
മുംബൈ: ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ അധോലോക കുറ്റവാളി ഗോള്‍ഡി ബ്രാര്‍ ആണെന്നു സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. 2023-ല്‍ കാനഡയില്‍ വച്ച് നിജ്ജാര്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ താനും സംഘവുമാണെന്ന് അവകാശപ്പെടുന്ന ഗോള്‍ഡി ബ്രാറിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
ചെറുപ്പക്കാരെ മയക്കുമരുന്ന് മാഫിയയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ നിജ്ജാര്‍ പിന്തുണച്ചിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബ്രാര്‍ ശബ്ദരേഖയില്‍ പറയുന്നു. ഖലിസ്ഥാന്‍ ഭീകരന് പരംജിത് സിങ് പമ്മയും ബ്രാറും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നാണു വിവരം. ശബ്ദരേഖയുടെ ആധികാരികത സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
'16-17 വയസുള്ള കുട്ടികളെ മയക്കുമരുന്ന് വില്ക്കാന് പ്രേരിപ്പിക്കുകയും അവരെ ബ്ലാക്ക്മെയില്‍ ചെയ്ത് ഇന്ഫോര്മര്മാരാക്കുകയും ചെയ്തവരെ നിജ്ജാര്‍ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്തു. ആവശ്യമുള്ളപ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി അവരെ ഉപയോഗിക്കാനായിരുന്നു ഇത്'- ശബ്ദരേഖയില്‍ ബ്രാര്‍ പറയുന്നു.
ചെറുപ്പക്കാരെ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതില്‍ പങ്കാളിയായതുകൊണ്ടാണ് നിജ്ജാറിനെ ലക്ഷ്യമിട്ടതെന്നും ബ്രാര്‍ അവകാശപ്പെടുന്നു. 'അതുകൊണ്ടാണ് ഞാനും എന്റെ സംഘവും ചേര്‍ന്ന് നിജ്ജാറിനെ കൊലപ്പെടുത്തിയത്. കാരണം ഇവര്‍ ചെറുപ്പക്കാരെ മയക്കുമരുന്ന് വില്ക്കാന് ഉപയോഗിക്കുകയായിരുന്നു. സ്വന്തം പ്രവൃത്തികള്‍ക്കുള്ള ശിക്ഷ എല്ലാവരും അനുഭവിച്ചേ മതിയാകൂ'- എന്ന് ഗോള്‍ഡി ബ്രാര്‍ പറയുന്നതും ശബ്ദരേഖയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ സ്ഥാപകനായ നിജ്ജാര്‍ 2023 ജൂണ്‍ 18-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലുള്ള സിഖ് സാംസ്കാരിക കേന്ദ്രത്തിന് പുറത്തുവച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഈ കൊലപാതകം പിന്നീട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുണ്ടാക്കി. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം അസംബന്ധവും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നു വ്യക്തമാക്കി ഇന്ത്യ തള്ളി.





Comments