ക്വലാലംപൂര്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനായ നാമിന്റെ വധത്തില്‍ മലേഷ്യന്‍ പോലീസ് പിടികൂടിയ ഉത്തരകൊറിയന്‍ പൗരനെ വിട്ടയച്ചു. ഇയാള്‍ കുറ്റക്കാരനാണെന്ന തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൗരനെ തിരിച്ച് ഉത്തരകൊറിയയിലേക്ക് തിരിച്ചയയ്ക്കുന്നതെന്ന് മലേഷ്യ വ്യക്തമാക്കി.
നാമിന്റെ വധത്തിനു പിന്നില്‍ ഉത്തരകൊറിയ തന്നെയാണെന്ന ആരോപണം മലേഷ്യ ഉയര്‍ത്തിയിരുന്നു. വധവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയന്‍ പൗരനുള്ള പങ്ക് മലേഷ്യ തള്ളിക്കളഞ്ഞിട്ടില്ല. കഴിഞ്ഞ മാസം 13 നാണ് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് 'വിഎക്സ്' എന്ന രാസ വസ്തു മുഖത്ത് തേച്ചാണ് നാമിനെ കൊലപ്പെടുത്തിയതെന്നാണ് മലേഷ്യയുടെ വാദം. കൃത്യം നടത്തിയ ഇന്തൊനീഷ്യ-വിയറ്റ്നാം സ്വദേശിനികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.






