
ശ്രീനഗര്‍: ലോക്സഭാ സീറ്റ് രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി) പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയുടെ വെല്ലുവിളി താന്‍ ഏറ്റെടുക്കുന്നെന്ന് ശ്രീനഗറില്‍ നിന്നുള്ള വിമത എം.പി: ആഗ റുഹുള്ള മെഹ്ദി. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാല്‍ പാര്‍ലമെന്റില്‍ നിന്നും നാഷണല്‍ കോണ്‍ഫറന്‍സിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചതായി മെഹ്ദി സ്ഥിരീകരിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചതിന് എന്‍.സി നേതൃത്വത്തെ അദ്ദേഹം കുറ്റപ്പെടുത്തി. നുണകളുടെയും വഞ്ചനയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കാത്തതിനാലാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് മെഹ്ദി പറഞ്ഞു. ഐ.ഇ.ഡി സ്ഫോടനത്തില്‍ കൊലപ്പെട്ട പിതാവ് ആഗ സയ്യിദ് മെഹ്ദിയുടെ 26-ാം ചരമവാര്‍ഷികമായ നവംബര്‍ മൂന്നിന് ലോക്സഭാ സ്പീക്കര്‍ക്കും പാര്‍ട്ടി പ്രസിഡന്റിനും രാജിക്കത്ത് ഔദ്യോഗികമായി അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പിതാവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ തന്റെ ശക്തികേന്ദ്രമായ ബഡ്ഗാമില്‍ കൂറ്റന്റാലിക്കും മെഹ്ദി പദ്ധതിയിടുന്നു. അവിടെ വച്ച് രാജിക്കത്തും എം.പി സ്ഥാനം രാജിവയ്ക്കാനുള്ള കാരണങ്ങളും ഔദ്യോഗികമായി പുറത്തുവിടും. ''ഞാന്‍ പാര്‍ട്ടിയില്‍ നിന്നും ശ്രീനഗര്‍ എം.പി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയാണ്.
ഔദ്യോഗികമായി രാജി സമര്‍പ്പിക്കുന്നതിന് മുമ്പ് ചില പ്രതിബദ്ധതകള്‍ നിറവേറ്റാനുണ്ട്. എം.പി.എല്‍.എഡി.എസ് (പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി) പ്രകാരം ഫണ്ട് വിതരണം ചെയ്യണം. ജമ്മു കശ്മീരിന്റെ ഭരണഘടനാ അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനായി പോരാട്ടത്തിന്റെ ഭാഗമായി ശ്രീനഗറില്‍ സമ്മേളനത്തിനായി ഏതാനും എം.പിമാരെ ഞാന്‍ ക്ഷണിച്ചിട്ടുണ്ട്''- മെഹ്ദി പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം അട്ടിമറിച്ചെന്ന് ആരോപിച്ചും റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിലുള്ള പ്രതിബദ്ധത ഇല്ലാതായെന്നു പറഞ്ഞും ശ്രീനഗര്‍ എം.പി മുമ്പ് പലപ്പോഴും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ കുറ്റപ്പെടുത്തിയിരുന്നു. രാജിവച്ച ശേഷം, ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനെതിരേ അതേ സീറ്റില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് മെഹ്ദിയുടെ നീക്കം.





Comments