
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പരിശീലന വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഗംഗാ നദിയുടെ തീരത്തിനടുത്തുള്ള വയലിലാണ് ഇരട്ട എന്‍ജിനുള്ള നാല് സീറ്റര്‍ പരിശീലന വിമാനം തകര്‍ന്നുവീണത്.
പോലീസ് പറയുന്നതനുസരിച്ച്, പൈലറ്റുമാരില്‍ ഒരാള്‍ ട്രെയിനിയും മറ്റൊരാള്‍ ഇന്‍സ്ട്രക്ടറുമാണ്. യഥാക്രമം ഗുജറാത്ത് കര്‍ണാടക സ്വദേശികളായ സച്ചിന് ഭാട്ടിയ, അഭിഷേക് പൂജാരിയുമാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. ഇരുവരും കാണ്‍പുരിലെ ഗാര്‍ഗ് ഏവിയേഷന്‍ പരിശീലന കേന്ദ്രത്തില്‍നിന്ന് വ്യാഴാഴ്ച രാവിലെ 11:30 ന് പറന്നുയര്‍ന്നു. പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങുന്നതിനിടെ രാവിലെ 11:50 ഓടെയാണ് അപകടമുണ്ടായത്.
''ഇന്സ്ട്രക്ടറെക്കുറിച്ച് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. അദ്ദേഹത്തിന് ഏകദേശം 3,000 മണിക്കൂര്‍ വിമാനം പറത്തി പരിചയമുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അറിയിച്ചു. അവരുടെ സംഘം സമഗ്രമായ അന്വേഷണം നടത്തും. പോലീസ് പ്രദേശം മുഴുവന്‍ സംരക്ഷിച്ചു''- കാണ്‍പുര്‍ പോലീസ് കമ്മിഷണര്‍ രഘുബീര്‍ ലാല്‍ പറഞ്ഞു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. വിമാനം നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടത്തെക്കുറിച്ച് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി) അന്വേഷണം നടത്തുമെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. പരിശീലന വിമാനം 2023 ലാണ് പരിശീലന കേന്ദ്രത്തിലേക്ക് കൊണ്ടുവന്നതെന്നു ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.





Comments