ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു കൂറുമാറി എന്‍.സി.പി.ഐയില്‍ ലയിച്ച 20 വിമത എം.പിമാര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ലോക്സഭാ നേതാവുമായ അഭിഷേക് ബാനര്‍ജിയുടെ ഹര്‍ജിയിലാണ് നോട്ടീസ്. 20 വിമത എം.പിമാരെ അയോഗ്യരാക്കണമെന്ന പാര്‍ട്ടിയുടെ അപേക്ഷയില്‍ സ്പീക്കര്‍ ഓം ബിര്‍ള വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി.എം.സി. നേതാവ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് നോട്ടീസ് അയച്ചത്. സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു.
എന്നാല്‍, സ്പീക്കറെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭ്യര്‍ഥന പരിഗണിച്ച് കോടതി നോട്ടീസ് അയച്ചില്ല. സ്പീക്കര്‍ക്കു വേണ്ടി താന്‍ ഹാജരാണെന്ന് മേത്ത പറഞ്ഞു. അയോഗ്യതാ ഹര്‍ജികളില്‍ സ്പീക്കര്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് പറയാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നോട്ടീസ് നല്‍കുന്നതിനെക്കുറിച്ചല്ല;
സമയപരിധിക്കുള്ളില്‍ നടപടികള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് തീരുമാനമുണ്ടാകേണ്ടതെന്ന് ജസ്റ്റിസ് ബാഗ്ചി മറുപടി നല്കി.
എം.പിമാര്‍ക്കെതിരേ ആരംഭിച്ച അയോഗ്യതാ നടപടികളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസത്തെ അഭിഷേക് ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് തൃണമൂലിന് ലഭിച്ച വലിയ വിജയമാണെന്നും കോടതി ഉടന്‍ തീയതി നല്‍കുമെന്നും അഭിഷേക് ബാനര്‍ജിക്കുവേണ്ടി ഹാജരായ കല്യാണ്‍ ബാനര്‍ജി പ്രതികരിച്ചു.
ത്രിപുര ആസ്ഥാനമായുള്ള രാഷ്ട്രീയ സംഘടനയായ നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ (എന്‍.സി.പി.ഐ)യില്‍ ലയിച്ചതായി 20 എം.പിമാര്‍ പ്രഖ്യാപിച്ചതോടെയാണ് തൃണമൂല്‍ പാര്‍ലമെന്ററി പാര്‍ട്ടിക്കുള്ളില്‍ കലാപം തലപൊക്കിയത്.
വിമത എം.പിമാരെ പിന്നീട് പാര്‍ലമെന്റില്‍ എന്‍.സി.പി.ഐ. ഗ്രൂപ്പായി കണക്കാക്കി. അവര്‍ എന്‍.ഡി.എ യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു.
എം.പിമാരെ തൃണമൂല്‍ ചിഹ്നത്തിലാണ് തെരഞ്ഞെടുത്തതെന്നും മറ്റൊരു രാഷ്ട്രീയ കക്ഷിയുമായി സഖ്യമുണ്ടാക്കാനുള്ള അവരുടെ തീരുമാനം പാര്‍ട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിനും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയ്ക്കും അര്‍ഹമാണെന്ന് ടി.എം.സി. വാദിച്ചു.
അതേസമയം, തങ്ങളുടെ നീക്കം സാധുവായ ലയനമാണെന്ന് വിമത ക്യാമ്പ് വാദിച്ചു. 20 എം.പിമാരെ കൂടാതെ ലോക്സഭാ സ്പീക്കര്‍, സെക്രട്ടറി ജനറല്‍ എന്നിവരെ പ്രതികളാക്കിയാണ് ഹര്‍ജി.





Comments