
മുംബൈ: സര്‍ക്കാര്‍ സ്കൂളില്‍ അനുമതിയില്ലാതെ പ്രവേശിച്ചതിന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജിത് ദീപ്കെയ്ക്കെതിരേ കേസ്.
മഹാരാഷ്ട്രയിലെ ലാത്തൂരിനു സമീപം ജില്ലാ പരിഷത്ത് ഉറുദു സ്കൂളില്‍ അതിക്രമിച്ചു കയറിയതിനാണ് ദീപ്കെയ്ക്കും മറ്റ് സി.ജെ.പി. പ്രവര്‍ത്തകര്‍ക്കുമെതിരേ ഔസ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നു പോലീസ് പറഞ്ഞു. അധ്യാപികയായ സയ്യിദ് ഷംഷാദ്ബാനോ ഖൈറാത്തലി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തത്. ദീപ്കെയും സഹപ്രവര്‍ത്തകരും അനുമതിയില്ലാതെ സ്കൂള്‍ വളപ്പില്‍ പ്രവേശിച്ചെന്നും വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരുന്ന് സ്കൂളിന്റെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായും എഫ്.ഐ.ആറിലുണ്ട്.
ഇവരുടെ ചെയ്തി ക്ലാസുകളും ഔദ്യോഗിക കൃത്യനിര്‍വഹണവും തടസപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
വിഖ്യാത ഗായകന് കിഷോര്‍ കുമാറിന്റെ 'യേ ജീവന് ഹേ' എന്ന ഗാനത്തിലെ വരി അടങ്ങിയ വീഡിയോ എക്സില്‍ പങ്കുവച്ചാണ് കേസെടുത്തതിനോടു ദീപ്കെ പ്രതികരിച്ചത്.
ഇതാണ് ജീവിതം; ഈ ജീവിതത്തിന്റെ സ്വഭാവം ഇതുതന്നെയാണ് എന്നാണ് വരികളുടെ അര്‍ഥം. തനിക്കെതിരായ വാര്‍ത്തയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഓ മൈ ഗോഡ്' എന്ന മീമും ചേര്‍ത്ത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും ദീപ്കെ പ്രതികരിച്ചു. ഈ സ്റ്റോറിക്കു പശ്ചാത്തലമായും കിഷോര്‍ കുമാറിന്റെ അതേ പാട്ടിലെ വരികളാണ് ദീപ്കെ ഉപയോഗിച്ചത്.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ സി.ജെ.പി. ആരംഭിച്ച 'സ്കൂള്‍ ഠീക് കരോ' (സ്കൂളുകള്‍ ശരിയാക്കൂ) പ്രചാരണത്തിന്റെ ഭാഗമായാണ് ദീപ്കെയും സംഘവും സ്കൂള്‍ സന്ദര്‍ശിച്ചത്. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള സ്വന്തം ഗ്രാമമായ സന്തുക് പിംപ്രിയിലെ സര്‍ക്കാര്‍ സ്കൂള്‍ സന്ദര്‍ശിച്ചാണ് ദീപ്കെ ഈ പ്രചാരണത്തിന് തുടക്കമിട്ടത്.
അതേസമയം, എന്‍.ഡി.എ. ശക്തികേന്ദ്രങ്ങളായ സംസ്ഥാനങ്ങളില്‍ സി.ജെ.പി. പ്രവര്‍ത്തകരെ സ്കൂള്‍ പരിശോധനയ്ക്ക് അനുവദിക്കാത്ത സാഹചര്യവുമുണ്ട്. ഇതിന്റെ പേരില്‍ രാജസ്ഥാനില്‍ ഉള്‍പ്പെടെ കൈയാങ്കളിയും നടന്നിരുന്നു.





Comments