വീഥികളെത്രമേലുണ്ട് പക്ഷേ
നേര്വഴിയാരുകാണിക്കും?
സദ്യയ്ക്കുപഞ്ഞമില്ലിപ്പോള്
പക്ഷേ ചിന്താവിശപ്പാരുമാറ്റും?
ചുറ്റിലുമുണ്ടേറെവെട്ടം
പക്ഷേ ഉള്ളിലിരുട്ടെന്തു കഷ്ടം
സത്യങ്ങള്‍ പൊട്ടിച്ചിരിക്കാം
പക്ഷേ വട്ടെന്നുകേള്ക്കെന്തുചെയ്യും?
പക്ഷിപാടുന്നുണ്ടുനിത്യം
പക്ഷേ ഗര്ജ്ജനത്തില്പെട്ടുപോയി.
ഉള്ളില്‍ പ്രകാശം നശിച്ചാല്‍,
പിന്നെന്തുസാന്ധ്യ ദീപത്തിന് വിശേഷം?
മാതാപിതാക്കള്ക്കുനൊന്താല്
പിന്നെന്തുദേവ സന്തോഷം?
ഗുരുനിന്ദനിത്യവും ചെയ്താല്‍
പിന്നെന്തിനറിവിന് നിധികള്‍
സന്ധ്യപിണക്കമാണത്രേ
പിന്നെന്തിനാണീവിധം വര്‍ണ്ണം
ഒന്നാണു നാമെന്നുചൊല്ലും
പിന്നെന്തിനീവിധം ജാതി മൂല്യങ്ങള്‍!?
കാറ്റിലുണ്ടേറേസുഗന്ധം
അയ്യോ നാസികയ്ക്കിഷ്ടമോ നാറ്റം
കടലിനോരത്തെന്റെ വീട്,
അയ്യോ കുടിനീരിനായി നെട്ടോട്ടം.
കണ്ടാല്കൊതിക്കും പഴങ്ങള്‍
അയ്യോ എല്ലാം വിഷത്തിന് കുരുക്കള്‍.
എത്ര ചേതോഹരം രൂപം
അയ്യോ നീരാളിയാണെന്നുമാത്രം.
എത്രയോ ഭാഷ ഹൃദിസ്തം
അയ്യോ സ്നേഹത്തിന് ഭാഷയില്‍ തോറ്റു.
എങ്കിലും ചേറാണതിന്മേലു നിത്യം
ശാന്തിമന്ത്രങ്ങള്‍ ജപിക്കും
എങ്കിലും നാടുകടത്താനൊരുങ്ങും.
ഒന്നാണുനാമെന്നുചൊല്ലും
എങ്കിലും ജാതിമൂല്യങ്ങള്‍ തിരക്കും
ഒരു കുടക്കീഴില് നടക്കും
എങ്കിലും പകയോടെ വേര്‍പെട്ടുപോകും.
പൂത്തുമ്പിയെന്നു പുകഴ്ത്തും
എങ്കിലും അതിനെ പിടിച്ചു കശക്കും
കരള്നൊന്തുപൊട്ടികരഞ്ഞാല്
ചിലര്‍ കവി നാട്യമെന്നു വിധിക്കും
വര്‍ണ്ണങ്ങളില്ലാത്ത ഭൂവില്‍
ചിലര്‍ ശലഭങ്ങളായി പിറക്കും
മേല്ക്കുമേല് വാഴുന്ന നേരം
ചിലര്‍ വനവും മരുഭൂമിയാക്കും
പുഴമീനു നീന്തല്‍ പഠിക്കാന്‍
ചിലര്‍ കരയില്‍ കുളമൊന്നൊരുക്കും.
ചുടുനിണച്ചാലൊഴുക്കാന്
ചിലര്‍ ശരികള്‍ വിഷം ചേര്‍ത്തു നല്‍കും.
രാവെന്നുമിരുളെന്നും ഭൂമി
പക്ഷേ ചതികള്‍ക്കു നേരങ്ങളുണ്ടോ?
കൈത്താങ്ങതെല്ലാര്ക്കുമുണ്ട്
പിന്നെന്ത് ആര്ത്തനാദങ്ങളാണെങ്ങും
ചെറുചാറ്റല്‍ പോലുമില്ലിപ്പോള്
അയ്യോ പ്രളയത്തെ പേടിച്ചുനില്പ്പ്
ഹൃദയത്തിന് തംബുരു മീട്ടാം
എങ്കിലും പ്രണയികള്ക്കാട്ടെ വിലക്കും.
സ്നേഹിക്കുവാനായി മാത്രം
ചൊല്ലുക നേരകാലങ്ങളുണ്ടോ?
ഒന്നൊത്തുചേരുകില് നമ്മള്-
ക്കിന്നേതന്ധകാരവും മാറ്റാം.
നമ്മള്ക്കുമാത്രമല്ലെന്നും
ഈ കൊച്ചുഭൂമിയെന്നോര്ക്കാം.
ഏതെതു ഭൂവിലുമാട്ടെ
ആവുന്നവെട്ടം തെളിക്കാം.
നീതിധര്മങ്ങള്ക്കു നിത്യം
കാവലായ് കൈകോര്‍ത്തു നില്ക്കാം.
നന്മതന് പാട്ടൊന്നു പാടാം
പോരൂ സ്നേഹത്തുയിലൊന്നുണര്ത്താം
കാരുണ്യചോടൊന്നുവക്കാം
പോരുയീവിധമൊത്തു ചേര്‍ന്നിടാം.
പി.പി. രാജേന്ദ്രന് കര്‍ത്താ



Comments