
ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ഉന്നതതല ചര്‍ച്ചയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി നടന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാകും. അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നത് ഉള്‍പ്പെടെ എട്ട് പ്രധാന കാര്യങ്ങളില്‍ ഇരുനേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും ഇരുപക്ഷവും തീരുമാനിച്ചു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി 2005-ല്‍ ഒപ്പുവെച്ച ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ നീതിയുക്തമായ പരിഹാരം കണ്ടെത്താനും ധാരണയായി.
യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍.എ.സി)യെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികള്‍ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകള്‍ക്കായി രണ്ട് സ്ഥലങ്ങളില്‍ക്കൂടി സൗകര്യം ഒരുക്കാനും കിഴക്കന്‍, മധ്യ മേഖലകളില്‍ ഓരോ ഹോട്ട്ലൈന്‍ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് -മാനസരോവര്‍ യാത്രയ്ക്ക് കൂടുതല്‍ തീര്‍ത്ഥാടകരെ അനുവദിക്കാനും ചര്‍ച്ചയില്‍ ധാരണയായി. ഇരുരാജ്യങ്ങള്‍ക്കും ഇടയിലുണ്ടാകുന്ന ഏത് തര്‍ക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങള്‍ വഴി സമാധാനപരമായി പരിഹരിക്കും. അതിര്‍ത്തി കടന്നൊഴുകുന്ന നദികളുടെയും അവയിലെ അണക്കെട്ടുകളുടെയും വിവരങ്ങള്‍
പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്റെ യോഗം ഇന്ത്യയില്‍ നടത്താനും ഡോവല്‍-യീ കൂടിക്കാഴ്ചയില്‍ ധാരണയിലായി.





Comments