
മുംബൈ: കടയുടമയെ സംരക്ഷിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥന്റെ വായില്‍ കാലാവധി കഴിഞ്ഞ ബിസ്‌കറ്റ് തിരുകി ജനക്കൂട്ടം. മഹാരാഷ്‌ട്രയിലെ ഛത്രപതി സംഭാജിനഗര്‍ ജില്ലയിലാണ് സംഭവം. ഇവിടെയുള്ള ഒരു കടയില്‍ നിന്നുമുള്ള ഭക്ഷണം കഴിച്ച് രണ്ടു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. കുട്ടിയുടെ ബന്ധുക്കള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ പരാതി നല്‍കി.
എന്നാല്‍, കടയില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്‌ഥന്‍ കൈക്കൂലി വാങ്ങി പരാതി ഒത്തുതീര്‍പ്പാക്കി എന്നാണ് ജനം ആരോപിക്കുന്നത്. പരിശോധനയില്‍ കടയില്‍നിന്നും കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നിട്ടും കടയുടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉദ്യോഗസ്‌ഥനെതിരേ തിരിയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്‌ഥനെ തടഞ്ഞുവയ്‌ക്കുകയും ബിസ്‌ക്കറ്റുകള്‍ വായിലേക്ക് തിരുകാന്‍ ശ്രമിക്കുകയും ചെയ്‌തു. അടുത്തിടെയായി മഹാരാഷ്‌ട്ര ഭക്ഷ്യ സുരക്ഷാ വിഭാഗം ഒട്ടേറെ റെയ്‌ഡുകള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഈ അവസരത്തിലാണ് ഉദ്യോഗസ്‌ഥനു നേരെ കൈക്കൂലി ആരോപണം ഉയര്‍ന്നത്.
നേരത്തേ, മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ ഉപേക്ഷിച്ച കാലാവധി കഴിഞ്ഞ ചോക്ലേറ്റുകളും ടോഫികളും ശേഖരിക്കാന്‍ ആളുകള്‍ അടികൂടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ഒരു വളം ഫാക്‌ടറിക്ക് സമീപമാണ് വില്‍പ്പനയ്‌ക്ക് യോഗ്യമല്ലാത്ത ചോക്ലേറ്റുകളും ടോഫികളും തള്ളിയത്.
വിവരമറിഞ്ഞു വന്‍ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് ഒഴുകിയെത്തിയത്. ആളുകള്‍ ചാക്കുകളിലും കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലും ചോക്ലേറ്റുകള്‍ വാരി നിറയ്‌ക്കുന്നതു വീഡിയോയില്‍ കാണാം.





Comments