ന്യൂഡല്‍ഹി: ജന്തര്‍ മന്ദറിലെ സമരം അവസാനിപ്പിക്കാന്‍ നല്കിയ ഉറപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി) രംഗത്ത്. രാജ്യത്തെ യുവാക്കളെ കേന്ദ്രം വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടിയ സി.ജെ.പി, വീണ്ടും ജന്തര്‍ മന്ദര്‍ മോഡല്‍ സമരം നടത്തുമെന്നും മുന്നറിയിപ്പ് നല്കി.
യുവാക്കളുടെ വിശ്വാസം തകര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തെ വഞ്ചിച്ചതായി സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്കെ കുറ്റപ്പെടുത്തി. സമാധാനപരമായ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും ഉദ്ദേശിച്ച ഫലം ലഭിച്ചശേഷം അതില്‍നിന്ന് പിന്മാറാന് ശ്രമിക്കുകയും ചെയ്യുന്നത് ഒരു തലമുറയെ അപമാനിക്കുന്നതുപോലെയാണെന്ന് സി.ജെ.പി. നേതൃത്വം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവാക്കള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ അക്ഷരാര്‍ത്ഥത്തിലും ആത്മാര്‍ത്ഥതയോടെയും പാലിക്കപ്പെടണമെന്നും സി.ജെ.പി. ആവശ്യപ്പെട്ടു.
കോടതിക്ക് പട്ടിക കൈമാറാതെ കേന്ദ്രം
പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരായ എഫ്.ഐ.ആറുകള്‍ റദ്ദാക്കുന്നതു സംബന്ധിച്ച് കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആ പട്ടിക കൈമാറിയിട്ടില്ലെന്ന് സി.ജെ.പി. കുറ്റപ്പെടുത്തി.
'കേന്ദ്രസര്‍ക്കാര്‍ പട്ടിക നല്കാന് തയാറായിട്ടില്ല. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നല്കിയ ഗൗരവമേറിയ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ സമരം പിന്‍വലിപ്പിച്ച ശേഷം, രാജ്യത്തെ യുവതലമുറയെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.ജെ.പി കോ-കണ്‍വീനര്‍ സൗരവ് ദാസും ലീഗല്‍ അഫയേഴ്സ് ലീഡ് രത്ന സിങ്ങും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നല്കിയ വാഗ്ദാനങ്ങളില്‍ മാറ്റം വരുത്താനോ നടപ്പാക്കുന്നത് വൈകിപ്പിക്കാനോ വളച്ചൊടിക്കാനോ ഉള്ള ഏതൊരു ശ്രമവും രാജ്യത്തെ യുവാക്കളോടുള്ള വിശ്വാസവഞ്ചനയായി കണക്കാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നടപടിയില്ലെങ്കില്‍ വീണ്ടും സമരം
കേന്ദ്ര സര്‍ക്കാര്‍ വിശ്വാസവഞ്ചന കാട്ടിയ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരുമെന്ന് സി.ജെ.പി. വ്യക്തമാക്കി. ജന്തര്‍ മന്ദര്‍ മോഡല്‍ സമരം വീണ്ടും ഉണ്ടാകുമെന്നു മുന്നറിയിപ്പു നല്കിയ സി.ജെ.പി, വിദ്യാര്‍ഥികളോടും യുവാക്കളോടും പ്രവര്‍ത്തകരോടും സജ്ജരായിരിക്കാനും ആഹ്വാനം ചെയ്തു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പങ്കുവച്ചിട്ടില്ല.
സമരം അവസാനിപ്പിക്കാന്‍ നല്കിയ വാഗ്ദാനങ്ങളില്‍ യാതൊരു തുടര്‍നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് വ്യക്തമായതെന്നും സി.ജെ.പി. പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരും എന്‍.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളും രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുക, ഭാവിയില്‍ സമരക്കാര്‍ക്കെതിരേ പ്രതികാര നടപടികള്‍ സ്വീകരിക്കാതിരിക്കുക, നീറ്റ് ചോദ്യച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കുക, സി.ജെ.പി. മുന്നോട്ടുവച്ച അഞ്ചിന പരീക്ഷാ പരിഷ്കരണ നിര്‍ദേശങ്ങള്‍ പരിഗണിച്ച് തുടര്‍ചര്‍ച്ചകള്‍ നടത്തുക ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. ഒരു മാസത്തിലേറെ നീണ്ടുനിന്ന പ്രതിഷേധം ഇതേത്തുടര്‍ന്ന് ജൂലൈ 25-ന് സി.ജെ.പി. അവസാനിപ്പിക്കുകയായിരുന്നു.





Comments