
ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി വ്യവസായപ്രമുഖന് ഗൗതം അദാനി. ബംഗളുരുവിലെ ആര്‍ട്ട് ഓഫ് ലിവിങ് ആസ്ഥാനം സന്ദര്‍ശിച്ചശേഷം വിമാനത്താവളത്തിലേക്കു മടങ്ങുന്നതിനിടെയാണ് സദാശിവനഗറിലുള്ള മുഖ്യമന്ത്രിയുടെ വസതിയില്‍ ശിവകുമാറിനെ അദാനി സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടു. 'സൗഹൃദ സന്ദര്‍ശന'മെന്നാണ് കൂടിക്കാഴ്ചയെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശേഷിപ്പിച്ചത്.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഹെബ്ബാളില്‍ നിന്ന് സില്‍ക്ക് ബോര്‍ഡിലേക്കുള്ള ടണല്‍ റോഡ് പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനമെന്നാണു സൂചന.
പദ്ധതിക്കായി ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് അദാനി എന്റര്ൈപ്രസസാണെന്നു വാര്‍ത്തയുണ്ട്. പദ്ധതിയുടെ ടെന്‍ഡര്‍ ഇതുവരെ അന്തിമമാക്കിയിട്ടില്ല. പദ്ധതിയെ ബി.ജെ.പി. തുടക്കം മുതല്‍ എതിര്‍ത്ത് രംഗത്തുണ്ട്. പാര്‍ട്ടി എം.പി: തേജസ്വി സൂര്യ വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗൗതം അദാനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴാണ് ഡി.കെ. ശിവകുമാറിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയം. അദാനിയെ കാണാന്‍ ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയിട്ടുണ്ടോയെന്ന് ആരാഞ്ഞ് ബി.ജെ.പി. സംസ്ഥാന ഘടകം രംഗത്തെത്തുകയും ചെയ്തു. ഡല്‍ഹിയിലെ പാര്‍ട്ടി നേതൃത്വം അദാനിയെ എതിര്‍ക്കുമ്പോള്‍ കര്‍ണാടകയില്‍ ചുവപ്പുപരവതാനി വിരിക്കുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിന് ഉദാഹരണമാണെന്ന് കര്‍ണാടക നിയമസഭാ പ്രതിപക്ഷ നേതാവ് ആര്. അശോക പറഞ്ഞു.
അദാനി ഒരു വ്യവസായിയാണെന്നും അദ്ദേഹം ബിസിനസ് മാത്രമാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കാന്‍ ശിവകുമാര്‍ തയാറാകണം. നിര്‍ദിഷ്ട ടണല്‍ റോഡ് പദ്ധതി പരിസ്ഥിതി നാശത്തിനു വഴിവയ്ക്കും.
പദ്ധതി നടപ്പാകുമ്പോള്‍ വെട്ടിനീക്കപ്പെടുന്ന വൃക്ഷങ്ങളെ പുണരാന്‍ രാഹുല്‍ ഗാന്ധി ബംഗളുരുവിലെ ലാല്ബാഗിലെത്തുമോയെന്നും മുതിര്‍ന്ന ബി.ജെ.പി. നേതാവുകൂടിയായ അശോക ചോദിച്ചു.





Comments