ശ്രീനഗര്‍: കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള ഭീകരരുടെ ഭീഷണിക്കു പിന്നില്‍ ദുരൂഹതയുണ്ടെന്നു ജമ്മു കശ്മീര്‍ മുന്‍ ഡി.ജി.പി. കശ്മീരി പണ്ഡിറ്റുകളുടെ വിശദാംശങ്ങള്‍ ഹിറ്റ്ലിസ്റ്റില് ഉള്‍പ്പെട്ടത് അകത്തുള്ള ഒറ്റുകാരന്റെ പങ്കാളിത്തം വെളിപ്പെടുത്തുന്നതാണെന്നും മുന്‍ ഡി.ജി.പി: എസ്.പി. വൈദ് പറഞ്ഞു. കുറ്റവാളികളെ പുറത്തുകൊണ്ടുവരാന്‍ അടിയന്തരവും ഉന്നതതലത്തിലുള്ളതുമായ നടപടികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിറ്റ്ലിസ്റ്റിന് പിന്നിലെ സൂത്രധാരന്മാരെയും അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി നല്കിയ ഒറ്റുകാരനെയും ഒരുപോലെ വേട്ടയാടണമെന്ന് വൈദ് പറഞ്ഞു.
"ഇത്രയും സൂക്ഷ്മവും വ്യക്തിഗതവുമായ വിവരങ്ങള്‍ ചോര്‍ത്തുന്നത് തീര്‍ച്ചയായും ഒരു ഒറ്റുകാരന്റെ പണിയാണ്. വകുപ്പിനുള്ളില്‍ തന്നെയുള്ള ആരോ അല്ലെങ്കില്‍ അവരുമായി അത്ര അടുത്ത് ബന്ധമുള്ള ആരോ ആണ് നിരീക്ഷണം നടത്തുകയും ഈ വിവരങ്ങള്‍ അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരര്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്യുന്നത്. അല്ലെങ്കില്‍, പാകിസ്താന് ഇവരുടെ വീട്ടു നമ്പറുകളും വാഹന നമ്പറുകളും താമസിക്കുന്ന സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എങ്ങനെ ലഭിക്കാനാണ്?" - അദ്ദേഹം ചോദിച്ചു.കശ്മീരി പണ്ഡിറ്റ് ജീവനക്കാര്‍ക്ക് നേരേയുള്ള പുതിയ ഭീഷണി ഏറെ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. ഭീഷണിയുടെ ഉറവിടം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്താന്‍ അദ്ദേഹം സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്ന് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കെതിരേ മുന്‍കാലങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഒമര്‍ അബ്ദുള്ള പറഞ്ഞു.ഭീകരസംഘടനയുടെ ഭീഷണിസന്ദേശം പുറത്തുവന്നതിനു പിന്നാലെ കശ്മീരി പണ്ഡിറ്റുകള്‍ ആശങ്കയിലായിരുന്നു. വീടുകളുടെ വിലാസവും ഫോണ്‍നമ്പറുകളും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഭീഷണി സന്ദേശത്തില്‍ ഉള്‍പ്പെട്ടതാണ് ആശങ്കയ്ക്കു കാരണം. നിരോധിതസംഘടനയായ ലഷ്കറെ തോയ്ബയുടെ അനുബന്ധസംഘടനയെന്ന് കരുതപ്പെടുന്ന യുണൈറ്റഡ് ലിബറേഷന്‍ കൗണ്‍സിലിന്റെ പേരിലാണ് ഭീഷണിസന്ദേശം പുറത്തുവന്നത്.മുന്‍കാലങ്ങളിലും ഇതുപോലെ ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കശ്മീരിലും ജമ്മുവിലും ജീവിക്കുന്ന വ്യക്തികളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, വാഹനത്തിന്റെ നമ്പരുകള്‍, കൃത്യമായ മേല്‍വിലാസങ്ങള്‍ എന്നിവ പുതിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കശ്മീരി പണ്ഡിറ്റുകളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. സുരക്ഷാ ഏജന്‍സികള്‍ ഈ കത്തിന്റെ വിശ്വാസ്യത പരിശോധിച്ചു വരികയും ഇത് പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മുമ്പ് സമാനമായ ഭീഷണി ഉയര്‍ന്നു വന്നപ്പോള്‍, പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജ് പ്രകാരം ജോലിയില്‍ പ്രവേശിച്ച ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ താഴ്വരയിലെ ക്യാമ്പുകളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.





Comments