
കോട്ടയം: ആഗോള മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളിന് അടുത്ത മാസം ഒന്നിനു കൊടിയേറും. 31നു വൈകിട്ടു സന്ധ്യാപ്രാര്‍ഥനയോടെ നോമ്പാചരണത്തിനു തുടക്കമാകും.
കരോട്ടെ പള്ളിയില്‍ ഒന്നു മുതല്‍ എട്ടു വരെ രാവിലെ ആറിനു വിശുദ്ധ കുര്‍ബാനയും കത്തീഡ്രലില്‍ രാവിലെ 7.30നു പ്രഭാത പ്രാര്‍ഥനയും 8.30നു വിശുദ്ധ കുര്‍ബാനയും വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാര്‍ഥനയും ഉണ്ടായിരിക്കും. ഒന്നു മുതല്‍ അഞ്ചു വരെ ഉച്ചയ്‌ക്ക് 12നു മധ്യാഹ്‌ന പ്രാര്‍ഥനയും രാവിലെ 11നും ഉച്ചകഴിഞ്ഞ് 2.30നും പ്രസംഗവും ഒന്നു മുതല്‍ മൂന്നുവരെ വൈകിട്ട് 6.30നു ധ്യാനവും ഉണ്ടായിരിക്കും.
ഒന്നിനു മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മോര്‍ തീമോത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 4.30നു ഡോ. തോമസ് മോര്‍ തിമോത്തിയോസിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയ്‌ക്കുശേഷം കൊടിമരമുയര്‍ത്തും. തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് രണ്ടിനും മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മൂന്നിനും മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. നാലിനു മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ ഐറേനിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. അന്നു വൈകിട്ട് ആറിനു മെറിറ്റ് ഡേയും 80 വയസ് തികഞ്ഞ മാതാപിതാക്കളെ ആദരിക്കലും. സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തും.
അഞ്ചിനു മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക് അങ്കമാലി ഭദ്രാസനം പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര്‍ അപ്രേം പ്രധാന കാര്‍മ്മികത്വം വഹിക്കും. വൈകിട്ട് ആറിനു പൊതുസമ്മേളനം. മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്‌ഘാടനം ചെയ്യും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.
ആറിനു പൗരസ്‌ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്തയും പ്രസിഡന്റുമായ മര്‍ക്കോസ് മോര്‍ ക്രിസോസ്‌റ്റമോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. ഉച്ചകഴിഞ്ഞു രണ്ടിനു കുരിശുപള്ളികളിലേക്കുള്ള ഭക്‌തിനിര്‍ഭരമായ റാസ.
ഏഴിനു രാവിലെ യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ മോര്‍ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന. എം.എസ്.ഒ.ടി. സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേഖലാധിപനുമായ ഡോ. കുറിയാക്കോസ് മോര്‍ തെയോഫിലോസ് സഹകാര്‍മ്മികത്വം വഹിക്കും. 11.30ന് ഉച്ചനമസ്‌കാരത്തെത്തുടര്‍ന്നു ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടതുറക്കല്‍ ശുശ്രൂഷ. തുടര്‍ന്നു കറിനേര്‍ച്ചയ്‌ക്കുള്ള പന്തിരുനാഴി ഘോഷയാത്ര. വൈകിട്ട് 8.30നു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം. പ്രധാന പെരുന്നാള്‍ ദിനമായ എട്ടിനു മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്കു മൈലാപ്പൂര്‍ ഭദ്രാസനാധിപന്‍ ഐസക് മോര്‍ ഒസ്‌താത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞു രണ്ടിനു കരോട്ടെ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം, ആശീര്‍വാദം. വൈകുന്നേരം മൂന്നിനു നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും.







Comments