
മുംബൈ: മഹാരാഷ്‌ട്രയിലെ പിംപ്രി-ചിഞ്ച്‌വഡ് പോലീസ് കമ്മിഷണറേറ്റിലെ രണ്ട് വനിതാ കോണ്‍സ്‌റ്റബിള്‍മാര്‍ തമ്മില്‍ നടത്താനിരുന്ന സ്വവര്‍ഗ വിവാഹം ഉപേക്ഷിച്ചു. ഓഗസ്‌റ്റ് 30ന് പരമ്പരാഗത ആചാരപ്രകാരം വിവാഹിതരാകാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍, ഈ വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ മാധ്യമശ്രദ്ധയും കുടുംബങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദവുമാണ് ഇവരെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്.
മൂന്ന് വര്‍ഷം മുമ്പ് പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയ്‌ക്കിടെയാണ് 23, 26 വയസുള്ള യുവതികള്‍ പരസ്‌പരം പരിചയപ്പെടുന്നത്. പരീക്ഷ പാസായി പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും ഒരേ സ്‌റ്റേഷനില്‍ നിയമിതരാവുകയും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്‌തു. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വിവാഹ ചടങ്ങുകള്‍ക്കായി ഇരുവരും ഒരേ വിവാഹ ക്ഷണക്കത്ത് ഘടിപ്പിച്ചാണ് അവധിക്ക് അപേക്ഷ നല്‍കിയത്. ഇതോടെയാണ് ഇവരുടെ വിവാഹ വിവരം സഹപ്രവര്‍ത്തകരും ഉദ്യോഗസ്‌ഥരും അറിയുന്നത്. തുടര്‍ന്ന് വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയായി മാറി.വിവാഹ വാര്‍ത്ത അറിഞ്ഞ യുവതികളില്‍ ഒരാളുടെ കുടുംബം ബന്ധത്തെ ശക്‌തമായി എതിര്‍ത്തു. അവര്‍ മുതിര്‍ന്ന ഉദ്യോഗസ്‌ഥരെ കാണുകയും വിവാഹം തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍, പ്രായപൂര്‍ത്തിയായ രണ്ട് വ്യക്‌തികളുടെ തികച്ചും വ്യക്‌തിപരമായ കാര്യമായതിനാല്‍ ഇതില്‍ ഔദ്യോഗികമായി ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.





Comments