
ഇംഫാല്‍: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്.സി) പൂര്‍ത്തിയാക്കാതെ സെന്‍സസ് നടത്തുമെന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. എന്‍.ആര്.സി. ഇല്ലാതെ സെന്‍സസ് നടത്തുന്നത് ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി മെയ്തേയ്, നാഗാ വിഭാഗങ്ങള്‍ ഈ നീക്കത്തെ തള്ളിപ്പറഞ്ഞു. എന്നാല്‍, കുക്കി-സോ കൗണ്‍സില്‍ ഇതിനു നേര്‍വിപരീത നിലപാടാണു സ്വീകരിച്ചത്.
സെന്‍സസിന് മുമ്പ് എന്‍.ആര്.സി. പൂര്‍ത്തിയാക്കണമെന്ന ആവശ്യം ഉയര്‍ത്തിയുള്ള പ്രചാരണം മണിപ്പൂരില്‍ ശക്തിപ്രാപിക്കുകയാണ്. താഴ്വരയിലെ വിവിധ പ്രദേശങ്ങളില്‍ വിവിധ സംഘടകളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനങ്ങള്‍ നടത്തി. അതേസമയം, കാങ്പോക്പി ജില്ലയില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ വന്‍തോതിലുള്ള ആയുധങ്ങളും വെടിയുണ്ടകളും വാര്‍ത്താവിനിമയ ഉപകരണങ്ങളും പിടിച്ചെടുത്തു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, കോബ്ര, ആര്.എ.എഫ്. കമാന്‍ഡോകള്‍, മണിപ്പുര്‍ പോലീസ് എന്നിവര്‍ സംയുക്തമായാണു റെയ്ഡ് നടത്തിയത്. ജെ സോങ്തുന് ഗ്രാമത്തിലായിരുന്നു പരിശോധന. 26 നാടന്‍ തോക്കുകള്‍, 1225 വെടിയുണ്ടകള്‍, ആറ് വി.എച്ച്.എഫ്/വയര്‍ലെസ് സെറ്റുകള്‍, മൂന്ന് ചാര്‍ജറുകള്‍, ഒരു ഗോള്‍ഡന്‍ ആന്റ്ലര്‍ ടെലിസ്കോപ്പ്, 18 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ എന്നിവയും പിടിച്ചെടുത്തു. റെയ്ഡ് കഴിഞ്ഞു മടങ്ങിയ സുരക്ഷാസേനാ സംഘത്തെ ഒരുസംഘമാളുകള്‍ തടയുകയും ആയുധങ്ങള്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സംഘര്‍ഷം ഒഴിവായെന്നാണു പുറത്തുവരുന്ന വിവരം.അതിനിടെ, സേനാപതി ജില്ലയിലെ താഫൗ പ്രദേശത്ത് സുരക്ഷാസേനയും അജ്ഞാതരായ ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സി.ആര്.പി.എഫ്. ജവാന് പരുക്കേറ്റു. സംഭവത്തിന് മണിക്കൂറുകള്‍ക്കുമുമ്പ് ഈ പ്രദേശത്ത് വിവിധ സമുദായങ്ങളില്‍പ്പെട്ടവരുടെ രണ്ടു വീടുകള്‍ അജ്ഞാത സംഘം തീയിട്ടു നശിപ്പിച്ചിരുന്നു.





Comments