
ന്യൂഡല്‍ഹി: നീറ്റ് ചോദ്യച്ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്ദറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേരേ പോലീസും കേന്ദ്രസേനയും അതിക്രമം നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര വിദഗ്ധസമിതി (എച്ച്.പി.ഇ.സി) രൂപീകരിച്ചു.
വിദ്യാര്‍ഥികള്‍ ആക്രമിച്ചെന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ നല്കിയ പരാതികളിലും സമിതി അന്വേഷണം നടത്തും.
പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടന്നെന്ന പരാതികള്‍ക്കു മുന്‍ഗണന നല്കാനുംചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
സുപ്രീം കോടതി മുന്‍ ജഡ്ജി ആര്. സുഭാഷ് റെഡ്ഡിയാണ് സമിതിയുടെ അധ്യക്ഷന്‍. പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ശാലിന്ദര്‍ കൗര്‍, സി.ബി.ഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, റിട്ട.മേഘാലയ ഡി.ജി.പി എല്‍.ആര്. ബിഷ്ണോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
അംഗങ്ങളുടെ അനുഭവപരിചയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് സമിതി രൂപീകരിച്ചതെന്ന് കോടതി പറഞ്ഞു. സമിതിയുടെ ശിപാര്‍ശകള്‍ കോടതിക്ക് സഹായകരമാകും.
എല്ലാ വിഷയങ്ങളും സമഗ്രമായി വിലയിരുത്താന്‍ സമിതിക്ക് കഴിയുമെന്നും ബെഞ്ച് പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധക്കാര്‍ക്ക് ഏറ്റ ഗുരുതരമായ പരുക്കുകളെക്കുറിച്ചും അന്വേഷിക്കും.





Comments