
ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ 1984-ലെ സിഖ് വിരുദ്ധ കലാപത്തിനിടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി. സജ്ജന്‍ കുമാര്‍ (80) അന്തരിച്ചു. തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്ന സജ്ജന്‍ കുമാറിനെ ശാരീരികാസ്വാസ്ഥ്യം മൂലം സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന സജ്ജന്‍ കുമാര്‍ മൂന്ന് തവണ ഔട്ടര്‍ ഡല്‍ഹി മണ്ഡലത്തില്‍നിന്ന് ലോക്സഭയിലെത്തി. 2018-ല്‍ കോടതി ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
വ്യാപകമായ അക്രമണത്തിനിടയില്‍ പലം കോളനിയിലെ രാജ് നഗര്‍ പാര്‍ട്ട്-ഒന്നില്‍ അഞ്ച് സിഖ് പുരുഷന്മാരെ കൊലപ്പെടുത്തുകയും ഒരു ഗുരുദ്വാര കത്തിക്കുകയും ചെയ്തെന്ന കേസിലാണ് സജ്ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടത്. സജ്ജന്‍ കുമാറിനെ വെറുതെവിട്ട 2013 ലെ വിചാരണക്കോടതി വിധി റദ്ദാക്കിക്കൊണ്ട് 2018 ല്‍ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തനിക്കെതിരെയുള്ള ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് സജ്ജന്‍ കുമാര്‍ നല്കിയ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍, കലാപത്തിനിടെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ചുള്ള രണ്ട് കേസുകളില്‍ ഡല്‍ഹി കോടതി സജ്ജന്‍ കുമാറിനെ വെറുതെവിട്ടിരുന്നു. എന്നാല്‍, അക്രമവുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്നത് തുടര്‍ന്നതിനാല്‍ ജയില്മോചാനം ലഭിച്ചില്ല. 2025 ഫെബ്രുവരിയില്‍, സരസ്വതി വിഹാര്‍ കേസില്‍ റൗസ് അവന്യൂ കോടതി സജ്ജന്‍ കുമാറിന് മറ്റൊരു ജീവപര്യന്തം തടവ് കൂടി വിധിച്ചു. ജസ്വന്ത് സിങ്, മകന് തരുണ്‍ദീപ് സിങ് എന്നിവരെ ആള്‍ക്കൂട്ടം തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയാണ് ശിക്ഷിച്ചത്.
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1984 ഒക്ടോബര്‍ 31 നാണ് സിഖ് അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചതിനെത്തുടര്‍ന്നു ഡല്‍ഹിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സിഖ് വിരുദ്ധ കലാപം ആളിക്കത്തിയത്.





Comments