
ഇന്ത്യയില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍, വ്യായാമക്കുറവ്, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയാണ് പ്രധാന കാരണങ്ങള്‍. പ്രമേഹം ഹൃദയം, വൃക്ക, കണ്ണുകള്‍, നാഡികള്‍ എന്നിവയെ ബാധിക്കുന്നതായി നമുക്കറിയാം. എന്നാല്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന അവയവമുണ്ട് - വായും മോണകളും.
മോണരോഗങ്ങള്‍ പ്രമേഹത്തിന്റെ ഏറ്റവും സാധാരണവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ സങ്കീര്‍ണതകളില്‍ ഒന്നാണ്. അതേസമയം, ഗുരുതരമായ മോണരോഗങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം കൂടുതല്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നു.
പല്ലുകളെ ഉറച്ചുനിര്ത്തുകയും ചവയ്ക്കാനും സംസാരിക്കാനും സഹായിക്കുകയും ചെയ്യുന്ന സംരക്ഷണ കവചമാണ് മോണകള്‍. മോണകള്‍ക്ക് രോഗം വന്നാല്‍ പല്ലുകള്‍ക്ക് മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും അതിന്റെ പ്രത്യാഘാതം ഉണ്ടാകും.
മോണരോഗത്തിന്റെ ആദ്യഘട്ടം ജിംജിവൈറ്റിസ് എന്ന, മോണയിലെ വീക്കവും അണുബാധയുമാണ്. പല്ലുകളില്‍ അടിഞ്ഞുകൂടുന്ന ബാക്ടീരിയ പാളിയായ പ്ലാക്ക് ആണ് പ്രധാന കാരണം. ലക്ഷണങ്ങള്‍: ബ്രഷ് ചെയ്യുമ്പോള്‍ രക്തം വരുക, മോണ ചുവക്കുകയും വീര്‍ക്കുകയും ചെയ്യുക, ശ്വാസത്തില്‍ ദുര്‍ഗന്ധം, മോണയ്ക്ക് വേദനയോ അസ്വസ്ഥതയോ, മോണ സ്പര്‍ശിക്കുമ്പോള്‍ വേദന ഈ ഘട്ടത്തില്‍ ചികിത്സിച്ചാല്‍ മോണകള്‍ പൂര്‍ണമായും ആരോഗ്യത്തിലേക്ക് തിരികെ വരും.
പെരിയോഡോണ്ടൈറ്റിസ് എന്നതാണ് അപകടകരമായ രണ്ടാംഘട്ടം. ജിംജിവൈറ്റിസ് അവഗണിച്ചാല്‍ രോഗം പെരിയോഡോണ്ടൈറ്റിസായി മാറുന്നു.
ഈ ഘട്ടത്തില്‍ മോണകള്‍ മാത്രമല്ല, പല്ലിനെ താങ്ങിനിര്‍ത്തുന്ന എല്ലും നശിക്കാന്‍ തുടങ്ങും. പ്രധാന ലക്ഷണങ്ങള്‍: പല്ലുകള്‍ ഇളകുക, മോണ താഴ്ന്നുപോകുക, പല്ലുകള്‍ക്കിടയില്‍ വിടവ് വര്‍ധിക്കുക, പഴുപ്പ് വരുക, ഭക്ഷണം ചവയ്ക്കാന്‍ ബുദ്ധിമുട്ട്, ഒടുവില്‍ പല്ലുകള്‍ നഷ്ടപ്പെടുക.
പ്രമേഹവും മോണരോഗവും; രണ്ടുവഴിയുള്ള ബന്ധം
പ്രമേഹം മോണരോഗം വര്‍ധിപ്പിക്കുന്നു. അതേ സമയം മോണരോഗം പ്രമേഹ നിയന്ത്രണം മോശമാക്കുന്നു. ഇതാണ് ഈ രോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.രക്തത്തിലെ പഞ്ചസാര കൂടുതലാകുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു, മുറിവുണങ്ങുന്നത് വൈകുന്നു, അണുബാധകള്‍ കൂടുതലാകുന്നു, വായ് വരണ്ടുപോകുന്നു, ബാക്ടീരിയകള്‍ വേഗത്തില്‍ വളരുന്നു. ഇതെല്ലാം ചേര്‍ന്ന് മോണരോഗ സാധ്യത വര്‍ധിപ്പിക്കുന്നു.
ഗുരുതരമായ മോണരോഗമുള്ളവരില്‍ ശരീരത്തിലെ അണുബാധ വര്‍ധിക്കുന്നു. ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാവുകയും ചെയ്യുന്നു.
പ്രമേഹമുള്ളവരില്‍ ഗുരുതരമായ മോണരോഗ സാധ്യത ആരോഗ്യവാന്മാരെക്കാള് ഏകദേശം രണ്ടു മുതല്‍ മൂന്ന് മടങ്ങ് വരെ കൂടുതലാണ്. താഴെ പറയുന്ന ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ ദന്തഡോക്ടറെ ഉടന്‍ സമീപിക്കുക. ബ്രഷ് ചെയ്യുമ്പോള്‍ രക്തം വരുന്നു, സ്ഥിരമായി ശ്വാസത്തില്‍ ദുര്‍ഗന്ധം, മോണ വീക്കം, പല്ല് ഇളകുന്നു, പഴുപ്പ് വരുന്നു, വായില്‍ ആവര്‍ത്തിച്ചുള്ള അണുബാധ, മുറിവ് വൈകി ഉണങ്ങുന്നു.
മോണരോഗത്തിന്റെ ഘട്ടമനുസരിച്ച് ചികിത്സ മാറും. സ്കേലിങ്, റൂട്ട് പ്ലാനിങ്, മരുന്നുകള്‍, ആവശ്യമെങ്കില്‍ പെരിയോഡോണ്ടല് ശസ്ത്രക്രിയ എന്നിവയാണ് ചികിത്സ. തുടര്‍പരിശോധന നിര്‍ബന്ധമാണ്.
പ്രമേഹരോഗികള്‍ പാലിക്കേണ്ട കാര്യങ്ങള്‍: ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യുക. ദിവസവും ഡെന്റല്‍ ഫ്ലോസ് ഉപയോഗിക്കുക. നാവ് വൃത്തിയാക്കുക.
ഭക്ഷണശേഷം വായ് കഴുകുക. ആറുമാസത്തിലൊരിക്കല്‍ ദന്തപരിശോധന നടത്തുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില്‍ നിലനിര്‍ത്തുക. പുകവലിയും പുകയിലയും പൂര്‍ണമായും ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുക. ആവശ്യത്തിന് വെള്ളം കുടിക്കുക.
ഡോ. നിത്യ സൂസന് ജോര്‍ജ്/
ഡോ. സ്വാതി വിശ്വനാഥ്



Comments