
വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ അധ്യാപികയുടെ മര്‍ദനത്തിന് ഇരയായ ആറുവയസുകാരന് സ്കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. വിശാഖപട്ടണത്തെ വണ്‍ ടൗണ്‍ ഏരിയയിലുള്ള സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയായ പ്രണവ് തേജയാണ് മരിച്ചത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അധ്യാപിക മുഖത്തടിച്ചതോടെയാണ് കുട്ടി കുഴഞ്ഞുവീണതെന്ന് കുടുംബം ആരോപിച്ചു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അടിയേല്‍ക്കുന്നതിന് മുന്നേ കുട്ടി കൈക്കൊണ്ട് അരുതെന്ന് കരഞ്ഞപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പേടിച്ചരണ്ട കുട്ടി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുന്നതും കാണാം. വീട്ടില്‍നിന്ന് വളരെ ആരോഗ്യത്തോടെയാണ് മകന് സ്കൂളിലേക്കിറങ്ങിയിരുന്നതെന്ന് പിതാവ് പറഞ്ഞു. എന്നാല്‍, ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിക്ക് എന്തോ സംഭവിച്ചതായി ബന്ധുക്കള്‍ക്ക് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. സ്കൂള്‍ അധികൃതര്‍ നേരിട്ട് വിവരമറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പേ കുട്ടി മരിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.





Comments