ബംഗളുരു: നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എന്‍.എല്‍.സി.ഐ.യു) സെപ്റ്റംബര്‍ 12-ന് നടത്താനിരുന്ന 34-മത് വാര്‍ഷിക ബിരുദദാന ചടങ്ങ് റദ്ദാക്കി. രജിസ്ട്രാര്‍ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനം അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ബിരുദങ്ങള്‍ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാതെ (ഇന്‍ ആബ്സെന്‍ഷ്യ) നല്‍കും.ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ മൂലമാണ് ചടങ്ങ് റദ്ദാക്കേണ്ടി വന്നതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൊറിയര്‍ വഴി അയച്ചുനല്‍കുകയോ ക്യാമ്പസില്‍നിന്ന് നേരിട്ട് കൈപ്പറ്റാനുള്ള സൗകര്യം ഒരുക്കുകയോ ചെയ്യും. ഇതിലേതു മവണമെന്ന് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാം. ഓഗസ്റ്റ് 15-ന് എന്‍.എല്‍.സി.ഐ.യുവിലെ ഗ്രാജുവേറ്റിങ് ബാച്ചിലെ വിദ്യാര്‍ഥികളും 120-ലധികം മുന്‍ വിദ്യാര്‍ഥികളും ചേര്‍ന്ന് ബാര്‍ കൗണ്‍സിലിനെതിരേ (ബി.സി.ഐ ) പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഹൈദരാബാദ് 'നല്‍സാര്‍' ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാര്ഥികള്ക്കെതിരേ ബാര്‍ കൗണ്‍സില്‍ സ്വീകരിച്ച നടപടികളില്‍ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഇതിനുപുറമേ, നല്സാറിലെയും എന്‍.എല്‍.സി.ഐ.യുവിലെയും ബിരുദദാന ചടങ്ങുകളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് മുഖ്യാതിഥിയായി പങ്കെടുക്കുന്നതിലും ബി.സി.ഐ ചെയര്മാന് മനന്‍ കുമാര്‍ മിശ്ര സംബന്ധിക്കുന്നതിലും വിദ്യാര്‍ഥികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് ബിരുദദാന ചടങ്ങ് റദ്ദാക്കാനുള്ള സര്‍വകലാശാല തീരുമാനം.





Comments