
മുംബൈ: ഭര്‍ത്താവുമായി വഴക്കിട്ട് പത്താംനിലയില്‍നിന്ന് ചാടി നവവധുവിന്റെ ആത്മഹത്യാശ്രം. എന്നാല്‍, കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്ന മരത്തിന്റെ കൊമ്പുകളില്‍ കുടുങ്ങിയ 26 കാരിയെ അഗ്‌നിരക്ഷാ സേനയെത്തി രക്ഷിച്ചു. മുംബൈയിലെ ഭാണ്ടൂപിലാണ് സംഭവം. മരത്തിന്റെ കൊമ്പുകളില്‍ കുടുങ്ങിക്കിടന്നതിനെ തുടര്‍ന്ന് നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് പരുക്കുകളോടെ യുവതിയെ രക്ഷപ്പെടുത്തിയത്.ലേക്ക് റോഡിലെ സണ്‍ഷൈന്‍ ബില്‍ഡിംഗില്‍ നിന്നാണ് യുവതി താഴേയ്‌ക്ക് ചാടിയത്. എന്നാല്‍, തറയില്‍ നിന്ന് 25 അടിയോളം ഉയരത്തില്‍ യുവതി മരത്തിന്റെ ചില്ലയില്‍ തങ്ങിനില്‍ക്കുകയായിരുന്നു. സംഭവത്തില്‍ വലതു കാലിന് പരുക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലു മാസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ദമ്പതികള്‍ക്കിടെ അസ്വാരസ്യങ്ങളും ആരംഭിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ ഭര്‍ത്താവുമായി തര്‍ക്കമുണ്ടായതോടെയാണ് യുവതി ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. വലിയ ശബ്‌ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ യുവതി മരത്തില്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് ഉടന്‍ തന്നെ പൊലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്, ഗാര്‍ഹിക പീഡനമോ മറ്റ് എന്തെങ്കിലും സമ്മര്‍ദ്ദങ്ങളോ സംഭവത്തിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളില്‍നിന്നും ഭര്‍ത്താവില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്.





Comments