിയോയില്‍ പൂര്‍ണവിവരങ്ങള്‍ പകര്‍ത്തണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും കൃത്യമായി പാലിക്കുന്നില്ല.
ചെന്നൈയിലും പരിസരങ്ങളിലുമായി ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്ന ഭിക്ഷക്കാരുടേയും കുട്ടികളുടെ തിരോധാനവും ഇത്തരം മാഫിയകളിലേക്ക് നീളുന്നുവെന്ന തരത്തിലുള്ള സംശയവും ഡോ. ഗണപതി ഉന്നയിക്കുന്നു.