
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിയുടെ പുസ്തകം വായിച്ചവരെ ആക്രമിച്ചതായി പരാതി. പൊതുപുസ്തകവായന സെഷനില്‍ പങ്കെടുത്തവരെയാണ് ആക്രമിച്ചത്.
മാലാലയുടെ പുസ്തകങ്ങളില്‍ 'ഇന്ത്യാവിരുദ്ധ ആശയങ്ങള്‍' ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.അഹമ്മദാബാദിലെ വസ്ത്രാപുര് പ്രദേശത്തെ പാര്‍ക്കില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. രണ്ട് ബജ്റങ് ദള്‍ നേതാക്കമാര്‍ ഉള്‍പ്പെടെ 18 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. അഹമ്മദാബാദിലെ സ്വകാര്യ സ്കൂളില്‍ മലാലയുടെ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ ചില രക്ഷിതാക്കളും സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പുസ്തകം പിന്‍വലിച്ചു. ഇതിനെതിരേ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലൂടെ പൊതുപുസ്തകവായന സെഷന് സംഘടിപ്പിച്ചത്.
വസ്ത്രപുര്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച വായനാ സെക്ഷനില്‍ മലാല, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ആന്‍ ഫ്രാങ്ക് എന്നിവരുടെ കൃതികള്‍ ഉള്‍പ്പെടെയുള്ളവരുടെ പുസ്തകങ്ങളാണ് വായനയ്ക്കു തയാറാക്കിയിരുന്നത്.
വടികളുമായി എത്തിയ ഒരു സംഘം മാലാലയുടെ പുസ്തകം എന്തിന് വായിക്കുന്നുവെന്ന് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.





Comments